കോഴിക്കോട് ബൈപ്പാസില്‍ വീണ്ടും അപകടം; സ്‌കൂട്ടറിലും കാറിലും ഇടിച്ച ലോറി 20 അടി താഴ്ചയിലേക്ക് മറിഞ്ഞു


കോഴിക്കോട്: ദേശീയപാതയുടെ കോഴിക്കോട് ബൈപ്പാസില്‍ വീണ്ടും അപകടം. മൊകവൂരിനടുത്ത് കാവുമ്പുറം ഭാഗത്ത് സ്‌കൂട്ടറിലും കാറിലും ഇടിച്ച ലോറി 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ലോറി ഡ്രൈവര്‍ക്കും ബൈക്ക് യാത്രികനും കാറിലെ മൂന്ന് പേര്‍ക്കും അപകടത്തില്‍ പരുക്കേറ്റു.

തിങ്കളാഴ്ച രാത്രി 12:50 ഓടെയായിരുന്നു അപകടം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വെള്ളിമാടുകുന്ന്, ബീച്ച് ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

തലയ്ക്ക് പരുക്കേറ്റ ബൈക്ക് യാത്രികന്‍ ചീക്കിലോട് സ്വദേശി നൊച്ചിക്കാട്ടില്‍ സാജിദിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ യാത്രികനായ മാധവന്‍ നമ്പൂതിരിക്കും സാരമായ പരുക്കുണ്ട്. ലോറി ഡ്രൈവര്‍ ദക്ഷിണ കന്നഡ സ്വദേശി മുഹമ്മദ് സാദിഖിന്റെ (43) ഇടതുകാല്‍ തകര്‍ന്നു. ഏറെ പണിപ്പെട്ടാണ് ഇയാളെ പുറത്തെടുത്തത്.

ലോറി കാറിലിടിക്കുകയും ഇടിയുടെ ആഘാതത്തില്‍ കാര്‍ തൊട്ടടുത്തു കൂടെ കടന്നുപോകുകയായിരുന്ന ബൈക്കില്‍ തട്ടുകയുമാണ് ചെയ്തത്. കാറിലിടിച്ച ലോറിയുടെ മുന്‍ഭാഗം കുത്തനെ ചതുപ്പിലേക്ക് വീഴുകയായിരുന്നു. ലോറിയുടെ മുന്‍ഭാഗം ചെളിയില്‍ പൂണ്ടുകിടന്നതും ലോറിയില്‍ മരത്തടികള്‍ കൂടുതല്‍ ഉള്ളതിനാലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി.

സ്റ്റേഷന്‍ ഓഫീസര്‍ ബാബുരാജിന്റെ നേതൃത്വത്തില്‍ വെള്ളിമാടുകുന്ന് നിലയത്തിലെ ജീവനക്കാരായ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അനില്‍കുമാര്‍, റെന്തിദേവന്‍, സരീഷ്, സിനീഷ്, ജിതിന്‍, അഭിഷേക്, ഷാജി പുല്‍പറമ്പില്‍, ബീച്ച് നിലയത്തിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബിജു പ്രസാദിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. റോഡിലെ വരമ്പ് ഒഴിവാക്കിയതിനെ തുടര്‍ന്ന് പ്രദേശവാസികളടക്കം അപകടത്തില്‍ പെടുന്നത് ഇവിടെ പതിവാണ്.