കോഴിക്കോട് നഗരത്തിൽ അർധരാത്രിയിൽ പോലീസിനെ വട്ടംകറക്കി യുവാക്കൾ


കോഴിക്കോട്: കൈകാണിച്ചിട്ടും നിർത്താതെ നഗരത്തിലൂടെ ചീറിപ്പാഞ്ഞ യുവാക്കളുടെ കാർ പിന്തുടർന്ന് പോലീസ് പിടികൂടി. പുളിക്കൽ സ്വദേശികളായ മൂന്നു യുവാക്കൾ സഞ്ചരിച്ച കാറാണ് ഒടുവിൽ ഏഴ് പോലീസ് വാഹനങ്ങൾ റോഡിന് കുറുകെയിട്ട് തടഞ്ഞത്.

ശനിയാഴ്ച പുലർച്ചെയാണ് സംഭവം. മിംസ് ആശുപത്രിക്ക് സമീപം പോലീസ് കൈകാണിച്ചിട്ടും കാർ നിർത്താതെപോയി. തുടർന്ന് അരയിടത്തുപാലത്തിന് സമീപത്തുനിന്ന്‌ പോലീസിനെ വെട്ടിച്ച് യുവാക്കൾ കടന്നു. തുടർന്നാണ് ചെമ്മങ്ങാട്, ടൗൺ, കൺട്രോൾ റൂം, കസബ പോലീസ് സംഘം യുവാക്കളെ പിന്തുടർന്നു. തുടർന്ന് പുഷ്പ ജങ്ഷന് സമീപത്തുനിന്നാണ് കാർ പിടികൂടിയത്.

പരിശോധനയിൽ കാറിൽനിന്ന് ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മെഡിക്കൽ കോളേജിൽ രോഗിയെ കാണാൻ പോവുമ്പോൾ പോലീസിനെ കണ്ടുപേടിച്ചാണ് കാർ നിർത്താതെപോയതെന്നാണ് യുവാക്കൾ പറഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി. കാർ ടൗൺ സ്റ്റേഷനിലേക്ക് മാറ്റി.