കോഴിക്കോട് വൻ ലഹരി വേട്ട; യുവതിയടക്കം 8 പേർ പിടിയിൽ, ഹാഷിഷും എംഡിഎംഎയും പിടിച്ചെടുത്തു


കോഴിക്കോട്: കോഴിക്കോട് മാവൂര്‍ റോഡിലെ ലോഡ്‍ജില്‍ നിന്ന് ലഹരി വസ്തുക്കളുമായി എട്ടുപേര്‍ പിടിയില്‍. രഹസ്യവിവരം ലഭിച്ചതനുസരിച്ച് പൊലീസ് നടത്തിയ റെയ്ഡിലാണ് മാരകമായ സിന്തറ്റിക് ലഹരിവസ്തുക്കള്‍ പിടികൂടിയത്. മൂന്നുദിവസമായി ഇവിടെ മുറിയെടുത്ത് താമസിക്കുകയായിരുന്നു യുവതി ഉള്‍പ്പെട്ട എട്ടംഗസംഘം.

പിടിയിലായ എല്ലാവരും കോഴിക്കോട് സ്വദേശികളാണ്. 24 കാരനായ അര്‍ഷദിന്‍റെ നേതൃത്വത്തിലാണ് മുറികള്‍ ബുക്ക് ചെയ്തത്. നാലു മുറികളിലായി എട്ടുപേര്‍ താമസിച്ചു. ഇവരുടെ മുറികളില്‍ നടത്തിയ റെയ്ഡില്‍ എംഡിഎംഎയും ഹാഷിഷും പിടികൂടി. എന്നാല്‍ കേസില്‍ കുടുക്കിയതാണെന്നാണ് അറസ്റ്റിലായവരുടെ പ്രതികരണം.

പിറന്നാള്‍ ആഘോഷത്തിനെന്ന് പറഞ്ഞാണ് സംഘം താമസിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി സംഘം ഹോട്ടലിലുണ്ടായിരുന്നു. പിടികൂടിയ ലഹരിവസ്തുക്കള്‍ക്ക് വിപണിയില്‍ രണ്ടരലക്ഷം രൂപയിലധികം വിലവരും.