കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (20/05/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
ഓംബുഡ്‌സ്മാൻ സിറ്റിംഗ് 26ന്
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് മെയ് 26 ന് കോഴിക്കോട് ജില്ലാ എം.ജി.എൻ.ആർ.ഇ.ജി എസ് ഓംബുഡ്‌സ്മാൻ തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രത്യേക സിറ്റിംഗ് നടത്തുന്നു. രാവിലെ 11 മണി മുതൽ ഒരു മണി വരെ ഓംബുഡ്‌സ്മാൻ സിറ്റിംഗ് ഉണ്ടായിരിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്കും തൊഴിലാളികൾക്കും നേരിട്ട് ഓംബുഡ്‌സ്മാന് നൽകാം.
ഒക്യുപേഷണൽ തെറാപ്പിസ്റ്റ് നിയമനം
ഇംഹാൻസിൽ പ്രവർത്തിക്കുന്ന ഓട്ടിസം പ്രോജക്ടിൽ ഒക്യുപേഷണൽ തെറാപ്പിസ്റ്റിനെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ മേയ് 26 ന് നടക്കും. യോഗ്യത ഡിഗ്രി ഇൻ ഒക്യുപേഷണൽ തെറാപ്പി. ഫോൺ: 9495892703.
വിമുക്ത ഭടന്മാർക്ക് റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ പുതുക്കാം
ജില്ലാ സൈനികക്ഷേമ ഓഫീസിൽ എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ ചെയ്ത ശേഷം പുതുക്കാതെ സീനിയോറിറ്റി റദ്ദായ വിമുക്തഭന്മാരായ ഉദ്യോഗാർഥികൾക്ക് സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കുന്നതിന് അവസരം. 2000 ജനുവരി ഒന്ന് മുതൽ 2022 മാർച്ച് 31 വരെ രജിസ്ട്രഷൻ പുതുക്കാൻ സാധിക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്കാണ് അവസരം. മേയ് 31 വരെയുള്ള എല്ലാ പ്രവർത്തി ദിവസങ്ങളിലും സൈനികക്ഷേമ ഓഫീസിൽ രജിസ്ട്രേഷൻ പുതുക്കാം. ഫോൺ: 0495 2771881
അറിയിപ്പ്
കോഴിക്കോട് ജില്ലാ സൈനികക്ഷേമ ഓഫീസ് മുഖേന എമിഗ്രേഷൻ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ച വിമുക്തഭടന്മാരിൽ നിന്നും അഭിമുഖത്തിന് യോഗ്യത നേടിയവർക്ക് സ്ഥലം, തീയതി എന്നിവ സംബന്ധിച്ച വിവരങ്ങൾ ഡി.ജി.ആർ ഓഫീസിൽ നിന്നും ഇ-മെയിലിൽ അറിയിച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർക്ക് ഡി.ജി.ആറിന്റെ വെബ്സൈറ്റിലോ ജില്ലാ സൈനികക്ഷേമ ഓഫീസുമായോ ബന്ധപ്പെടാം. ഫോൺ: 0495 2771881
പ്ലേസ്‌മെന്റ് ഓഫീസർ നിയമനം
കോഴിക്കോട് മാളിക്കടവ് ഐ.ടി.ഐയിൽ STRIVE പദ്ധതിയുടെ ഭാഗമായി പ്ലേസ്‌മെന്റ് ഓഫീസറുടെ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത – ബിഇ/ബി.ടെക് + എംബിഎ (എച്ച്ആർ/മാർക്കറ്റിംഗ്), ഇംഗ്ലീഷിൽ മികച്ച ആശയവിനിമയ വൈദഗ്ധ്യം, കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം. ഉദ്യോഗാർഥികൾക്ക് മേയ് 26 രാവിലെ 11 മണിക്ക് ഐ.ടി.ഐയിൽ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം. ഫോൺ: 0495 2377016.
റീജിയണൽ അനലറ്റിക്കൽ ലാബോറട്ടറി ഉദ്ഘാടനം നാളെ
കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിലെ നവീകരിച്ച റീജിയണൽ അനലറ്റിക്കൽ ലാബോറട്ടറിയുടെ ഉദ്ഘാടനം നാളെ (മേയ് 21) വൈകീട്ട് 3.30ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. നാഷണൽ ഹൈഡ്രോളജി പ്രോജക്ടിന്റെ ഭാഗമായി നിർമിച്ച പരിശോധനാ ലബോറട്ടറിയുടെ നവീകരണം സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പൂർത്തിയാക്കിയത്.
ചടങ്ങിൽ പി.ടി.എ. റഹിം എം.എൽ.എ അധ്യക്ഷത വഹിക്കും. എം.കെ. രാഘവൻ എം.പി, ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി എന്നിവർ വിശിഷ്ടാതിഥികളാകും.
വേളം ഇനി കോഴി മാലിന്യ വിമുക്ത പഞ്ചായത്ത്
കോഴി മാലിന്യ വിമുക്ത പഞ്ചായത്തായി മാറാൻ വേളം ഗ്രാമപഞ്ചായത്ത് പദ്ധതി ആരംഭിച്ചു. കോഴി മാലിന്യത്തിൽ നിന്ന് വളർത്തു മൃഗങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കൾ നിർമിക്കുന്ന താമരശ്ശേരിയിലെ ഫ്രഷ് കട്ട് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
പഞ്ചായത്ത് പരിധിയിൽ വരുന്ന മുഴുവൻ കോഴി വില്പന കേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമായി അറവു മാലിന്യം ശാസ്ത്രീയമായി സൂക്ഷിക്കും. ഇത് ഫ്രഷ് കട്ട് പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ പൊതുജനങ്ങൾക്ക് പ്രയാസം ഇല്ലാത്ത വിധം താമരശ്ശേരിയിലെ സംസ്കരണ കേന്ദ്രത്തിൽ എത്തിക്കും. കിലോ ഏഴ് രൂപ നിരക്കിലാണ് കോഴി മാലിന്യം ശേഖരിക്കുക.
പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഷാനവാസ്, പഞ്ചായത്ത് അംഗം അനിഷ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.വി. റഷീദ്, ഫ്രഷ് കട്ട് ജനറൽ മാനേജർ ഇ. യൂജിൻ ജോൺസൺ, റിജേഷ് തുടങ്ങിയവർ പങ്കെടുത്തു.
സംരംഭകത്വ ശില്പശാല മെയ് 23 ന്
വ്യവസായ- വാണിജ്യ വകുപ്പിന്റെയും വടകര നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ സംരഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിക്കുന്നു. മെയ് 23 ന് രാവിലെ 10 മണിക്ക് വടകര പഴയ ബസ് സ്റ്റാന്റിലെ മുനിസിപ്പാലിറ്റി സാംസ്കാരികനിലയത്തിൽ വെച്ചാണ് പരിപാടി.
നഗരസഭയിൽ പുതുതായി സ്വയംതൊഴിൽ സംരംഭം ആരംഭിക്കാൻ ആഗ്രഹമുള്ളവർക്കും നിലവിലുള്ള സംരംഭം വിപുലീകരിക്കാൻ താത്പര്യമുള്ളവർക്കും ശില്പശാലയിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക് തുടർന്നുവരുന്ന ലോൺ/ സബ്സിഡി/ ലൈസൻസ് മേളകളിലും പങ്കെടുക്കാൻ അവസരം ലഭിക്കും. കൂടുതൽ വിവരങ്ങൾ ഈ നമ്പറുകളിൽ ബന്ധപ്പെടാം. 7306190597, 9995392520, 7034047161, 9188127185
അഡ്വാൻസ‍്ഡ് സർട്ടിഫിക്കറ്റ് ഇൻ ഹൗസ് കീപ്പിംഗിൽ സർക്കാർ സ്കോളർഷിപ്പോടുകൂടി പഠിക്കാൻ അവസരം
വനിതകൾക്ക് അഡ്വാൻസ‍്ഡ് സർട്ടിഫിക്കറ്റ് ഇൻ ഹൗസ് കീപ്പിംഗിൽ സർക്കാർ സ്കോളർഷിപ്പോടുകൂടി പഠിക്കാൻ അവസരം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്‌ട്രക്ചർ ആന്റ് കൺസ്ട്രക്ഷനിലാണ് പരിശീലനം ലഭിക്കുക. സ്ത്രീശാക്തീകരണ യജ്ഞത്തിന്റെ ഭാഗമായി താമസിച്ച് പഠിക്കാൻ ആവശ്യമായ 90 ശതമാനം ഫീസും സർക്കാർ വഹിക്കും.
കുടുംബത്തിന്റെ മൊത്തവാർഷിക വരുമാനം അഞ്ച് ലക്ഷത്തിൽ താഴെയുള്ളവർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ, പട്ടികജാതി, പട്ടികവർഗം, ഒ.ബി.സി വിഭാഗത്തിൽ പെടുന്നവർ, കോവിഡ് മൂലം ജോലി നഷ്ടമായവർ, ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക, ദിവ്യാങ്കരുടെ അമ്മമാർ, വിധവ, ഒരു പെൺകുട്ടി മാത്രമുള്ള അമ്മമാർ എന്നീ വിഭാഗത്തിൽ പെടുന്നവർക്കാണ് ഫീസ് ആനുകൂല്യം ലഭിക്കുക.
മൂന്ന് മാസം ദൈർഘ്യമുള്ള പരിശീലനത്തിന്റെ യോഗ്യത എട്ടാം ക്ലാസാണ്. ഹോസ്റ്റൽ സൗകര്യം ആവശ്യമുള്ളവർക്ക് 6,700 രൂപയും അല്ലാത്തവർക്ക് 6,040 രൂപയുമാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് 8078980000 എന്ന നമ്പറിലോ admissions@iiic.ac.in എന്ന മെയിൽ ഐഡിയിലോ ബന്ധപ്പെടുക.
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ആരംഭിച്ചു
കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ബൃഹത് പദ്ധതിയായ ‘ഞങ്ങളും കൃഷിയിലേക്ക്’ അത്തോളി പഞ്ചായത്തിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. പൂക്കോട് കൊളക്കാട് വയലിൽ നെൽകൃഷി ചെയ്യുന്നതിനാവശ്യമായ നെൽവിത്ത് മഹിളാ കിസാൻ ശാക്തീകരൺ പരിയോജന അംഗമായ ഷൈനിക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ്, വാർഡ് മെമ്പർമാർ, കാർഷിക വികസന സമിതി അംഗങ്ങൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
സംരംഭകത്വ ശില്പശാല 23ന്
എന്റെ സംരംഭം നാടിന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെയും കൊയിലാണ്ടി നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ മെയ് 23ന് ബസ് സ്റ്റാൻഡിന് സമീപം ഇ.എം.എസ് ടൗൺ ഹാളിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. രാവിലെ 10 മണിക്ക് നടക്കുന്ന ശില്പശാല നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്യും.
സ്വയംതൊഴിൽ സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും നിലവിലുള്ള സംരംഭം വിപുലീകരിക്കാൻ താല്പര്യമുള്ളവർക്കും ശില്പശാലയിൽ പങ്കെടുക്കാം. ഫോൺ: 8281236391, 7356120078, 9539358912
ഹൗസ് ഹോള്‍ഡ് കണ്‍സംപ്ഷന്‍ സര്‍വ്വേ ജൂലൈ മുതല്‍
എന്‍.എസ്.ഒ. നടത്തുന്ന ‘ഹൗസ്‌ഹോള്‍ഡ് കണ്‍സംപ്ഷന്‍ എക്‌സ്‌പെന്‍ഡീച്ചര്‍ സര്‍വ്വേ 2022-23’ ജൂലൈ ഒന്നിന് തുടങ്ങും. ഇതു സംബന്ധിച്ച് ബാംഗ്ലൂരില്‍ നടന്നുവന്ന അഖിലേന്ത്യാ വര്‍ക് ഷോപ്പ് പൂര്‍ത്തിയായി. ഭക്ഷണം, കണ്‍സ്യൂമബ്ള്‍സ് ആന്‍ഡ് സര്‍വീസസ്, ഡ്യൂറബ്ള്‍ ഐറ്റംസ് എന്നിവയ്ക്കായി കുടുംബം ചെലവഴിച്ച തുകയാണ് സര്‍വേയിലൂടെ ശേഖരിക്കുന്നത്. മൂന്നുമാസം വീതം കാലയളവിലുള്ള പത്ത് പാനലുകളിലായി സര്‍വ്വേ 2023 ജൂണില്‍ പൂര്‍ത്തിയാകും.
ആദ്യ പാനലിലെ സാമ്പിള്‍ യൂണിറ്റുകളില്‍ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലും രണ്ടാം പാനലിലെ യൂണിറ്റുകളില്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലും അവസാന പാനലിലെ യൂണിറ്റുകളില്‍ 2023 ഏപ്രിലില്‍ തുടങ്ങി ജൂണിലുമാണ് സര്‍വേ നടക്കുക. ഒരു വീട്ടില്‍ ആദ്യ സന്ദര്‍ശനത്തെത്തുടര്‍ന്ന് രണ്ടാം മാസത്തിലും മൂന്നാം മാസത്തിലും സന്ദര്‍ശനം നടത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. മൂന്നു സന്ദര്‍ശനത്തിലും വെവ്വേറെ വിവരങ്ങളാണ് ശേഖരിക്കുന്നത്.
തിരഞ്ഞെടുത്ത വാര്‍ഡുകളിലെ വീടുകള്‍ ലിസ്റ്റ് ചെയ്ത ശേഷം കുടുംബങ്ങളെ സ്വന്തമായി നിശ്ചിത അളവ് ഭൂമിയുള്ളവ, അതില്‍ കുറവ് ഭൂമിയുള്ളവ, ബാക്കിയുള്ളവ എന്നിങ്ങനെ ഗ്രാമപ്രദേശങ്ങളിലും വാണിജ്യാവശ്യത്തിനല്ലാതെ സ്വന്തമായി നിശ്ചിത തുകയില്‍ കൂടിയ കാര്‍ ഉള്ളവ, അതില്‍ കുറവ് തുകയ്ക്കുള്ള കാര്‍ ഉള്ളവ, ബാക്കിയുള്ളവ എന്നിങ്ങനെ നഗര പ്രദേശങ്ങളിലും തരം തിരിക്കുന്നു. മൂന്ന് വിഭാഗങ്ങളില്‍ നിന്നുമായി നിശ്ചിത എണ്ണം വീടുകളെ കണ്‍സംപ്ഷന്‍ സര്‍വ്വേക്കായി തിരഞ്ഞെടുക്കും.
സര്‍വ്വേ എന്യൂമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കുമുള്ള പരിശീലനം അടുത്തമാസം നടക്കും. സർക്കാരിന്റെ വിവിധ നയരൂപീകരണത്തിനായുള്ള സുപ്രധാന വിവരങ്ങളാണ് സര്‍വ്വേ ശേഖരിക്കുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഡയറക്ടര്‍ എഫ്. മുഹമ്മദ് യാസിര്‍ അറിയിച്ചു.
നാദാപുരത്ത് ആരോഗ്യ ജാഗ്രത ‘പ്രതിദിനം പ്രതിരോധം’ ക്യാമ്പയിന്‍ സംഘടിപ്പിക്കും; കല്ലാച്ചി മത്സ്യ മാര്‍ക്കറ്റ് താത്കാലികമായി അടച്ചു
നാദാപുരം ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഭക്ഷ്യവിഷബാധയേറ്റ് എന്ന് സംശയിച്ച് യുവതി മരണപ്പെട്ട സാഹചര്യത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ജനപ്രതിനിധികള്‍, ആശാവര്‍ക്കര്‍മാര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍ എന്നിവരുടെ യോഗം ചേര്‍ന്ന് മുഴുവന്‍ വീടുകളും അഞ്ച് ദിവസത്തിനുള്ളില്‍ ഫീല്‍ഡ് പരിശോധന നടത്തി ”പ്രതിദിനം പ്രതിരോധം” ക്യാമ്പയിനിന്റെ ഭാഗമായി ബോധവത്കരിക്കും.
വീടുകളില്‍ പരിശോധന നടത്തിയശേഷം ഏറ്റവും മോശം വീടുകളുടെ വിവരം ശേഖരിച്ച് വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റിയില്‍ അവതരിപ്പിക്കും. ഭക്ഷ്യവിഷബാധയേറ്റ ആറാം വാര്‍ഡില്‍ ജനകീയ ശുചിത്വ റാലി സംഘടിപ്പിക്കും. കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ വഴിയും അവബോധം സംഘടിപ്പിക്കും. വാര്‍ഡ് തലത്തില്‍ ലെഗസി വേസ്റ്റ്, വെള്ളക്കെട്ട് എന്നിവയുടെ വിവരങ്ങള്‍ ആശാവര്‍ക്കര്‍മാര്‍ മുഖേന ശേഖരിക്കും.
ഭക്ഷ്യവിഷബാധയേറ്റ സാഹചര്യത്തില്‍ കല്ലാച്ചി മത്സ്യമാര്‍ക്കറ്റ് താത്കാലികമായി അടച്ചു.
യോഗത്തില്‍ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് നാദാപുരം താലൂക്ക് ഹോസ്പിറ്റല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി നാദാപുരം ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. സതീഷ് ബാബു, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ. നാസര്‍, എം.സി. സുബൈര്‍ ജനിത ഫിര്‍ദൗസ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.