കോഴിക്കോട് വൻ കഞ്ചാവ് വേട്ട; പത്തരക്കിലോ കഞ്ചാവുമായി രണ്ടുയുവാക്കൾ പിടിയിൽ


കോഴിക്കോട്: നഗരത്തിൽ 10.700 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. തലശ്ശേരി പട്ടന്നൂർ അശ്വന്ത് (21), മുഹമ്മദ് നബീൽ (20) എന്നിവരാണ് പിടിയിലായത്. ജില്ലയിലെ ഇടനിലക്കാർക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്നതായിരുന്നു ഇവർ.

ടൗൺ പോലീസും ജില്ലാ ആന്റി നർക്കോട്ടിക് സ്പെഷ്യൽ ആക്‌ഷൻ ഫോഴ്സും ചേർന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് സി.എച്ച് ഫ്ലൈ ഓവറിനടുത്തെ ലോഡ്ജിൽ വെച്ചാണ് ഇവരെ പിടികൂടിയത്. മുമ്പ് കഞ്ചാവുകേസുകളിൽ ഉൾപ്പെട്ടവരെയും നഗരത്തിലെ ലോഡ്ജുകളും പോലീസ് രഹസ്യമായി നിരീക്ഷിച്ചു വരുകയായിരുന്നു.

പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ടൗൺ പോലീസും ഡൻസാഫും നടത്തിയ ആസൂത്രിത നീക്കത്തിലാണ് പ്രതികളെ കഞ്ചാവുസഹിതം പിടികൂടിയത്. ജില്ലയിലെ കോളേജിൽനിന്നു ബി.ടെക്കും സിവിൽ എൻജിനിയറിങ്ങും കഴിഞ്ഞ് പോയവരാണ് പിടിയിലായവർ.

പഠനകാലത്തുള്ള ബന്ധം ഉപയോഗിച്ചാണ് ഇവർ ചില്ലറ കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ചുനൽകുന്നത്. ചില്ലറമാർക്കറ്റിൽ ലക്ഷങ്ങൾ വിലമതിക്കന്ന കഞ്ചാവാണ് ഇവരിൽനിന്നു പിടികൂടിയത്.

ഡൻസാഫ് സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ എം.മുഹമ്മദ് ഷാഫി, എം.സജി, എസ്.സി.പി.ഒ മാരായ കെ.അഖിലേഷ്, കെ.എ.ജോമോൻ, സി.പി.ഒ എം.ജിനേഷ്, ടൗൺ പോലീസ് സബ് ഇൻസ്പെക്ടർ ബിജു ആന്റണി, എസ്.ഐ മാരായ വാസുദേവൻ, എ.എസ്.ഐ ഷബീർ, എസ്.സി.പി.ഒ മാരായ രമേശൻ, അനിൽകുമാർ, ബിനിൽ, ജിതേന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.