കോഴിക്കോട് പൊറ്റമ്മലില്‍ അഭിഭാഷകനെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയയാള്‍ അറസ്റ്റില്‍; ഒളിവില്‍ കഴിഞ്ഞത് 20 വര്‍ഷം


കോഴിക്കോട്: കോഴിക്കോട് പൊറ്റമ്മലില്‍ 20 വര്‍ഷം മുമ്പ് അഭിഭാഷകനെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലം സ്വദേശി ബിജുവാണ് മംഗലാപുരത്തുവച്ച് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

2001 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. പൊറ്റമ്മലില്‍ അഭിഭാഷകനായിരുന്ന ശ്രീധരകുറുപ്പിന്റെ വീട്ടില്‍ മോഷണത്തിനായി കയറിയതായിരുന്നു കൊല്ലം കടയ്ക്കല്‍ സ്വദേശിയായ എസ്.പി ബിജു. മോഷണത്തിനിടെ അലമാര കുത്തിതുറക്കുന്ന ശബ്ദം കേട്ടുണര്‍ന്ന ശ്രീധരകുറുപ്പിനെയും ഭാര്യയെയും പ്രതി മാരക ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ഇരുമ്പുവടികൊണ്ട് തലക്കടിച്ചും കഠാരകൊണ്ട് നെഞ്ചില്‍ കുത്തിയുമാണ് ശ്രീധരകുറുപ്പിനെ പ്രതി കൊലപ്പെടുത്തിയത്. മാരകമായി മുറിവേറ്റ് ഭാര്യ ലക്ഷ്മിദേവി മാസങ്ങളോളം അബാധാവസ്ഥയിലായിരുന്നു. ഇവരുടെ വീട്ടില്‍നിന്നും 18 പവന്‍ സ്വര്‍ണവും അരലക്ഷത്തിലധികം രൂപയും പ്രതി മോഷ്ടിച്ചിരുന്നു.

നാടിനെ നടുക്കിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് ബിജുവിനെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചു. കോഴിക്കോട് കോടതി ബിജുവിന് ജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് വെറുതെവിട്ടു. ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കോടതി പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജ് ഐ പി എസ് പ്രതിയെ പിടികൂടുന്നതിനായി എ.സി.പി കെ.സുദര്‍ശന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ഡി.സി.പി സ്വപ്നില്‍ മഹാജന്‍ ഐ പി എസിന്റെ നിര്‍ദ്ദേശപ്രകാരം അന്വേഷണസംഘം പ്രതിക്കായി തമിഴ്‌നാട്ടിലും കര്‍ണാടകയിലും തിരച്ചില്‍ തുടരുന്നതിനിടെയാണ് ഇയാള്‍ മംഗലാപുരത്തുണ്ടെന്നറിഞ്ഞത്. തുടര്‍ന്ന് സ്ഥലത്ത് ദിവസങ്ങളോളം ക്യാംപ് ചെയ്താണ് ഡെക്ക എന്ന സ്ഥലത്തുനിന്നും അന്വേഷണ സംഘം ബിജുവിനെ പിടികൂടിയത്. പ്രത്യേക അന്വേഷണസംഘത്തില്‍ എ.എസ്.ഐ മാരായ ഇ.മനോജ് കെ.അബ്ദുറഹിമാന്‍, മഹീഷ്.കെ.പി. സീനിയര്‍ സി.പി.ഒമാരായ ഷാലു.എം, സിപിഒ മാരായ സുമേഷ് ആറോളി,പി.പി മഹേഷ്, ശ്രീജിത്ത് പടിയാത്ത് എന്നിവരാണുണ്ടായിരുന്നത്.