കോഴിക്കോട് ഡിസിസിയെ ഇനി അഡ്വ.കെ.പ്രവീൺകുമാർ നയിക്കും
കോഴിക്കോട്: കേരളത്തിലെ പുതിയ ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക പ്രഖ്യാപിച്ചു. ഐ ഗ്രൂപ്പുകാരനായ കെ. പ്രവീണ്‍ കുമാര്‍ കോഴിക്കോട് ഡി.സി.സി പ്രസിഡണ്ടാവും.
ഐ ഗ്രൂപ്പുകാരായ രണ്ട് കെ.പി.സി.സി ഭാരവാഹികൾ അവസാന നിമിഷംവരെ ശ്രമം നടത്തിയിരുന്നു. കെ.സി.അബുവിലൂടെ നേടിയെടുത്ത് പിന്നീട് നിലനിര്‍ത്തിയ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് നഷ്ടമായി. പി.ശങ്കരനും, വീരാന്കുട്ടിയുമടക്കമുള്ള ഉറ്റ അനുയായികളായിരുന്നു കെ. കരുണാകരന്റെ പ്രതാപകാലത്ത് ഡി.സി.സി പ്രസിഡന്റുമാരായിരുന്നത്.
കെ. മുരളീധരന്റെ ഇടപെടലും ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തെ തീരുമാനിക്കുന്നതിലുണ്ടായിരുന്നു. പിന്നീട് കെ.സി.അബു വര്‍ഷങ്ങളോളം ഡി.സി.സിയെ നയിച്ചപ്പോള്‍ ഐ ഗ്രൂപ് തീര്‍ത്തും ഒതുങ്ങി. ടി.സിദ്ദീഖ് ഗ്രൂപ്പുകള്‍ക്ക് അതീതമായി സംഘടനയെ ചലിപ്പിച്ചെങ്കിലും ഐ ഗ്രൂപ്പിന്റെ ചില നേതാക്കളുടെ സഹകരണമുണ്ടയിരുന്നില്ല. സിദ്ദീഖിന് ശേഷമെത്തിയ യു.രാജീവന്റെ നേതൃത്വം ചുരുങ്ങിയ കാലത്തേക്ക് മാത്രമായി.
എം.പിമാരായ കെ. മുരളീധരന്റെയും എം.കെ. രാഘവന്റെയും കെ.പി.സി.സി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും പിന്തുണ കെ.പ്രവീണ്‍ കുമാറിന്റെ പേര് ഒന്നാമതായി പരിഗണിക്കാന്‍ പ്രധാന കാരണമായി.വിദ്യാര്‍ഥി, യുവജനപ്രസ്ഥാനങ്ങളിലൂടെ വളര്‍ന്നു വന്ന ഈ നേതാവിന് യു.ഡി.എഫിലെ ഘടകകക്ഷികളുമായും അടുത്ത ബന്ധമുണ്ട്. എ ഗ്രൂപ്പിനാണെങ്കില്‍ അനുയോജ്യനായ നേതാവിന്റെ പേര് മുന്നോട്ടു വെക്കാനായില്ല. കൊയിലാണ്ടി കീഴരിയൂർ സ്വദേശിയാണ് അഡ്വ.കെ.പ്രവീൺ കുമാർ.