കോഴിക്കോട് വീണ്ടും സിക വൈറസ് ബാധ; രോഗം സ്ഥിരീകരിച്ചത് ചേവായൂർ സ്വദേശിനിക്ക്


കോഴിക്കോട്: ജില്ലയില്‍ വീണ്ടും സിക വൈറസ് സ്ഥിരീകരിച്ചു. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോടെത്തിയ സ്ത്രീയ്ക്കാണ് സിക വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവര്‍ ഇപ്പോള്‍ രോഗമുക്തയായി ആശുപത്രി വിട്ടു.

നവംബര്‍ 17 നാണ് ഇവര്‍ ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട് എത്തിയത്. വയറുവേദന ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

അവിടെ നടത്തിയ പരിശോധനയിലാണ് വൈറസ് സാന്നിധ്യം ആദ്യം സംശയിച്ചത്. പിന്നീട് സാമ്പിള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. പൂനെയില്‍ നടത്തിയ പരിശോധനയിലാണ് ഇപ്പോള്‍ സിക വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഒരു മണിക്കൂര്‍ സമയം മാത്രമാണ് ഇവര്‍ ആശുപത്രിയില്‍ തങ്ങിയത്. ആശുപത്രിയില്‍ ഇവര്‍ ഉണ്ടായിരുന്ന ഇടം അണുവിമുക്തമാക്കിയിട്ടുണ്ട്.

ആശുപത്രി വിട്ട ഇവര്‍ ഇപ്പോള്‍ വീട്ടില്‍ വിശ്രമിക്കുകയാണ്. കുടുംബാങ്ങള്‍ക്കോ ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ക്കോ വൈറസ് ബാധ ഇല്ല.

എന്താണ് സിക വൈറസ്?

1947 ല്‍ ഉഗാണ്ടയില്‍ സിക കാടുകളില്‍ നിന്നാണ് വൈറസ് ആദ്യമായി കണ്ടെത്തിയത്. കുരങ്ങുകളില്‍ കൊതുക് പരത്തുന്ന രോഗമായിരുന്നു ഇത്. 1950കള്‍ മുതല്‍ ആഫ്രിക്കയിലെയും ഏഷ്യയിലെയും ഒരു ചെറിയ മധ്യരേഖാപ്രദേശത്തുമാത്രം ഈ പനി മനുഷ്യരില്‍ പ്രത്യക്ഷപ്പെട്ടു. 2014ന് ശേഷം മെക്‌സികോ, മധ്യ അമേരിക്ക, കരീബിയന്‍, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തു. 2016ല്‍ ലോകമെമ്പാടും സിക പടര്‍ന്നുപിടിച്ചു. കൊതുക് കടിക്കുന്നതിന് പുറമെ, രക്തദാനത്തിലൂടെയും ലൈംഗികബന്ധത്തിലൂടെയും രോഗം പകരാം. ഇന്ത്യയില്‍ ഗുജറാത്തിലാണ് ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്തത്.

ലക്ഷണങ്ങള്‍

പനി, ചുവന്ന പാടുകള്‍, പേശിവേദന, സന്ധിവേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രണ്ടു മുതല്‍ ഏഴ് ദിവസംവരെ ലക്ഷണങ്ങള്‍ നീളും. മൂന്നുമുതല്‍ 14 ദിവസമാണ് സിക വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. അണുബാധയുള്ള മിക്കവരിലും രോഗലക്ഷണങ്ങള്‍ കാണാറില്ല. മരണം അപൂര്‍വമാണ്.

മറ്റ് വൈറസ് രോഗങ്ങള്‍ക്കെന്നപോലെ സിക വൈറസിനും പ്രതിരോധിക്കാനോ ചികിത്സിക്കാനോ മരുന്ന് ലഭ്യമല്ല. ഡെങ്കിപ്പനി ബാധിതര്‍ക്ക് നിഷ്‌കര്‍ഷിക്കുന്ന ചികിത്സാരീതി തന്നെയാണ് ഇതിനും. ലക്ഷണങ്ങളുള്ളവര്‍ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗലക്ഷണങ്ങള്‍ കൂടുന്നെങ്കില്‍ ചികിത്സ തേടണം.

പ്രതിരോധം

കൊതുകുകടിയില്‍നിന്ന് രക്ഷനേടുകയാണ് സികയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. ഈഡിസ് കൊതുകുകള്‍ പകലാണ് കടിക്കുന്നത്. ഗര്‍ഭിണികള്‍, ഗര്‍ഭധാരണത്തിനായി തയാറെടുക്കുന്നവര്‍, കൊച്ചുകുട്ടികള്‍ എന്നിവര്‍ കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കണം. കൊച്ചുകുട്ടികളും ഗര്‍ഭിണികളും പകല്‍ കൊതുക് വലക്ക് കീഴില്‍ ഉറങ്ങണം. കൊതുകിന്റെ ഉറവിടനശീകരണം പ്രധാനമാണ്. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കണം. ഇന്‍ഡോര്‍ പ്ലാന്റുകള്‍, ഫ്രിഡ്ജിന്റെ ട്രേ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം.