കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
ടെണ്ടര്‍ ക്ഷണിച്ചു
കേരള മാരിടൈം ബോര്‍ഡിനുവേണ്ടി ബേപ്പൂര്‍ പോര്‍ട്ട് ഓഫീസിലേക്ക് വയര്‍ റോപ്പ് വിതരണം ചെയ്യുതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഒക്ടോബര്‍ ആറിന് ഉച്ച് ഒരു മണിക്കകം ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക് 0495 2418610.
സിവില്‍ സര്‍വീസ് പ്രിലിമിനറി കോഴ്സ് : അപേക്ഷ തീയതി നീട്ടി
കേരളത്തിലെ സംഘടിത -അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് കിലെ സിവില്‍ സര്‍വീസ് അക്കാഡമി ആരംഭിക്കുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി കോഴ്സിന് അപേക്ഷിക്കേണ്ട കാലാവധി ഒക്ടോബര്‍ അഞ്ച് വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. അഡ്മിഷന് സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് http://www.kile.kerala.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.
റീ ഇ- ടെണ്ടറുകള്‍ ക്ഷണിച്ചു
പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും റീ ഇ- ടെണ്ടറുകള്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ ആറ് വൈകീട്ട് അഞ്ച് മണി. വിശദ വിവരങ്ങള്‍http://e-tenderskerala.gov.in ല്‍ ലഭിക്കും.
യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം
ആസൂത്രണ സാമ്പത്തിക കാര്യവകുപ്പിന്റെ പരിധിയിലുള്ള കേരള ഡെവലപ്മന്റ് ആന്‍ഡ് ഇന്നൊവേഷന് സ്ട്രാറ്റജി കൗണ്‍സില്‍ (കെഡിസ്ക്) സ്കൂള്‍- കോളജ് ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടപ്പിക്കുന്ന ‘യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിലേക്ക്’ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. സ്കൂള്‍, കോളേജ്, ഗവേഷണ തലങ്ങളിലെ 13നും 35നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നൂതനാശയങ്ങള്‍ പങ്കുവയ്ക്കാനും പ്രാവര്‍ത്തികമാക്കാനും പ്രചോദനം നല്കുന്ന പദ്ധതിയാണിത്. ജില്ലാതല മൂല്യ നിര്‍ണയത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ടീമുകള്‍ക്ക് 25,000 രൂപയും സംസ്ഥാന തലത്തില്‍ 50,000 രൂപയും ലഭിക്കും. സംസ്ഥാന തലത്തില്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് അവരുടെ ആശയങ്ങള്‍ പ്രവര്‍ത്തികമാക്കുന്നതിന് ആവശ്യമായ മെന്ററിങ്, സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ എന്നിവ മൂന്നു വര്‍ഷത്തേക്ക് ലഭിക്കും. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ രജിസ്റ്റര്‍ ചെയ്യിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പുരസ്കാരവുമുണ്ട്. കുടുതല്‍ വിവരങ്ങള്‍ക്ക് – 9746260654, 7406198581.
യോഗ പരിശീലകരെ ആവശ്യമുണ്ട്
ജില്ലയില്‍ വനിതാ ശിശുവികസന വകുപ്പിനു കീഴിലെ ക്ഷേമ സ്ഥാപനങ്ങളായ ഗവ.ആഫ്റ്റര്‍ കെയര്‍ ഹോം, ഗവ.മഹിളാമന്ദിരം, ഗവ.ഷോര്‍ട്ട് സ്റ്റേ ഹോം എന്നിവിടങ്ങളിലെ താമസക്കാരെ യോഗ പരിശീലിപ്പിക്കാന്‍ പരിശീലകരെ ആവശ്യമുണ്ട്. താത്പര്യമുള്ളവര്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്ക് ഒക്ടോബര്‍ നാലിനകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2370750, 9188969212.
ഈങ്ങാപ്പുഴയില്‍ എംഎല്‍എ ക്യാമ്പ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു
കോടഞ്ചേരി, പുതുപ്പാടി ഗ്രാമപഞ്ചായത്തുകളിലെ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാവുന്ന രീതിയില്‍ ഈങ്ങാപ്പുഴയില്‍ പുതുപ്പാടി സഹകരണ ബാങ്കിന് സമീപം ലിന്റോ ജോസഫ് എംഎല്‍എയുടെ ക്യാമ്പ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ ശനിയാഴ്ചയും എംഎല്‍എ ഇവിടെ ക്യാമ്പ് ചെയ്യും. നിലവില്‍ ഒരു ദിവസമാണ് ഓഫീസ് പ്രവര്‍ത്തനമെങ്കിലും ആഴ്ചയില്‍ എല്ലാ ദിവസവും തുറക്കാന്‍ കഴിയുന്ന രീതിയില്‍ പ്രവര്‍ത്തനം കമീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഓഫീസ് ഉദ്ഘാടനം മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസ് നിര്‍വഹിച്ചു. ലിന്റോ ജോസഫ് എംഎല്‍എ, പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീര്‍ പോത്താറ്റില്‍, അമല്‍രാജ്, അമ്പുടു ഗഫൂര്‍, ഡെന്നി വര്‍ഗീസ്, കെ.സി.വേലായുധന്, ടി.എ.മൊയ്തീന്, എം.ഇ.ജലീല്‍, ടി.എം.പൗലോസ്, ബി.മൊയ്തീന് കുട്ടി, ടി.കെ.നാസര്‍, ബി.ഖാദര്‍ ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.
നിരാമയ ആരോഗ്യ ഇന്‍ഷൂറന്‍സും ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും- മൂന്നില്‍ രണ്ടും വിതരണം ചെയ്തത് കേരളത്തില്‍
നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന ഭിന്നശേഷിക്കാര്‍ക്ക് ജീവിതകാലം മൂഴുവന്‍ ഉപയോഗിക്കാവുന്ന സൗജന്യ ആരോഗ്യ സുരക്ഷാ പദ്ധതിയായ നിരാമയ ഇന്‍ഷൂറന്‍സും ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തതില്‍ രാജ്യത്തെ മൂന്നില്‍ രണ്ട് ഗുണഭോക്താക്കളും കേരളത്തില്‍നിന്ന്. ഇന്ത്യയിലാകെ 1,00,891 ഗുണഭോക്താക്കള്‍ നിരാമയ ഇന്‍ഷൂറന്‍സില്‍ ചേര്‍ന്നപ്പോള്‍ കേരളത്തില്‍ നിന്നും മാത്രം 69,517 പേര് ഉള്‍പ്പെട്ടിട്ടുണ്ട്. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മാനസിക വൈകല്യം, ബഹുവൈകല്യം എന്നിവ ബാധിച്ച ഭിന്നശേഷിക്കാര്‍ക്ക് അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് 1999ല്‍ ഇന്‍ഡ്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമമാണ് നാഷണല്‍ ട്രസ്റ്റ് ആക്ട്. നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന ഭിന്നശേഷിക്കാര്‍ക്ക് ജീവിതകാലം മൂഴുവന്‍ ഉപയോഗിക്കാവുന്ന സൗജന്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് നിരാമയ ഇന്‍ഷൂറന്‍സ്. കേന്ദ്രസര്‍ക്കാര്‍ സൗമൂഹ്യനീതി വകുപ്പിന് കീഴില്‍ നാഷണല്‍ ട്രസ്റ്റ് വഴി നേരിട്ടു നടത്തുന്ന ഈ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഗുണഭോക്തൃ പ്രീമിയം സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് വഴി അടക്കുന്നതിനാല്‍ ഇന്‍ഷൂറന്‍സില്‍ ചേരുന്നവര്‍ക്ക് ഒരു രൂപ പോലൂം ചിലവില്ല. എന്നാല്‍ പ്രതിവര്‍ഷം ഒരു ലക്ഷം രൂപ വരെയുളള ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യും.
ഭിന്നശേഷിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിന് നാഷണല്‍ ട്രസ്റ്റ് ആക്ട് പ്രകാരം ജില്ലാ കലക്ടര്‍ ചെയര്‍മാനായ ലോക്കല്‍ ലെവല്‍ കമ്മറ്റികള്‍ അനുവദിക്കുന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റില്‍ ഇന്ത്യയിലാകെ അനുവദിച്ച 17,972 സര്‍ട്ടിഫിക്കറ്റുകളില്‍ 11,906 എണ്ണവും കേരളത്തിലാണ് വിതരണം ചെയ്തിട്ടുള്ളത്. കേരളത്തില്‍ ഇനിയും നിരാമയ ഇന്‍ഷൂറന്‍സില്‍ ചേര്‍ന്നിട്ടില്ലാത്ത ഭിന്നശേഷിക്കാര്‍ നാഷണല്‍ ട്രസ്റ്റിന്റെ സംസ്ഥാന നോഡല്‍ ഏജന്‍സിയുമായി ബന്ധപ്പെടണമെന്നും ലീഗല്‍ ഗാര്ഡിയന്ഷിപ്പിനുളള അപേക്ഷകള്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കണമെന്നും സംസ്ഥാന നോഡല്‍ ഏജന്‍സി ചെയര്മാന് ഡി.ജേക്കബ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഫോണ്‍ : 0476 2830802, 9778562352.
സഹജീവനം’പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നാളെ നിര്‍വ്വഹിക്കും
സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന ‘സഹജീവനം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നാളെ (സെപ്തംബര്‍ 25) നിര്‍വ്വഹിക്കും. രാവിലെ 11ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി അധ്യക്ഷനാവും.
കോവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഭിന്നശേഷിക്കാര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പ്രയാസങ്ങളില്‍ നിന്നും മാനസിക പിരിമുറുക്കങ്ങളില്‍ നിന്നും മുക്തി സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കൗണ്‍സിലിങ് അടക്കമുള്ള സഹായങ്ങള്‍ ഉറപ്പാക്കുന്ന പദ്ധതിയാണ് സഹജീവനം. പദ്ധതിയുടെ ഭാഗമായി ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നാഷണല്‍ ട്രസ്റ്റ് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ എല്ലാ ബ്ലോക്കിലും ഒരു സഹായകേന്ദ്രം ആരംഭിക്കും. നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ ലോക്കല്‍ ലെവല്‍ കമ്മിറ്റികളുമായി ചേര്‍ന്ന് സ്പെഷ്യല്‍ സ്കൂളുകള്‍, ബഡ്സ്, വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററുകള്‍, വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകള്‍ എന്നിവ കേന്ദ്രീകരിച്ചും സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കും.
ഭിന്നശേഷി കുട്ടികള്‍ക്ക് സ്പെഷല്‍ കെയര്‍ സെന്റര്‍ ഒരുക്കി സമഗ്ര ശിക്ഷാ കോഴിക്കോട്
വീട്ടില്‍ അടച്ചിടുന്നതിന്റെയും ഓണ്‍ലൈന്‍ പഠനത്തിന്റെയും മടുപ്പില്‍നിന്ന് ഭിന്നശേഷി കുട്ടികള്‍ക്ക് രക്ഷയൊരുക്കുകയാണ് സ്.എസ്.കെയുടെ പ്രത്യേക പഠന -പരിശീലന കേന്ദ്രങ്ങള്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ജില്ലയില്‍ 280 സ്പെഷല്‍ കെയര്‍ സെന്ററുകളാണ് എസ്.എസ്.കെ. ആരംഭിച്ചിട്ടുള്ളത്. മാനസി കവും ശാരീരികവുമായ ആരോഗ്യം ഉറപ്പ് വരുത്താനുള്ള വിവിധ പഠന-പരിശീലന പരിപാടികളാണ് ഈ കേന്ദ്രങ്ങളില്‍ നടന്നുവരുന്നതെന്ന് ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ ഡോ.എ.കെ.അബ്ദുള്‍ ഹക്കീം അറിയിച്ചു.
ഒന്നിച്ചിരിക്കലും കൂട്ടുകൂടലും അത്യന്താപേക്ഷിതമായ വിഭാഗമാണ് ഭിന്നശേഷി കുട്ടികള്‍. പ്രത്യേകമായ സ്വഭാവസവിശേഷതകള്‍ കൊണ്ടും ശാരീരിക മാനസിക പ്രത്യേകതകള്‍ കൊണ്ടും ഓണ്‍ലൈന്‍ പഠനവുമായി സമരസപ്പെട്ട് പോവാന്‍ മറ്റുകുട്ടികളെപ്പോലെ ഇവര്‍ക്ക് സാധിക്കുന്നില്ല. നേരിട്ട് നല്കുന്ന പരിശീലനം ഇവരെ സംബന്ധിച്ച് പ്രധാനമാണ്. ഇത്തരം പരിശീലനങ്ങള്‍ ലഭ്യമാവാത്തത് കാരണം കുട്ടികള്‍ വളരെയധികം മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ട്. തല്‍ഫലമായി ഇവരെ പരിചരിക്കുന്ന രക്ഷിതാക്കളും മാനസിക സമ്മര്‍ദ്ദം അനുഭവിച്ചു വരുന്നു. ഇത് ഇവരുടെ മാനസിക-ശാരീരിക ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന പശ്ചാത്തലത്തില്‍ അനുയോജ്യമായ പിന്തുണാ സംവിധാനങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സമഗ്ര ശിക്ഷാ കേരളം സ്പെഷ്യല്‍ കെയര്‍ സെന്റര്‍ എന്ന പദ്ധതി നടപ്പിലാക്കുന്നത്.
കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള കൗണ്‍സിലിംഗ്, ശാരീരിക മാനസിക ആരോഗ്യം പരിപോഷിപ്പിക്കുന്നതിനാവശ്യമായ കലാകായിക പരിശീലനം, സംഗീത ക്ലാസുകള്‍, പ്രവര്‍ത്തിപരിചയ അധ്യാപകരുടെ നേതൃത്വത്തില്‍ വിവിധ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, കായിക അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികളുടെ ബോഡിമാസ് ഇന്‍ഡക്സ് പരിശോധിച്ച് ഓരോ കുട്ടിക്കും അനുയോജ്യമായ വ്യായാമങ്ങള്‍, ഭക്ഷണരീതി എന്നിവയെ കുറിച്ച് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അവബോധം നല്‍കലും ലഘുവ്യായാമങ്ങള്‍ പരിശീലിപ്പിക്കലും, ഓരോ കുട്ടിയുടെയും കഴിവും പരിമിതിയും വിലയിരുത്തി വ്യക്തിഗത വിദ്യാഭ്യാസ പരിപാടി തയ്യാറാക്കി പഠനപിന്തുണ നല്കല് എന്നിവയാണ് പ്രധാനമായും സെന്ററില്‍ നടന്നുവരുന്നത്. ഭിന്നശേഷി കുട്ടികളുടെ അമ്മമാര്‍ക്കായി പ്രാദേശികമായി ലഭ്യമാകുന്ന വിഭവങ്ങള്‍ പ്രയോജനപ്പെടുത്ത വിപണന സാധ്യതയുള്ളതും ചെലവുകുറഞ്ഞതുമായ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണരീതി പരിശീലിപ്പിക്കുന്നുമുണ്ട്്.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് സ്പെഷ്യ കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. പ്രാദേശികമായ സാഹചര്യങ്ങള്‍ വിലയിരുത്തി നിശ്ചിത എണ്ണം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരേ സമയം പരിശീലനം നല്കുന്നു. ബിആര്‍സി കളിലെ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരും സ്പെഷലിസ്റ്റ് അധ്യാപകരുമാണ് ഈ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അഞ്ചുമുതല്‍ പത്ത് വരെ കുട്ടികള്‍ക്കാണ് ഒരു സെന്ററില്‍ ഒരേ സമയം പ്രവേശനം. ജില്ലയിലെ അയ്യായിരത്തോളം ഭിന്നശേഷി കുട്ടികള്‍ക്ക് പ്രയോജനകരമാവുംവിധമാണ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിട്ടുള്ളതെന്ന് ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ അറിയിച്ചു.
കൃഷി വകുപ്പുദ്യോഗസ്ഥര്‍ മണ്ണിലേക്കിറങ്ങണം: മന്ത്രി പി.പ്രസാദ്
കൃഷി ഭവനുകള്‍ കൂടുതല്‍ കര്‍ഷക സൗഹൃദമാവണമെന്നും കൃഷി വകുപ്പുദ്യോഗസ്ഥര്‍ കൃഷിയിടങ്ങളിലേക്ക് ഇറങ്ങണമെന്നും കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. കോഴിക്കോട് വേങ്ങേരി നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഫീസ്, ഫയല്‍ എന്നതിനപ്പുറം വയല്‍, കൃഷിയിടം എന്നിവക്കും പ്രാധാന്യം വേണം. കൂടുതല്‍ കര്‍ഷക സൗഹൃദമാകുമ്പോഴാണ് സ്മാര്‍ട്ട് കൃഷി ഭവന് യാഥാര്‍ത്ഥ്യമാകുന്നത്. നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തോടു ചേര്‍ന്ന് തരിശു കിടക്കുന്ന മുഴുവന്‍ സ്ഥലത്തും കൃഷി ഇറക്കുന്നതിനും വിപണന കേന്ദ്രത്തിന്റെ പ്രവര്‍ത്തന രീതികള്‍ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും ആവശ്യമായ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ മന്ത്രി ആവശ്യപ്പെട്ടു. വിപണന കേന്ദ്രത്തിലെ പച്ചക്കറിത്തോട്ടം മന്ത്രി സന്ദര്‍ശിച്ചു.
കര്‍ഷകര്‍ക്ക് കൂടുതല്‍ വിളവ് കിട്ടുമ്പോള്‍ അതിനനുസരിച്ചു സംഭരണം, സംസ്കരണം, വിപണനം എന്നിവയ്ക്കു പ്രാധാന്യം നല്‍കണം. ഇതിനായി കൃഷിഭവനുകള്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് ഓര്‍ഗനൈസഷനുകളുടെ (എഫ്.പി.ഒ.) സേവനം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എല്ലാ ഫാമുകളുടെയും പ്രവര്‍ത്തനം വിലയിരുത്തണം. ഒരു ഫാമിലും മണ്ണ് വെറുതെ കിടക്കാന്‍ പാടില്ല. പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തയിലേക്ക് എത്തണം. കടലാസ് സംഘങ്ങള്‍ക്ക് പകരം കൃത്യമായി എഫ്.പി.ഒ.കളെ കണ്ടെത്തി പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണം. ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൃത്യമായി റിപ്പോര്‍ട്ട് നല്‍കണം. പച്ചക്കറികള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കണം. ആവശ്യമായവര്‍ക്കെല്ലാം പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷേര്‍ളി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കര്‍ഷകരുടെ വരുമാനം 50 ശതമാനം വര്‍ധിപ്പിക്കുക സര്‍ക്കാര്‍ ലക്ഷ്യം -മന്ത്രി പി. പ്രസാദ്
കര്‍ഷകര്‍ക്ക് നിലവില്‍ ലഭിക്കുന്ന വരുമാനം 50 ശതമാനം വര്‍ധിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. ബാലുശ്ശേരി ബ്ലോക്ക്തല കാര്‍ഷിക വര്‍ക്ക് ഷോപ്(അഗ്രിപാര്‍ക്ക്) പ്രവൃത്തി പരിശീലന ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക മേഖലയില്‍ ജനകീയ മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. ആവശ്യമായ പച്ചക്കറിയുടെ ഭൂരിഭാഗവും കേരളത്തില്‍ തന്നെ ഉത്പാദിപ്പിക്കാന്‍ സാധിക്കുന്ന നിലയിലേക്ക് മലയാളികള്‍ മാറുകയാണ്. വിഷമില്ലാത്ത ഭക്ഷണം കഴിക്കില്ലെന്ന് മലയാളികള്‍ ഉറപ്പിച്ചാല്‍ കാര്‍ഷിക മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. മുതിര്‍ന്ന കര്‍ഷകനായ മണ്ണാന്റെ പിണങ്ങോട്ട് ചെക്കോട്ടിയെ മന്ത്രി ചടങ്ങില്‍ ആദരിച്ചു. കെ.എം സച്ചിന് ദേവ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപണികള്‍ നടത്തുന്നതിനും വിവിധ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും പരിശീലനം നല്‍കുന്നതിനുമായാണ് കാര്‍ഷിക വര്‍ക്ക്ഷോപ്പ് എന്ന നൂതന പദ്ധതിക്ക് ബ്ലോക്കില്‍ തുടക്കം കുറിക്കുന്നത്. വിവിധ കാര്‍ഷിക സേവനങ്ങള്‍ കര്‍ഷകര്‍ക്ക് ഒരു കുടക്കീഴില് ലഭ്യമാക്കുക എന്നതാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്, കാര്‍ഷിക സര്‍വകലാശാല, കൃഷിവകുപ്പിന്റെ എഞ്ചിനീയറിങ് വിഭാഗം, കൃഷി വിജ്ഞാന് കേന്ദ്രം, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കാര്‍ഷിക കര്‍മസേന അംഗങ്ങള്‍ക്ക് പരിശീലനം നല്‍കും. പരിശീലനം ലഭിച്ച ഗ്രൂപ്പിനെ ഉപയോഗിച്ച് കൊണ്ടായിരിക്കും വര്‍ക്ഷോപ്പിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അനിത പാലാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിത വി.കെ, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എം ശശി, സ്ഥിരംസമിതി അംഗങ്ങളായ എം. കെ.വനജ, റംല മാടംവള്ളിക്കുന്നത്ത്, ആലങ്കോട് സുരേഷ് ബാബു, ബ്ലോക്ക് ഡിവിഷന് അംഗം ഡി.ബി.സബിത, ബ്ലോക്ക് അംഗം എം.കെ. ജലീല്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷെര്‍ലി എ.എഫ്, ആത്മ പ്രോജക്ട് ഡയറക്ടര്‍ ഷീബ കെ.എസ്, കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന് സി.ഇ.ഒ യു.ജയകുമാരന്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.