കോഴിക്കോട് ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള ഇന്നത്തെ അറിയിപ്പുകള്‍ (24/01/2022) ഇങ്ങനെ


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

കോവിഡ് വാക്സിനേഷൻ : രണ്ടാം ഡോസ് ബാക്കിയുള്ളവർക്ക് പ്രത്യേക വാക്സിനേഷൻ യജ്ഞം

ജില്ലയിൽ കോവിഡ് പ്രതിരോധ വാക്സിൻ ഒന്നാം ഡോസെടുത്ത് 112 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് എടുക്കാത്തവർക്കായി ഇന്നു (ജനുവരി 25) മുതൽ പ്രത്യേക വാക്സിനേഷൻ യജ്ഞം നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതിനായി എല്ലാ സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിലും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഷീൽഡ് ഒന്നാം ഡോസെടുത്തതിനു ശേഷം 112 ദിവസം കഴിഞ്ഞിട്ടും വിവിധ കാരണങ്ങളാൽ രണ്ടാം ഡോസെടുക്കാൻ വിട്ടു പോയ 2 ലക്ഷത്തിലധികം പേർ ജില്ലയിലുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരക്കാർ ഈ അവസരം പ്രയോജനപ്പെടുത്തി വാക്സിനേഷൻ നിർബന്ധമായും പൂർത്തീകരിക്കണമെന്ന് ഡിഎംഒ പറഞ്ഞു. ഫെബ്രുവരി 15 ന് ശേഷം ഈ ക്രമീകരണം ഉണ്ടായിരിക്കുന്നതല്ല. അടുത്തുളള ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ടാൽ വാക്സിൻ എടുക്കുന്നതിനാവശ്യമായ സഹായങ്ങൾ ലഭിക്കും.

ഡിഎല്‍.എഡ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഡിഎല്‍.എഡ് 2021-23 വര്‍ഷത്തെ സ്വാശ്രയം മെറിറ്റ് വിഭാഗം അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ www.kozhikodedde.in ലഭിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിലെ പന്തലായനി അഡീഷണല്‍ ഐ.സി.ഡി.എസ് പരിധിയിലുള്ള അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് ഒന്നര വരെ ടെണ്ടര്‍ സ്വീകരിക്കും. അന്നേ ദിവസം ഉച്ചക്ക് രണ്ടിന് ടെണ്ടര്‍ തുറക്കും. ഫോണ്‍: 0496 2621190, 8157807752.

ഇന്റര്‍വ്യൂ മാറ്റിവെച്ചു

പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം ജനുവരി 27 ന് ഫാം ഓഫീസര്‍ തസ്തികയിലേക്ക് നടത്താനിരുന്ന താത്കാലിക നിയമനത്തിനുള്ള ഇന്റര്‍വ്യൂ സാങ്കേതിക കാരണത്താല്‍ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ക്ക് 0467 2260632 എന്ന നമ്പറില്‍ ബന്ധപ്പെടുക.

നോർക്ക അറ്റസ്റ്റേഷന്‍ ഉണ്ടാകില്ല

നോര്‍ക്ക റൂട്ട്‌സ് കോഴിക്കോട് മേഖല സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല. അറ്റസ്റ്റേഷന്‍ ആരംഭിക്കുന്ന തീയതി പിന്നീട് അറിയിക്കും.

ജില്ലാ ടിബി കേന്ദ്രം അനുബന്ധ കെട്ടിടം മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട് ജില്ലാ ടിബി കേന്ദ്രം അനുബന്ധ കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. കോഴിക്കോട് ജില്ലയില്‍ ക്ഷയരോഗ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ നേതൃത്വം നൽകി വരുന്ന സ്ഥാപനമാണ് ജില്ലാ ടിബി കേന്ദ്രമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തു നിന്നും 2025 ഓടു കൂടി ക്ഷയരോഗം നിർമാർജനം ചെയ്യാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഇതിനായി ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടു കൂടി അക്ഷയകേരളം പദ്ധതിയിലൂടെ നല്ല ഇടപെടലുകളാണ് നടക്കുന്നത്. ആരോഗ്യ സംരക്ഷണ മേഖലയിൽ കേരളം നിശ്ചിത ലക്ഷ്യങ്ങൾ മുൻനിർത്തി ശാസ്ത്രീയമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ക്ഷയരോഗം ഉൾപ്പെടെയുള്ള രോഗങ്ങളെ നിർമാർജനം ചെയ്യുക, ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ഊർജിതമായി മുന്നോട്ടു കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്. 30 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് പ്രമേഹം അടക്കമുള്ള ജീവിതശൈലീ രോഗങ്ങൾ വരാനുള്ള സാധ്യതകൾ കൃത്യമായി വിശകലനം ചെയ്ത് ചിട്ടയായ ജീവിതക്രമത്തിലൂടെ ജീവിത ശൈലീ രോഗമുള്ളവരുടെ എണ്ണം കുറക്കുക എന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രമേഹരോഗികൾക്ക് രോഗപ്രതിരോധശേഷി കുറവായതിനാൽ ഇവർക്ക് ക്ഷയരോഗം വരാനുള്ള സാധ്യത കൂടുതലാണ്. കോവിഡ് പശ്ചാത്തലത്തിലും ഇത്തരം ബോധവൽകരണ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് ശ്രദ്ധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ടിബി കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട അനുബന്ധ കെട്ടിടം സിബി നാറ്റ് ഉള്‍പ്പെടെ ഉള്ള പരിശോധന സംവിധാനങ്ങള്‍ ഒരുക്കുന്നതിനും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എന്‍.ടി.ഇ.പി പരിശീലന പരിപാടികള്‍ നല്‍കുന്നതിനും മുതല്‍ക്കൂട്ടാവുമെന്നും ക്ഷയ രോഗമുക്ത കേരളത്തിനായുള്ള ജില്ലയിലെ അക്ഷയ കേരളം പദ്ധതിയുമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും മന്ത്രി അധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിച്ചു. കഴിഞ്ഞ ഒന്നര വർഷമായി കോവിഡ് പ്രതിസന്ധിയിലും ഇപ്പോൾ ഒമിക്രോൺ ഭീതിക്കിടയിലും അഹോരാത്രം ജോലി നിർവഹിക്കുന്ന ആരോഗ്യ പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു. നാഷണല്‍ ട്യൂബര്‍കുലോസിസ് എലിമിനേഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകരെ മന്ത്രി ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ഗെയ്ല്‍ ഇന്‍ഡ്യാ ലിമിറ്റഡ് ജില്ലാ ടിബി സെന്ററിന് സംഭാവന ചെയ്ത മൊബൈല്‍ എക്‌സ്‌റേ യൂണിറ്റിന്റെ ഉദ്ഘാടനവും ക്ഷയരോഗ ബോധവൽകരണവുമായി ബന്ധപ്പെട്ട് നിര്‍മിച്ച ‘ആരോഗ്യ ചിന്ത’ ഷോര്‍ട് ഫിലിമിന്റെ പ്രകാശനവും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു.

കോര്‍പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി മുഖ്യാതിഥിയായി. ജനമൈത്രി പോലീസ് ജില്ലാ ടിബി സെന്ററിന് നല്കിയ ഓക്‌സിജന്‍ കോണ്‍സൻട്രേറ്ററിന്റെ ഉദ്ഘാടനം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ടി.റെനീഷ് നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ഉമ്മര്‍ ഫാറൂഖ്, ജില്ലാ ടിബി ആന്‍ഡ് എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.പി.പി.പ്രമോദ് കുമാര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ.നവീന്‍, ഗൈല്‍ ഇന്‍ഡ്യാ ലിമിറ്റഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഇ.കെ.രാജീവ് കുമാര്‍, വിജു എം.നായര്‍, ജനമൈത്രി സിവില്‍ പോലീസ് ഓഫീസര്‍ സുനിത, ഗവ. മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ.കെ.സി.രമേഷ് എന്നിവര്‍ സംസാരിച്ചു.