കോഴിക്കോട് മനോവൈകല്യമുള്ള പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരക്കിയ സംഭവം: രണ്ടാം പ്രതി തമിഴ്നാട്ടില്‍; പോലീസെത്തുംമുമ്പ് മഠാധിപതിയിൽനിന്ന് 500 രൂപയും വാങ്ങി മുങ്ങി
കോഴിക്കോട്: മനോവൈകല്യമുള്ള യുവതിയെ നിർത്തിയിട്ട സ്വകാര്യബസിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒളിവിൽപ്പോയ രണ്ടാം പ്രതി തമിഴ്‌നാട്ടിൽ. പന്തീർപാടം പാണരുകണ്ടത്തിൽ ഇന്ത്യേഷ്‌കുമാർ(38)ആണ് തിരുവണ്ണാമലൈയിലുള്ള നാഗസന്ന്യാസിമാരുടെ ആശ്രമത്തിൽ എത്തിയത്.
വിവരമറിഞ്ഞ് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മിഷണർ കെ. സുദർശന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം ആശ്രമത്തിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഇന്ത്യേഷ് മുങ്ങി.
ആശ്രമത്തിൽ മഠാധിപതിയെക്കണ്ട് സന്ന്യാസദീക്ഷ സ്വീകരിക്കാനുള്ള ആവശ്യവുമായി എത്തിയതായിരുന്നു. തിരുവണ്ണാമലൈയിലെ ക്രൈം സ്‌ക്വാഡ് ഇൻസ്പെക്ടർ സത്യനാഥിന്റെ സഹായത്തോടെ ആശ്രമത്തിൽ റെയ്ഡ് നടത്തിയപ്പോഴാണ് ഇന്ത്യേഷ് കുമാർ മഠാധിപതിയിൽനിന്ന് 500 രൂപയും വാങ്ങി സ്ഥലം വിട്ടുവെന്ന വിവരം കോഴിക്കോട്ട് നിന്നെത്തിയ അന്വേഷണസംഘം അറിയുന്നത്.
പന്തീർപാടത്തുള്ള ബന്ധുവിനെ ഫോൺ ചെയ്തു നാട്ടിലെ വിവരങ്ങൾ അന്വേഷിക്കുകയും ബസിലെ കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളിലുണ്ടോയെന്ന് ചോദിക്കുകയും ചെയ്തതോടെയാണ് ഇന്ത്യേഷ്‌കുമാറിന്റെ ഒളിയിടം വ്യക്തമായത്.
മഠാധിപതിയുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് തന്നെയാണ് ബന്ധുവിനെ വിളിച്ചതും. കോഴിക്കോട് സിറ്റി സൈബർ സെല്ലിന്റെയും തമിഴ്‌നാട് സൈബർ സെല്ലിന്റെയും സഹായത്തോടെയാണ് ഇയാൾ ആശ്രമത്തിലാണുള്ളതെന്ന് അന്വേഷണസംഘം കണ്ടെത്തിയത്.
അസിസ്റ്റന്റ് കമ്മിഷണർ സുദർശനെ കൂടാതെ സീനിയർ സിവിൽ പോലീസ് ഓഫീസർ എം. ഷാലു, സിവിൽ പോലീസ് ഓഫീസർമാരായ സി. ശ്രീജിത്ത്, എ.വി. ഉമേഷ്, എൻ. വിജയൻ എന്നിവരും തിരുവണ്ണാമലൈ പോലീസിന്റെ ക്രൈം സ്‌ക്വാഡ് അംഗങ്ങളും ചേർന്നായിരുന്നു പരിശോധന.
മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം മുണ്ടിക്കൽത്താഴം വയൽ സ്റ്റോപ്പിന് സമീപം കോട്ടാംപറമ്പ് ഷെഡ്ഡിൽ നിർത്തിയിട്ട ബസിൽ ജൂലായ് നാലിന് വൈകീട്ട് ഏഴോടെയാണ് യുവതി പീഡനത്തിനിരയായത്.
അതിന്റെ പിറ്റേദിവസമാണ് ഒളിവിൽ പോയത്. അഞ്ചിന് പുലർച്ചെ മുതൽ വൈകീട്ട് ആറ് വരെ അന്നേദിവസം പന്തീരാങ്കാവിലെ ഒരാശ്രമത്തിലാണ് ഉണ്ടായിരുന്നത്. സംഭവദിവസം തന്നെ ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.