കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
എം.ടെക് സ്പോണ്‍സേഡ് സീറ്റ് പ്രവേശനത്തിന് അപേക്ഷിക്കാം
ഐ.എച്ച്.ആര്.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജുകളില്‍ എം.ടെക് സ്പോണ്‍സേഡ് സീറ്റ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrd.kerala.gov.in/mtechലോ കോളേജുകളുടെ വെബ്സൈറ്റ് വഴിയോ ഓണ്‍ലൈനായി ഒക്ടോബര്‍ ആറിന് വൈകിട്ട് നാല് മണി വരെ സമര്‍പ്പിക്കാമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങള്‍, രജിസ്ട്രേഷന് ഫീസ് 600 രൂപ (എസ്.സി/എസ്.ടിക്ക് 300 രൂപ) എന്നിവ ഓണ്‍ലൈനായി ഒക്ടോബര്‍ എട്ടിന് വൈീട്ട് നാല് മണിക്കകം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് www.ihrd.ac.in ഇമെയില്‍ ihrd.itd@gmail.com.
പി.എസ്.സി. 10-ാം ക്ലാസ്സ് ലെവല്‍ മെയിന്‍ പരീക്ഷാ പരിശീലനം
പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ 10-ാം ക്ലാസ്സ് ലെവല്‍ മെയിന്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്ക് കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ പരിശീലനം നല്കുന്നു. പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ലാസ്റ്റ് ഗ്രേഡ് തലത്തിലേക്കും ക്ലറിക്കല്‍ തലത്തിലേക്കും പ്രത്യേകം പരിശീലനം ഉണ്ടായിരിക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 30ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ് കൂടിക്കാഴ്ച്ച 6ന്
സിവില്‍സ്റ്റേഷനിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ദിവസവേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് ഒക്ടോബര്‍ ആറിന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടത്തും. ആയുര്‍വ്വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നടത്തുന്ന ഒരു വര്‍ഷത്തെ ഫാര്‍മസി ട്രെയിനിംഗ് കോഴ്സ് പാസ്സായവര്‍ക്കും ബിഫാം ആയുര്‍വ്വേദ ബിരുദധാരികള്‍ക്കും പങ്കെടുക്കാം. താല്പര്യമുള്ളവര് വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ രേഖകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2371486.
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട് ജില്ലയിലെ കൃഷി വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് കാറ്റഗറി നം. 441/14 തസ്തികയുടെ റാങ്ക് പട്ടികയുടെ ദീര്ഘിപ്പിച്ച കാലാവധി 2021 ആഗസ്റ്റ് നാലിന് പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ എന്‍സിസി/സൈനിക ക്ഷേമ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് II (എച്ച്ഡിവി, വിമുക്തഭടന്മാര് മാത്രം, കാറ്റഗറി നം. 533/15) തസ്തികയുടെ റാങ്ക് പട്ടികയുടെ ദീര്ഘിപ്പിച്ച കാലാവധി 2021 ആഗസ്റ്റ് നാലിന് പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിലെ ഫൗണ്ടറി സെക്ഷനിലെ ഓയില്‍ ഫയേഡ് ഫര്‍ണസ് റിപ്പയര്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ അഞ്ചിന് ഉച്ചക്ക് രണ്ട് മണി. ഫോണ്‍ : 0495 2383220, 2383210. വെബ്സൈറ്റ് : www.geckkd.ac.in.
ഹിന്ദി ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ കോഴിക്കോട് ജില്ലയില്‍ മരുതോങ്കരയിലെ ഡോ.ബി.ആര്.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് സ്കൂളില്‍ 2021-22 അദ്ധ്യയന വര്‍ഷത്തേക്ക് ഹിന്ദി ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ നിയമനത്തിന് യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുളളവര് അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ എട്ടിന് രാവിലെ 10.30 ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0495 2370379, 2370657.
ഇ ടെണ്ടര്‍ ക്ഷണിച്ചു
വടകര ബ്ലോക്ക് പഞ്ചായത്ത് 2021-22 വര്‍ഷത്തെ പദ്ധതികള്‍, റീ ബില്‍ഡ് കേരള ഇനിഷ്യറ്റീവ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍വഹണം നടത്തുന്ന പ്രവൃത്തികള്‍, സിഎംഎല്‍ആര്‍ആര്‍പി പദ്ധതികള്‍ തുടങ്ങിയവ ഏറ്റെടുത്ത് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് പൊതുമരാമത്ത് രജിസ്ട്രേഷനുളള അംഗീകൃത കരാറുകാരില്‍ നിന്ന് ഇ ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ എട്ട് വൈകീട്ട് അഞ്ച് മണി. ഫോണ്‍: 0496 2500442.
വാഹന ടെണ്ടര്‍
ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന് 2021-22 സാമ്പത്തികവര്‍ഷം വാഹനം എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. പ്രതിമാസം 2,000 കി.മീ. വരെ ഓടുന്നതിന് പരമാവധി 30,000 രൂപ അനുവദിക്കും. വാഹനം ടെണ്ടര്‍ സമര്‍പ്പിക്കുന്ന വ്യക്തിയുടെ പേരിലുള്ളതായിരിക്കണം. വാഹനത്തിന് നിയമം അനുശാസിക്കുന്ന എല്ലാ രേഖകളും ഉണ്ടായിരിക്കണം. അവസാന തീയതി ഒക്ടോബര്‍ 11. ഫോണ്‍- 8078103903, 0495 2378920.
കോവിഡ് ആശുപത്രികളിൽ 1,714 കിടക്കകൾ ഒഴിവ്
ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 2,883 കിടക്കകളിൽ 1,714 എണ്ണം ഒഴിവുണ്ട്. 133 ഐ.സി.യു കിടക്കകളും 42 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 593 കിടക്കകളും ഒഴിവുണ്ട്. 15 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 367 കിടക്കകൾ, 34 ഐ.സി.യു, 23 വെന്റിലേറ്റർ, 324 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.
ഒൻപത് സി.എഫ്.എൽ.ടി.സികളിലായി 968 കിടക്കകളിൽ 813 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിൽ 355 എണ്ണം ഒഴിവുണ്ട്. 72 ഡോമിസിലിയറി കെയർ സെന്ററുകളിൽ ആകെയുള്ള 1,994 കിടക്കകളിൽ 1,568 എണ്ണം ഒഴിവുണ്ട്.
ചെറുകിട തൊഴില്‍ സംരംഭക യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് അപേക്ഷിക്കാം
ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷെര് വിമെന്‍ -സാഫ് നടപ്പിലാക്കുന്ന തീരമൈത്രി പദ്ധതി പ്രകാരം ചെറുകിട തൊഴില്‍ സംരംഭക യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം 20 നും 40 നും മദ്ധ്യേ. മല്‍സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ അംഗത്വം നേടിയ രണ്ട് മുതല്‍ അഞ്ച് വരെ പേരടങ്ങിയ ഗ്രൂപ്പായാണ് അപേക്ഷ നല്‍കേണ്ടത്. പദ്ധതി തുകയുടെ 75% ഗ്രാന്റും 20% ബാങ്ക് വായ്പ്പയും 5 % ഗുണഭോക്തൃവിഹിതവും ആയിരിക്കും. ഒരംഗത്തിന് ഒരു ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും. ഡ്രൈ ഫിഷ്, ഹോട്ടല്‍ ആന്റ് കാറ്ററിംഗ്്, ഫിഷ് ബൂത്ത്, ഫ്ളോര്‍ മില്‍, ടൂറിസം, ഫാഷന്‍ ഡിസൈന്‍, ബോട്ടിക്ക്, ഐടി കിയോസ്ക്, പ്രൊവിഷന്‍ സ്റ്റോര്‍, ട്യൂഷന് സെന്റര്‍, കമ്പ്യൂട്ടര്‍ ഡിടിപി സെന്റര്‍ തുടങ്ങിയ യൂണിറ്റുകള്‍ പദ്ധതി വഴി ആരംഭിക്കാം. അപേക്ഷകള്‍ ഒക്ടോബര്‍ 30 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9745100221, 7034314341, 9526039115
വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ ലാറ്ററല്‍ എന്‍ട്രി സീറ്റ് ഒഴിവ്
വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിങ്ങില്‍ ഈഴവ ഒന്നും മുസ്ലിം ഒന്നും ബയോമെഡിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഒന്നും ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങില്‍ മുസ്ലിം ഒന്നും ഷെഡ്യൂള്‍ഡ് കാസ്റ്റ് ഒന്നും സീറ്റ് ഒഴിവുണ്ട്. കോഴിക്കോട് ജില്ല റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതും വടകര മോഡല്‍ പോളിടെക്നിക് കോളേജിലേക്ക് ഓപ്ഷന് നല്കിയതുമായ വിദ്യാര്‍ത്ഥികള്‍ രക്ഷിതാവിനോടൊപ്പം ബന്ധപ്പെട്ട രേഖകളും ഫീസുമായി സെപ്തംബര്‍ 30ന് 12 മണിക്കകം കോളേജില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org/lte, 04962524920, 9497840006.
പേരാമ്പ്ര കരിയര്‍ ഡവലപ്മെന്റ് സെന്ററില്‍ പി.എസ്.സി 10ാം ക്ലാസ്സ് ലെവല്‍ സൗജന്യ മത്സര പരീക്ഷാപരിശീലനം
നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പിന് കീഴിലെ പേരാമ്പ്ര കരിയര്‍ ഡവലപ്പ്മെന്റെ സെന്ററില്‍ പി.എസ്.സി 10ാം ക്ലാസ്സ് ലെവല്‍ മെയിന്‍ പരീക്ഷക്കായുള്ള സൗജന്യ ഓണ്‍ലൈന്‍ മത്സര പരീക്ഷാപരിശീലനം ആരംഭിക്കുന്നു. പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാമെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു. ക്ലറിക്കല്‍ തലത്തിലേക്കും ലാസ്റ്റ്ഗ്രേഡ് തലത്തിലേക്കും പ്രത്യേകം പ്രത്യേകം പരിശീലനം ഉണ്ടായിരിക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ അഞ്ചിന് വൈകീട്ട് അഞ്ചിനകം പേരാമ്പ്ര സി.ഡി.സിയുടെ ഫേസ്ബുക്ക് പേജിലെ cdc.perambra ലിങ്ക് വഴിയോ ക്യൂ.ആര്.കോഡ് സ്കാന്‍ ചെയ്തോ ഓഫീസില്‍ നേരിട്ട് ഹാജരായോ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0496 2615500.
ടൈമിംഗ് കോണ്‍ഫറന്‍സ് മാറ്റി
സെപ്തംബര്‍ 30ന് ഓണ്‍ലൈനായി നടത്താനിരുന്ന ടൈമിംഗ് കോണ്‍ഫറന്‍സ് മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. സമയവും തീയതിയും പിന്നീട് അറിയിക്കും.
മത്സ്യ വിളവെടുപ്പ് മറ്റന്നാൾ
കോഴിക്കോട് മലബാര്‍ ബൊട്ടോണികല് ഗാര്ഡന് ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സസില്‍ മറ്റന്നാൾ (സെപ്റ്റംബര്‍ 30) മത്സ്യ വിളവെടുപ്പ് നടത്തും. ബയോഫ്ളാക് സംവിധാനം ഉപയോഗിച്ച് വളര്‍ത്തിയ ചിത്രലാട മത്സ്യങ്ങളെയാണ് വിളവെടുക്കുന്നത്. താല്പര്യമുളളവര്ക്ക് 7594845698 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യാമെന്ന് ഡയറക്ടര്‍ അറിയിച്ചു. വില്പന 30ന് രാവിലെ 10 മണി മുതല്‍.
ഐ.എച്ച്.ആര്.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം
ഐ.എച്ച്.ആര്.ഡി കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അഗളി (04924-254699, ചേലക്കര (0488-4227181, 8547005064), കോഴിക്കോട് (0495-2765154, 8547005044), നാട്ടിക (0487-2395177, 8547005057), താമരശ്ശേരി (0495-2223243, 8547005025), വടക്കാഞ്ചേരി (0492-2255061, 8547005042), വാഴക്കാട് (0483-2728070, 8547005055), വട്ടംകുളം (0494-2689655, 8547006802), മുതുവള്ളൂര്‍ (0483-2963218, 8547005070), കൊടുങ്ങലൂര്‍ (0480-2816270, 8547005078) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50% സീറ്റുകളില്‍ ഓണ്‍ലൈന്‍/ഓഫ് ലൈന്‍ വഴി പ്രവേശനത്തിനായി അര്രായവരില് നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് www.ihrd.ac.in
അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ നിയമിക്കുന്നു. പ്ലസ്ടു യോഗ്യതയും ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍.സി.വി.ടി/എസ്.സി.വി.ടി. സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റും നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രായം 20നും 30നുമിടയില്‍. അപേക്ഷകര്‍ക്ക് സ്വന്തമായി ഡിജിറ്റല്‍ ക്യാമറയും ഫോട്ടോ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവും ഉണ്ടായിരിക്കണം. കോഴിക്കോട് ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം. ക്രിമിനല്‍ കേസുകളില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവരാകരുത്. നിയമനം ലഭിക്കുന്ന വ്യക്തി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായി കരാറില്‍ ഏര്‍പ്പെടണം. കരാര്‍ തീയതി മുതല്‍ 2022 മാര്‍ച്ച് 31 വരെയാണ് കാലാവധി. പ്രതിമാസ വേതനം 15,000 രൂപ. താല്പര്യമുള്ളവര് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം 2021 സെപ്റ്റംബര്‍ 30ന് വൈകീട്ട് 5 മണിക്കകം prdkkd.applications@gmail.com എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ നേരിട്ട് കൂടിക്കാഴ്ചക്ക് ക്ഷണിക്കും. ഫോണ്‍: 0495 2370225.
ഗാന്ധി ജയന്തി: വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലയിലെ യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ മത്സരങ്ങള്‍ നടത്തുന്നു. ഹയര്‍ സെക്കണ്ടറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ‘ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ സമകാലിക പ്രസക്തി’ എന്ന വിഷയത്തില്‍ പ്രബന്ധരചനാ മത്സരവും ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഇതേ വിഷയത്തില്‍ പ്രസംഗ മത്സരവും യു.പി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ‘എന്റെ ഗാന്ധിജി’ എന്ന വിഷയത്തില്‍ ക്രയോണ്‍/ വാട്ടര്‍ കളര്‍ ചിത്രരചനാ മത്സരവുമാണ് നടത്തുന്നത്. പ്രബന്ധം 300 വാക്കില്‍ കവിയരുത്. പ്രസംഗത്തിന്റെ രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് തയ്യാറാക്കേണ്ടത്. ക്രയോണ്‍/ വാട്ടര്‍ കളര്‍ ഉപയോഗിച്ച് എ4 പേപ്പറിലാണ് ചിത്രം തയ്യാറാക്കേണ്ടത്. ഇവ സ്കൂള്‍ മേല്‍വിലാസം, വീട്ടു മേല്‍വിലാസം, സ്കൂള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, രക്ഷിതാവിന്റെ ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഒക്ടോബര്‍ രണ്ടിന് ഉച്ചക്ക് രണ്ടു മണിക്കകം diodir.clt@gmail.com എന്ന വിലാസത്തില്‍ അയക്കണം. മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും മൊമെന്റോയും നല്‍കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍- 0495 2370225.
ജില്ലാ പഞ്ചായത്ത് ക്രാഡ് ഐഡിയേറ്റർ ഇന്നൊവേഷന് അവാര്‍ഡ് പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചു
ജില്ലാ പഞ്ചായത്ത് ക്രാഡ് ഐഡിയേറ്റര്‍ ഇന്നൊവേഷന് അവാര്‍ഡ് പ്രഖ്യാപനവും അധ്യാപക അവാര്‍ഡ് ജേതാക്കളെയും വിദ്യാലയങ്ങളെയും ആദരിക്കുന്ന ചടങ്ങും
തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. മഹാമാരിയുടെ കാലത്ത് വിദ്യാര്‍ഥികളുടെ കഴിവും നൈപുണ്യവും അവതരിപ്പിക്കാനും അവരെ ആദരിക്കാനും ജില്ലാ പഞ്ചായത്ത് തയ്യാറാകുന്നു എന്നത് സന്തോഷകരമാണ്. പുരസ്കാരത്തിന് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ഉയരങ്ങളിലെത്താന്‍ സര്‍ക്കാരിന്റെ സാധ്യമായ എല്ലാ ജാലകങ്ങളും തുറന്നുവയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് കാലത്ത് കുട്ടികള്‍ക്ക് വീടുകളില്‍ ക്രിയാത്മകമായ കണ്ടെത്തലുകളും നൂതനാശയങ്ങളും പ്രാവര്‍ത്തികമാക്കാന്‍ അവസരമൊരുക്കിയതാണ് ക്രാഡ് ഐഡിയേറ്റര്‍ പരിപാടി. ക്രാഡ് ഇന്നവേഷനുമായി ചേര്‍ന്ന് മൂന്ന് ഘട്ടങ്ങളിലായാണ് ആറാം തരം മുതല്‍ പത്താം തരം വരെയുള്ള കുട്ടികള്‍ക്ക് പരിപാടി നടപ്പിലാക്കിയത്. സ്കൂളുകള്‍ അടച്ചിട്ട കാലത്ത് കുട്ടികളിലെ ദീര്‍ഘകാലത്തെ ഒറ്റപ്പെടലുകളും പിരിമുറുക്കവും അകറ്റി ഒഴിവു സമയം ക്രിയാത്മകമാക്കുന്നതിനായാണ് ജില്ലാ പഞ്ചായത്ത് എഡ്യുകെയര്‍ പദ്ധതി ആവിഷ്കരിച്ചത്. പുത്തന്‍ സാങ്കേതിക വിദ്യകളും ആശയങ്ങളും സമര്‍പ്പിക്കുന്നതിനായി കുട്ടികള്‍ക്ക് കോഡിങ്ങിന്റെയും റോബോട്ടിക്സിന്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓഗ്മെന്റല്‍ റിയാലിറ്റി മുതലായ നൂതന വിദ്യകളുടെയും സഹായത്തോടെയാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയത്.
ജില്ലയിലെ സ്കൂളുകളുടെ മികച്ച റിസള്‍ട്ടിനുള്ള ഉപഹാരം വടകര ഡി.ഇ.ഒ സി.കെ വാസു, താമരശ്ശേരി ഡി.ഇ.ഒ ജ്യോതിഭായി, കോഴിക്കോട് ഡി.ഇ.ഒ എന്‍.പി മുഹമ്മദ് അബ്ബാസ്, ആര്.ഡി.ഡി ഇന്‍ചാര്‍ജ് അജിത എന്നിവര്‍ സ്വീകരിച്ചു. സംസ്ഥാന അവാര്‍ഡ് ജേതാക്കളായ എസ് ഗീതാ നായര്‍, ഷജില്‍ യു.കെ, ലളിത എം.കെ എന്നിവരേയും ചടങ്ങില്‍ അനുമോദിച്ചു.
കുട്ടികളുടെ ഐഡിയ അവതരണ സെഷന് ഐഎസ്ആര്‍ഒ മുന്‍ ഡയറക്ടറും സയന്റിസ്റ്റുമായ ഇ.കെ.കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീര്‍ പദ്ധതി വിശദീകരണം നടത്തി. വിദ്യാഭ്യാസ ഉപഡയരക്ടര്‍ വി.പി മിനി അനുമോദന സന്ദേശം നല്കി. ജില്ലാ പഞ്ചായത്തംഗങ്ങള്‍ ആശംസകള്‍ നേര്‍ന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍.എം വിമല സ്വാഗതവും എഡ്യൂകെയര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ യു.കെ അബ്ദുന്നാസര്‍ നന്ദിയും പറഞ്ഞു.