കോഴിക്കോട് വീണ്ടും നിപ വൈറസ്; 12 വയസുകാരൻ ചികിത്സയിൽ


കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതായി വിവരം. ചൂലൂർ സ്വദേശിയായ 12 വയസുകാരൻ വൈറസ് ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സർക്കാർ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും വൈറസ് സ്ഥിരീകരിച്ചു എന്ന് വിവരം ലഭിച്ചതായി ‘മനോരമ ന്യൂസ്’ റിപ്പോർട്ട് ചെയ്തു.

രോഗബാധിതനായ കുട്ടി ഇപ്പോൾ ചികിത്സയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മെഡിക്കൽ കോളേജ് ആശുപത്രി ഉൾപ്പെടെ രണ്ടിടത്ത് ചികിത്സ തേടിയിരുന്നു. ഇവിടങ്ങളിൽ കുട്ടിയുമായി സമ്പർക്കത്തിലായവരെ കണ്ടെത്താൻ ശ്രമം തുടങ്ങി. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആരോഗ്യ വകുപ്പ് ഉടൻ പുറത്തു വിടുമെന്നാണ് വിവരം.

കേരളത്തിലെ നിപ ബാധ

മുൻപ് 2018 മേയ് മാസത്തിലാണ് കേരളത്തിൽ നിപാ വൈറസ് ബാധ ഉണ്ടായത്. 17 പേർ വൈറസ് ബാധിച്ച് മരിച്ചു. മേയ് മാസത്തിൽ കേരളത്തിൽ ആദ്യമായി നിപ്പ വൈറസിന്റെ സംക്രമണം ഉണ്ടായതായി പൂനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചു. പേരാമ്പ്ര ചങ്ങരോത്ത് എന്ന ഗ്രാമത്തിലായിരുന്നു പകർച്ചവ്യാധിയുടെ ഉറവിടം. പഴം തീനി വവ്വാലുകളിൽ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടർന്നതെന്ന് സർക്കാർ സ്ഥിരീകരിച്ചു. രോഗം ബാധിച്ചു മരിച്ച 17 പേർക്കും രോഗം പടർന്നത് ആദ്യ നിപാ വൈറസ്‌ ഇരയായ പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ മുഹമ്മദ്‌ സാബിത്തിൽ നിന്നാണെന്നു കേരളസർക്കാരിന്റെ അവസാന പഠനം പറയുന്നു. വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ട പേരാമ്പ്ര സ്വദേശികളുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവർക്കാണ് രോഗബാധയുണ്ടായത്.

പിന്നീട് 2019 ജൂണിൽ കൊച്ചിയിൽ നിപ വൈറസ് ബാധിച്ച് 23 കാരനായ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗിയുമായി അടുത്തിടെ ആശയവിനിമയം നടത്തിയ 86 പേർ നിരീക്ഷണത്തിലായിരുന്നു. രോഗിയെ ചികിത്സിച്ച രണ്ട് നഴ്‌സുമാരും ഇതിൽ ഉൾപ്പെടുന്നു. പക്ഷേ, രോഗം പടർന്ന് പിടിച്ചില്ല. ഇത് വലിയ ആശ്വാസമായി.