കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (10/01/2021)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

സംരംഭകത്വ പരിശീലനം

ഭക്ഷ്യസംസ്കരണ മേഖലയിൽ സൂക്ഷ്മ – ചെറുകിട വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ താൽപര്യമുള്ള 18 നും 45 നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്കായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റിന്റെയും ആഭിമുഖ്യത്തിൽ 20 ദിവസം നീണ്ടു നിൽക്കുന്ന സംരംഭകത്വ പരിശീലന പരിപാടി (ടെക്നോളജി മാനേജ്മെന്റ് ഡവലപ്മെന്റ് പ്രോഗ്രാം) നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്സ്, വൊക്കേഷണൽ / ഐ.ടി.ഐ.
ഭക്ഷ്യ സംസ്കരണ മേഖലയിൽ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ താൽപര്യമുള്ളവർ ജനുവരി 17 നകം വെളളയിൽ ഗാന്ധിറോഡിലുള്ള ജില്ലാ വ്യവസായ കേന്ദ്രത്തിൽ നേരിട്ട് പേര് രജിസ്റ്റർ ചെയ്യണമെന്ന് ജനറൽ മാനേജർ അറിയിച്ചു. ഫോൺ: 0495-2765770, 2766563.

ഓട്ടോകാഡ് സോഫ്റ്റ് വെയർ പരിശീലനം

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന എലത്തൂർ ഗവ. ഐ.ടി.ഐ.യിലെ ഐ.എം.സി. സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഓട്ടോകാഡ് സോഫ്റ്റ് വെയറിൽ പരിശീലനം നൽകുന്നു. ജനുവരി 17 ന് ആരംഭിക്കുന്ന പരിശീലനത്തിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ എൻസിവിടി കെജിസിഇ), സർവ്വെയർ (എൻസിവിടി കെജിസിഇ), സിവിൽ എഞ്ചിനിയറിംഗ് ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയവരും ഇതേ ട്രേഡിൽ അവസാന വർഷത്തിൽ പഠിക്കുന്ന വരുമായ പരിശീലനാർത്ഥികൾക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ ജനുവരി 12 ന് 11 മണിക്ക് എസ്എസ്എൽസി, അസ്സൽ ജാതി സർട്ടിഫിക്കറ്റ്, ഡിപ്ലോമ സർട്ടിഫിക്കറ്റുകളും അവസാന വർഷം പഠിക്കുന്നവർ സർട്ടിഫിക്കറ്റുകൾക്കു പുറമേ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രവും സഹിതം ഹാജരാകണം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻഎസ്ഡിസി അംഗീകാരമുള്ള കാഡ് സെന്ററിന്റെ സർട്ടിഫിക്കറ്റ് ലഭിക്കും. വിശദ വിവരങ്ങൾക്ക് 0495-2481898, 9947895238.

സ്‌പെഷ്യല്‍ മണ്ണെണ്ണ വിതരണം ആരംഭിച്ചു

ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസത്തെ ത്രൈമാസ വിഹിതവും ക്രിസ്തുമസ് പ്രമാണിച്ചുള്ള അര ലിറ്റര്‍ അധിക വിഹിതവും ഉള്‍പ്പെടെയുള്ള മണ്ണെണ്ണയുടെ വിതരണം റേഷന്‍ കടകളില്‍ ആരംഭിച്ചു. അര ലിറ്റര്‍ അധിക വിഹിതമുള്‍പ്പെടെ എല്ലാ വിഭാഗം വൈദ്യുതീകരിക്കാത്ത കാര്‍ഡുകള്‍ക്കും 8.5 ലിറ്ററും വൈദ്യുതീകരിച്ച മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്ക് 1.5 ലിറ്ററും വൈദ്യുതീകരിച്ച നീല, വെള്ള കാര്‍ഡുകള്‍ക്ക് ഒരു ലിറ്ററുമാണ് വിതരണം ചെയ്യുന്നത്.

ആട് വളര്‍ത്തലില്‍ പരിശീലനം

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആട് വളര്‍ത്തലില്‍ പരിശീലനം നൽകുന്നു. ജനുവരി 12 മുതല്‍ 14 വരെ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെയാണ് പരിശീലനം. പങ്കെടുക്കുന്നവർ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ കൊണ്ടുവരണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 30 പേര്‍ക്കായിരിക്കും പരിശീലനം. പങ്കെടുക്കുന്നവര്‍ 0491 2815454 നമ്പറിൽ വിളിച്ച് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് അസി. ഡയറക്ടര്‍ അറിയിച്ചു.

റീ ഇ – ടെണ്ടറുകള്‍ ക്ഷണിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ടെണ്ടര്‍ /റീ ഇ – ടെണ്ടറുകള്‍ ക്ഷണിച്ചു. വിവരങ്ങള്‍ e-tenderskerala.gov.in ൽ ലഭ്യമാണ്. ഫോണ്‍ : 0496 2630800.

പി.ജി. സീറ്റൊഴിവ്

കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍ ഒന്നാം വര്‍ഷ പി.ജി. ക്ലാസില്‍ വിവിധ വിഭാഗങ്ങളില്‍ ഒഴിവുകളുണ്ട്. എം.എ ഇക്കണോമിക്‌സ്, എം.എ ഇംഗ്ലീഷ്, എം.കോം, എം.എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് – എസ് ടി വിഭാഗത്തില്‍ ഒരോ ഒഴിവ് വീതവും എം.എ ഹിന്ദി – എസ് സി -2, എല്‍.സി – 1, എം.എ ഹിസ്റ്ററി – ഒബിഎക്‌സ് – 1 സീറ്റും ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത താല്‍പര്യമുള്ള കുട്ടികള്‍ ജനുവരി 11ന് ഉച്ചയ്ക്ക് രണ്ട് മണിക്കകം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

എസ്.എസ്.കെയില്‍ സ്‌പെഷല്‍ എഡ്യുക്കേറ്റര്‍ നിയമനം

സമഗ്ര ശിക്ഷാ കോഴിക്കോട് ജില്ലാ പ്രോജക്ട് ഓഫീസിനു കീഴിലെ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളില്‍ ഇന്‍ക്ലൂസീവ് എഡ്യുക്കേഷന്‍ വിഭാഗത്തില്‍ എലമെന്ററി, സെക്കണ്ടറി വിഭാഗം സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരെ നിയമിക്കുന്നു. അഭിമുഖം ജനുവരി 13ന് രാവിലെ 10 മണിക്ക് ഈസ്റ്റ് നടക്കാവിലുള്ള ജില്ലാ പ്രോജക്ട് ഓഫീസില്‍ നടക്കും. അപേക്ഷകര്‍ക്ക് റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ആര്‍. സി.ഐ)യുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. അപേക്ഷകര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണമെന്ന് ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ : 0495 2361440.

ഡിഎല്‍ -എഡ് ഇന്റര്‍വ്യൂ 13, 14 തീയതികളില്‍

സർക്കാർ ടി.ടി.ഐ കളിലേക്കുള്ള 2021-23 വര്‍ഷത്തെ ഡിഎല്‍ -എഡ് കോഴ്‌സ് പ്രവേശനത്തിന് ജനുവരി 13, 14 തീയതികളില്‍ രാവിലെ 10 മണി മുതല്‍ നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഇന്റര്‍വ്യൂ നടക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ www.kozhikodedde.in ൽ.

വ്യവസായ സംരംഭകരുടെ ഫോളോ അപ്പ് മീറ്റിംഗ് 21 ന് ; പുതിയ പരാതികൾ സ്വീകരിക്കും

ജില്ലയിൽ വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട സംരംഭകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വ്യവസായ വകുപ്പ് മന്ത്രി 2021 ആഗസ്റ്റ് 24 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ മിനിസ്റ്റേഴ്‌സ് മീറ്റില്‍ പരിഹരിക്കപ്പെടാത്ത പരാതികൾ സംബന്ധിച്ച ഫോളോ അപ്പ് മീറ്റിംഗ് ജനുവരി 21ന് രാവിലെ 11 മണിക്ക് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് പങ്കെടുക്കും. വ്യവസായ സംരംഭം നടത്തുന്നതുമായി ബന്ധപ്പെട്ട പുതിയ പരാതിയുണ്ടെങ്കില്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ജനുവരി 14 നകം സമര്‍പ്പിക്കാമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. പരാതികള്‍ gmdiccalicut@gmail.com എന്ന വിലാസത്തില്‍ ഇ-മെയില്‍ ആയും അയക്കാം.

ഗതാഗതം നിരോധിച്ചു

പെരിങ്ങളം – കുരിക്കത്തൂര്‍ – പെരുവഴിക്കടവ് റോഡില്‍ കുരിക്കത്തൂര്‍ ജംഗ്ഷനില്‍ റോഡിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 14 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പെരുവഴിക്കടവ് നിന്നും പെരിങ്ങളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പെരിയങ്ങാട് മുണ്ടക്കല്‍ ശാന്തിച്ചിറ വഴിയും തിരിച്ചും പോകണം.

വരിക്കാരുടെ സംഗമവും കാര്‍ഷിക സെമിനാറും സംഘടിപ്പിച്ചു

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കോഴിക്കോട് മേഖലാ ഓഫീസിന്റെ അഭിമുഖ്യത്തില്‍ കേരള കര്‍ഷകന്‍ മാസിക വരിക്കാരുടെ സംഗമവും കാര്‍ഷിക സെമിനാറും സംഘടിപ്പിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി. ശാരുതി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.സിന്ധു അദ്ധ്യക്ഷത വഹിച്ചു.

ഒളവണ്ണ ഗ്രാമ പഞ്ചായത്ത് ഇ.എം.എസ് ഹാളില്‍ നടന്ന പരിപാടിയിൽ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പ്രവര്‍ത്തനങ്ങളും കേരള കര്‍ഷകന്‍ മാസിക ഉള്‍പ്പെടെയുളള വിവിധ പ്രസിദ്ധീകരണങ്ങൾ സംബന്ധിച്ചും അസിസ്റ്റന്റ് ഡയറക്ടര്‍ പി.ടി.നിഷ വിശദീകരിച്ചു.

യോഗത്തില്‍ കേരള കര്‍ഷകന്‍ വരിക്കാരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ചു. ‘നാളികേര വികസനം – നൂതന മാര്‍ഗ്ഗങ്ങള്‍’ എന്ന വിഷയത്തെക്കുറിച്ച് റിട്ടയേര്‍ഡ് പ്രിന്‍സിപ്പൽ കൃഷി ഓഫീസര്‍ പി.വിക്രമന്‍ ക്ലാസ്സെടുത്തു.

മത്സ്യത്തൊഴിലാളി അദാലത്തും ആനുകൂല്യ വിതരണവും 15ന്

മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും ജനുവരി 15 ന് രാവിലെ 10 മണിക്ക് വരക്കല്‍ ബീച്ചിലെ സമുദ്ര കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് മുഖ്യാതിഥിയാകും.

ജില്ലയിൽ ഇന്ന് 561പേർ‍ക്ക് കോവിഡ്; രോഗമുക്തി 249, ടി.പി.ആര്‍: 13.33 ശതമാനം

ജില്ലയില്‍ ഇന്ന് 561 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 549 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 7 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 5 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 4,337 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 249 പേര്‍ കൂടി രോഗമുക്തി നേടി. 13.33 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 4,661 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 582 പേർ ഉൾപ്പടെ 16,711 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 12,05,316 പേർ നിരീക്ഷണം പൂർത്തിയാക്കി. 4,495 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

സ്ഥിതി വിവരം ചുരുക്കത്തിൽ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവർ – 4,661

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ – 65

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 57

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 0

സ്വകാര്യ ആശുപത്രികള്‍ – 126

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 0

വീടുകളില്‍ ചികിത്സയിലുളളവര്‍ – 3,852