കോഴിക്കോട് ബീച്ച് ആശുപത്രി കോവിഡ് രോഗികള്‍ക്കായി മാറ്റി


കോഴിക്കോട്: പ്രത്യേക സൗകര്യങ്ങളോടെ ബീച്ച് ആശുപത്രി കോവിഡ് രോഗബാധിതര്‍ക്കായി മാറ്റി. ഐ.സി.യു. സംവിധാനവും ഏര്‍പ്പെടുത്തി. കോവിഡ് ബാധിതരെ ചികിത്സിക്കുന്നതിനായി ബീച്ച് ആശുപത്രിയിലെയും കോഴിക്കോട് മെയ്ത്ര ആശുപത്രിയിലെയും വിദഗ്ധരുടെ സഹായത്തോടെ ഓണ്‍ ലൈന്‍ ടെലികണ്‍സല്‍ട്ടിങ്ങുമുണ്ടാകും.

ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, മറ്റ് പ്രധാന ആശുപത്രികള്‍ എന്നിവിടങ്ങളില്‍ അടിയന്തര ഉപയോഗത്തിന് കിടക്കകളും ഓക്‌സിജന്‍ സിലിന്‍ഡറുകളും സജ്ജമാക്കി. നിലവിലുള്ള കിടക്കകള്‍ 15 ശതമാനം കോവിഡ് രോഗികള്‍ക്കായി മാറ്റിവെക്കേണ്ടതാണ്.

ആശുപത്രി സൂപ്രണ്ടുമാര്‍ ഉറപ്പുവരുത്തേണ്ട കാര്യങ്ങള്‍

*സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ ആരംഭിക്കണം. കിടത്തിച്ചികിത്സ നല്‍കുന്നതിന് നിലവിലുള്ള കിടക്കകളുടെ 25 ശതമാനം (ഐ.സി.യു. ഉള്‍പ്പെടെ) സജ്ജമാക്കണം.

*ഓരോ ആശുപത്രിയും ഇങ്ങനെ തയ്യാറാക്കിയ ഐ.സി.യു. കിടക്കകള്‍ തുടങ്ങിയ വിവരങ്ങള്‍ കോവിഡ്-19 ജാഗ്രതാ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം.

*സി.എഫ്.എല്‍.ടി.സി. ഡാഷ് ബോര്‍ഡില്‍ കാണുന്നുവെന്ന് ഉറപ്പുവരുത്തണം.

*എല്ലാ ആശുപത്രികളിലും ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കണം.

*ഏത് സമയത്തും ലഭ്യമാവുന്ന ഒരു മൊബൈല്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കണം.

*ദിവസവും കോവിഡ് വിവരങ്ങള്‍ (ഐ.സി.യു. ബെഡ് ഒഴിവ്) സംബന്ധിച്ച വിവരം കോവിഡ് ജാഗ്രതാപോര്‍ട്ടലില്‍ രേഖപ്പെടുത്തണം. ഇതിന് നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തണം.

*എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 50,100 കിടക്കകളോടുകൂടിയ ഡി.സി.സി., സി.എഫ്.എല്‍.ടി.സി. എന്നിവ ആരംഭിക്കണം.