കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഹൃദയരോഗ വിഭാഗം ആരംഭിച്ചു
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഹൃദയ രോഗ വിഭാഗം ആരംഭിച്ചു. കോഴിക്കോട് നഗരത്തില്‍ ഹൃദ്രോഗ വിഭാഗത്തില്‍ സാധാരണക്കാര്‍ക്ക് ആശ്രയമായി ഉണ്ടായിരുന്നത് മെഡിക്കല്‍ കോളേജ് മാത്രമായിരുന്നു. എന്നാല്‍ ഇന്ന് ഗവണ്‍മെന്റ് ബീച്ച് (ജനറല്‍) ഹോസ്പിറ്റലിലും ഹൃദ്രോഗ വിഭാഗം ആരംഭിച്ചിരിക്കുകയാണ്. പരിചയസമ്പന്നരായ മുതിര്‍ന്ന ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം ഗവണ്‍മെന്റ് ബീച്ച് ഹോസ്പിറ്റലിലെ ഹൃദ്രോഗ വിഭാഗത്തില്‍ ലഭ്യമാണ്.
സ്വകാര്യ ആശുപത്രികളില്‍ വലിയ നിരക്കില്‍ നടത്തിക്കൊണ്ടിരിക്കുന്ന ആന്‍ജിയോപ്ലാസ്റ്റി ആന്‍ജിയോഗ്രാം തുടങ്ങിയവയെല്ലാം ഗവണ്‍മെന്റ് ഇന്‍ഷുറന്‍സ് കാര്‍ഡുള്ളവര്‍ക്ക് പൂര്‍ണമായും സൗജന്യ നിരക്കിലും ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത സാധാരണക്കാര്‍ക്ക് വളരെ കുറഞ്ഞ നിരക്കിലും ആശുപത്രിയില്‍ നടത്തുന്നുണ്ട്. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൃത്യമായ രോഗനിര്‍ണയവും ചികിത്സയും നല്‍കാന്‍ കഴിയുന്ന കാത്ത് ലാബ് സൗകര്യമാണ് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഒരുക്കിയത്.