കോഴിക്കോട് പുഴയില്‍ കുളിക്കാനിറങ്ങിയ പന്ത്രണ്ടുകാരന്‍ മുങ്ങി മരിച്ചു


കോഴിക്കോട്: പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പന്തീരങ്കാവ് പാലാഴി അത്താണിയ്ക്കല്‍ ഉമ്മളത്തൂര്‍ താഴം മാക്കോലത്ത് ഫൈസലിന്റെയും റസീനയുടെയും മകന്‍ സി.കെ.മുഹമ്മദ് ആദില്‍ ആണ് മരിച്ചത്. പന്ത്രണ്ട് വയസായിരുന്നു.

പയ്യടിമീത്തല്‍ മാമ്പുഴ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം ചിറയ്ക്കല്‍ കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു ആദില്‍. പുഴയിലിറങ്ങിയ ആദില്‍ അടിയൊഴുക്കില്‍ പെട്ടാണ് അപകടമുണ്ടായത്.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് എത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് ആദിലിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പാലാഴി ഇരിങ്ങല്ലൂര്‍ ഗവ. ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ആദില്‍.