കോഴിക്കോട് വീട്ടുപടിക്കലേക്ക് ‘നഗരശ്രീ’കളെത്തും; നവംബര്‍ ഒന്ന് മുതല്‍ നഗരത്തില്‍ കുടുംബശ്രീയുടെ ഹോം ഡെലിവറി പദ്ധതി
കോഴിക്കോട് : കുടുംബശ്രീയുടെ ഹോംഷോപ്പില്നിന്നുള്ള സാധനങ്ങളുമായി വീട്ടുപടിക്കലേക്ക് ‘നഗരശ്രീ’കളെത്തും. കോര്പറേഷന് പരിധിയിലാണ് പുതിയ ഹോം ഡെലിവറി പദ്ധതി. നഗരപരിധിയിലുള്ള അഞ്ഞൂറിലധികം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കും.
പദ്ധതി കേരളപ്പിറവി ദിനത്തില്‍ ആരംഭിക്കും. കുടുംബശ്രീ അംഗങ്ങള്‍ നിര്‍മിക്കുന്ന വിഷരഹിതവും ഗുണമേന്മയുമുള്ള പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് തദ്ദേശീയ വിപണി കണ്ടെത്താനാണ് ഹോം ഷോപ്പുകള്‍ തുടങ്ങിയത്. രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതിയുടെ ഭാഗമായി 1500ല്‍ അധികം സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതോടനുബന്ധിച്ചാണ് ഹോം ഡെലിവറിക്കായി ‘നഗരശ്രീ’ പദ്ധതി
ആരംഭിച്ചിരിക്കുന്നത്. ഓരോ സിഡിഎസിന് കീഴിലും ഇതിനകം ഓരോ സിഎല്സിമാര്ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു.
പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി വാര്‍ഡുതല ഫെസിലിറ്റേറ്റര്‍മാരെയും ഹോംഷോപ്പ് ഓണര്‍മാരെയും നിയമിക്കും. അഭിമുഖത്തിലൂടെയാണ് ഇവരെ തെരഞ്ഞെടുക്കുക. ഇവര്‍ക്ക് ഒരാഴ്ച പരിശീലനവും നല്‍കും. എസ്എസ്എല്‍സി പാസായ, ഇരുചക്ര വാഹനം ഓടിക്കാനറിയുന്ന കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോമുകള്‍ സിഡിഎസ്, എഡിഎസ് ഓഫീസുകളില്‍ ലഭിക്കും.