കോഴിക്കോട് ബീച്ച്, മെഡിക്കൽകോളേജ് ആശുപത്രികളിൽ പൈപ്പ് ലൈൻ വഴിയുള്ള കേന്ദ്രീകൃത ഓക്സിജൻ വിതരണ സംവിധാനമൊരുക്കി


കോഴിക്കോട്: ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലും പൈപ്പ് ലൈൻ വഴിയുള്ള കേന്ദ്രീകൃത ഓക്സിജൻ വിതരണ സംവിധാന മൊരുക്കി. ഓരോ കിടക്കയ്ക്കും പ്രത്യേകം സിലിൻഡർ നൽകുന്നതിനുപകരം കൂടുതൽ കിടക്കകളിലെ രോഗികൾക്ക് ഒരേസമയം ഓക്സിജൻ നൽകാനാവുമെന്നതാണ് ഈ സംവിധാനത്തിന്റെ മേന്മ. പ്ലാന്റുകളിൽ നിന്നെത്തിക്കുന്ന ഓക്സിജൻ പ്രത്യേക ടാങ്കിൽ ശേഖരിച്ചാണ് പൈപ്പ് ലൈൻവഴി ഓരോ കിടക്കയ്ക്കും സമീപത്തു തയ്യാറാക്കിയ ഓക്സിജൻ ഔട്ട്‌ലെറ്റുകളിലെത്തിക്കുന്നത്. സിലിൻഡറുകളിലെ ഓക്സിജനും പൈപ്പ് ലൈൻവഴി വിതരണം ചെയ്യാം.

ബീച്ച് ആശുപത്രിയിൽ മെഡിക്കൽ, സർജിക്കൽ ഐ.സി.യു കളിൽ 22 വീതം കിടക്കകൾ ഇത്തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. നിലവിൽ ഈ ഐ.സി.യു കളിലെ മുഴുവൻ കിടക്കകളും കോവിഡ് രോഗികൾക്കായി ഉപയോഗിക്കുകയാണ്. ഇവ കൂടാതെ ഒമ്പതു കിടക്കകളുള്ള കാർഡിയാക് ഐ.സി.യു, 18 കിടക്കകളുള്ള കാർഡിയാക് വാർഡ്, രണ്ട് തിയേറ്ററുകൾ എന്നിവയും കേന്ദ്രീകൃത ഓക്സിജൻ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. കോവിഡ് ഒന്നാംഘട്ടത്തിൽത്തന്നെ ഈ സൗകര്യം ആശുപത്രിയിൽ ഒരുക്കിയിരുന്നു. 120 കിടക്കകളിൽകൂടി പൈപ്പ് ലൈൻ വഴിയുള്ള ഓക്സിജൻ സംവിധാനം സജ്ജീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ഗവ. മെഡിക്കൽകോളേജ് ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിലായി 554 കിടക്കകൾക്കാണ് ഓക്സിജൻ പോയന്റുകളുള്ളത്. 200 എണ്ണം പുതുതായി തയ്യാറാക്കാനുള്ള പ്രവർത്തനങ്ങളും നടക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ 400 കിടക്കകളിലാണ് ഈ സൗകര്യമുള്ളത്. കോവിഡ് രോഗികൾക്കായി മാറ്റിയ മെഡിക്കൽ കോളേജിലെ പി.എം.എസ്.എസ്.വൈ. ബ്ലോക്കിൽ 200 കിടക്കകളിലെ ഓക്സിജൻ പോയന്റുകൾ പ്രവർത്തനക്ഷമമാണ്.