വാക്സിന്‍ എടുക്കാത്തവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം: ജില്ലാ ഭരണകൂടത്തിന്റെ ഇന്നത്തെ പ്രധാന അറിയിപ്പുകള്‍


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

കോവിഡ് വാക്സിനെടുക്കാത്തവര്‍ ബന്ധപ്പെടണം

ജില്ലയിലെ 45വയസ്സിന് മുകളിലുള്ള ഇതുവരെ കോവിഡ് പ്രതിരോധ വാക്സിനെടുക്കാത്തവര്‍ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരെയോ ആശാ പ്രവര്‍ത്തകരെയോ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ബസ്സുകളുടെ ബോര്‍ഡില്‍ ‘ഗവ.ഹോമിയോ ആശുപത്രി വഴി’ എന്ന് ഉള്‍പ്പെടുത്തണം

ഗവ. ഹോമിയോ ആശുപത്രി കണ്ടുംകുളങ്ങര- കോഴിക്കോട് വഴി പോകുന്ന എല്ലാ ബസ്സുകളും ബോര്‍ഡില്‍ ‘ഗവ. ഹോമിയോ ആശുപത്രി വഴി’ എന്ന് ഉള്‍പ്പെടുത്തണമെന്ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0495 2371705.

ടൈമിംഗ് കോണ്‍ഫറന്‍സ് 30 ന്

പന്തീരാങ്കാവ് – കൊളക്കൂത്ത് – മെഡിക്കല്‍ കോളേജ് – മുക്കത്തുകടവ് – പാറമ്മല്‍ – രാമനാട്ടുകര – തൊണ്ടയാട് – കോവൂര്‍ റൂട്ടില്‍ പെര്‍മിറ്റ് അനുവദിക്കുന്നതിന് കെഎല്‍ 10 എപി 444 എന്ന സ്റ്റേജ് കാരിയേജ് വാഹനത്തിന്റെ ടൈമിംഗ് കോണ്‍ഫറന്‍സ് സെപ്തംബര്‍ 30 ന് ഓണ്‍ലൈനായി നടത്തുമെന്ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സെക്രട്ടറി അറിയിച്ചു. വാഹനത്തിന്റെ ടൈമിങ്ങിന് എതിരെ പരാതി നല്‍കിയവര്‍ സെപ്തംബര്‍ 22നകം സെക്രട്ടറി മുമ്പാകെ ഹാജരാക്കണം. അല്ലാത്ത പക്ഷംടൈമിംഗ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല.

വ്യക്തിത്വ വികസനത്തില്‍ സൗജന്യ പരിശീലനം

ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമുളള മത്സപരീക്ഷകളില്‍ വിദ്യാര്‍ത്ഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷന്‍, സാമൂഹിക പരിജ്ഞാനം, കരിയര്‍ വികസനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നീ മേഖലകളില്‍ പരിശീലനം നല്‍കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസത്തെ സൗജന്യ പരിശീലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 1,000 രൂപ സ്‌റ്റൈപെന്റ് ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ മൂന്ന് വര്‍ഷ ഡിപ്ലോമയോ എഞ്ചിനീയറിംഗ് കോഴ്‌സോ പാസ്സായവര്‍ക്കും കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്കും അവസരം ലഭിക്കും. പ്രായ പരിധി 18 നും 26നും മദ്ധ്യേ. താല്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സൈബര്‍ശ്രീ സെന്റര്‍, സി ഡിറ്റ്, അംബേദ്കര്‍ ഭവന്‍, മണ്ണന്തല പി.ഒ, തിരുവനന്തപുരം 695015 എന്ന വിലാസത്തിലോ cybersricdit@gmail.com ഇ മെയില്‍ വിലാസത്തിലോ സെപ്തംബര്‍ 27 നകം അപേക്ഷിക്കണം. അപേക്ഷാ ഫോം www.cybersri.org ല്‍ ലഭ്യമാണ്. ഫോണ്‍ 0471 2933944, 9947692219, 9447401523.

സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പിലെ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നം. 418/2019) തസ്തികയുടെ സാധ്യതാ പട്ടിക കേരള പി എസ് സി പ്രസിദ്ധീകരിച്ചു.

ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡിന് ഓണ്‍ലൈനായി അപേക്ഷിക്കാം

റേഷന്‍ കാര്‍ഡ് നഷ്ടമായവര്‍ക്ക് ഒരു മാസത്തിന് ശേഷം ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ ഓണ്‍ലൈനായി നല്‍കാമെന്ന് വടകര താലൂക്ക് സപ്ലൈ ് ഓഫിസര്‍ അറിയിച്ചു. റേഷന്‍ കാര്‍ഡ് നഷ്ടമായി എന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ റസീപ്റ്റ് പകര്‍പ്പ് ആവശ്യമില്ല. നഷ്ടപ്പെട്ട കാര്‍ഡ് തിരിച്ചു കിട്ടുകയാണെങ്കില്‍ നിര്‍ബന്ധമായും ഓഫീസില്‍ തിരിച്ചേല്‍പിക്കണം.

ഐ.ഐ.ഐ.സി അപേക്ഷ തീയതി നീട്ടി

സംസ്ഥാന തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ജില്ലയിലെ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ (ഐ ഐ ഐ സി)കോഴ്സുകളിലേക്ക് സെപ്റ്റംബര്‍ 25 വരെ അപേക്ഷിക്കാം. ഒക്ടോബറിലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. ഓണ്‍ലൈനായിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെബ്സൈറ്റ് :www.iiic.ac.in കൂടുതല്‍ വിവരങ്ങള്‍ക്ക് 8078980000.

ശാസ്ത്രീയ പശുപരിപാലനം- വിവിധ വിഷയങ്ങളില്‍ പരിശീലനം

കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ശാസ്ത്രീയ പശുപരിപാലനം അടിസ്ഥാനമാക്കി സെപ്തംബര്‍ 17 വരെ വിവിധ വിഷയങ്ങളില്‍ രാവിലെ 10.30 മുതല്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നാളെ (സെപ്തംബര്‍ 14) ശാസ്ത്രീയ തീറ്റക്രമം – തീറ്റപ്പുല്‍ക്കൃഷിയും സംസ്‌ക്കരണവും എന്ന വിഷയത്തിലും 15 ന് ശാസ്ത്രീയ തീറ്റക്രമം -ഹൈഡ്രോപോണിക്സ്, അസോള, സൈലേജ്, ഹേ എന്ന വിഷയത്തിലും 16 നു ഡയറിഫാമുകളിലെ മാലിന്യ നിര്‍മാര്‍ജനം എന്ന വിഷയത്തിലും 17 ന് അന്യ സംസ്ഥാനങ്ങളില്‍ നിന്നും പശുക്കളെ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന വിഷയത്തിലും ഗൂഗിള്‍ മീറ്റ് വഴി ഓണ്‍ലൈന്‍ പരിശീലനം നല്‍കും. പങ്കെടുക്കാനുള്ള ലിങ്ക്: http://meet.google.com/uei-vphp-gni

ടെണ്ടര്‍ ക്ഷണിച്ചു

കേരള മാരിടൈം ബോര്‍ഡിനുവേണ്ടി ബേപ്പൂരിലെ പോര്‍ട്ട് ഓഫീസിലേക്ക് ഒരു റോള്‍ വയര്‍ റോപ് വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ സെപ്തംബര്‍ 22 ന് ഉച്ച ഒരു മണിക്കകം ലഭിക്കണം. ഫോണ്‍ 0495 2418610.

ലേബര്‍ ഫോഴ്സ് സര്‍വ്വേ മൂന്നാം പാനല്‍ തുടങ്ങി

പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വ്വേയുടെ മൂന്നാം പാനലിന് തുടക്കം. രാജ്യത്തെ തൊഴില്‍ സമൂഹത്തെ സംബന്ധിക്കുന്ന കൃത്യമായ ഇടവേളകളിലെ ആധികാരിക വിവരങ്ങള്‍ ലഭ്യമാക്കുന്നതിനാണ് 2017 ഏപ്രിലില്‍ സര്‍വ്വേ തുടങ്ങിയത്. രണ്ട് വര്‍ഷ പിരീഡുകളുള്ള രണ്ട് പാനലുകളാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. നഗരപ്രദേശങ്ങളിലെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒമ്പത് ത്രൈമാസ ബുള്ളറ്റിനുകളും ഗ്രാമ-നഗര പ്രദേശങ്ങളിലേക്കുള്ള മൂന്ന് വാര്‍ഷിക റിപ്പോര്‍ട്ടുകളും പി.എല്‍.എഫ്.എസ്. ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിലെ ഫൗണ്ടറി സെക്ഷനിലെ ഓയില്‍ ഫയേഡ് ഫര്‍ണസ് റിപ്പയര്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി സെപ്തംബര്‍ 23 ന് രണ്ട് മണി വരെ. ഫോണ്‍ : 0495 2383220, 2383210. വെബ്സൈറ്റ്: www.geckkd.ac.in

പ്രമാണ പരിശോധന, നിയമന പരിശോധന മാറ്റിവെച്ചു

നിപ്പവൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കേരള പിഎസ്‌സി കോഴിക്കോട് ജില്ല ഓഫീസില്‍ 2021 സെപ്തംബര്‍ 17 വരെ നടത്താനിരുന്ന പ്രമാണ പരിശോധന, നിയമന പരിശോധന എന്നിവ മാറ്റിവച്ചതായി ജില്ലാ ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വകുപ്പുതല പരീക്ഷകള്‍ക്ക് മാറ്റമില്ല.

വനിതകള്‍ക്ക് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി

മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെട്ടവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ഇമ്പിച്ചി ബാവ ഭവനനിര്‍മ്മാണ പദ്ധതിയില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നു. ശരിയായ ജനലുകള്‍,വാതിലുകള്‍,മേല്‍ക്കൂര,ഫ്ളോറിംഗ്,ഫിനിഷിംഗ്,പ്ലംബിംഗ്,സാനിട്ടേഷന്‍,ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നല്‍കുന്നത്. ഒരു വീടിന്റെ അറ്റകുറ്റപണികള്‍ക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1,200 ചതുരശ്ര അടി കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല്‍, കുടുംബത്തിന് മുന്‍ഗണന. അപേക്ഷകയോ അവരുടെ മക്കളോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരാണെങ്കിലും അപേക്ഷകയ്ക്ക് പെണ്‍കുട്ടികള്‍ മാത്രമേ ഉള്ളൂവെങ്കിലും മുന്‍ഗണന നല്‍കും. സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുളള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിനുമുമ്പ് 10 വര്‍ഷത്തിനുളളില്‍ ഭവന നിര്‍മ്മാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷ ഫോം മുഖേനയാണ് അപേക്ഷിക്കേണ്ടത്. 2021-2022 സാമ്പത്തിക വര്‍ഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം കോഴിക്കോട് കലക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ, ഡെപ്യൂട്ടി കലക്ടര്‍, ജില്ല ന്യൂനപക്ഷക്ഷേമ സെക്ഷന്‍, കലക്ടറേറ്റ്, കോഴിക്കോട് എന്ന വിലാസത്തില്‍ കലക്ടറേറ്റിലേക്ക് തപാല്‍ മുഖാന്തിരമോ സമര്‍പ്പിക്കാം. അപേക്ഷ ഫോം www.minoritywelfare.kerala.gov.in വെബ്സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 30. ഫോണ്‍ : 0495 2370518.

സംസ്ഥാനതല പട്ടയമേള നാളെ; ജില്ലയില്‍ വിതരണം ചെയ്യുന്നത് 1,739 പട്ടയങ്ങള്‍

പാര്‍പ്പിടത്തോടൊപ്പം തന്നെ ഭൂരഹിതരായ മുഴുവന്‍ ആളുകള്‍ക്കും ഭൂമി ലഭ്യമാക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി നാളെ (സെപ്റ്റംബര്‍ 14) സംസ്ഥാനതലത്തില്‍ നടത്തുന്ന പട്ടയമേളയില്‍ ജില്ലയില്‍ 1,739 പട്ടയങ്ങള്‍ വിതരണം ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയോടനുബന്ധിച്ച് രാവിലെ 11.30ന് തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാനതല പട്ടയമേളയുടെ ഭാഗമായാണ് വിതരണം. ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ അധ്യക്ഷത വഹിക്കും. 13,500 ഓളം പട്ടയങ്ങളാണ് മേളയില്‍ വിതരണം ചെയ്യുന്നത്.

കോഴിക്കോട് താലൂക്ക് പട്ടയമേള കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും താമരശ്ശേരി, കൊയിലാണ്ടി, വടകര താലൂക്കുകളിലേത് അതത് താലൂക്ക് കോണ്‍ഫറന്‍സ് ഹാളുകളിലുമായി കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കും പരിപാടി നടത്തുക.

സാങ്കേതികതകളിലും നിയമക്കുരുക്കുകളിലും പെട്ട് ഭൂമിയുടെ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ടിരുന്ന ആളുകള്‍ക്കായി 2016 നും 2021 നുമിടയില്‍ 1.75 ലക്ഷത്തോളം പട്ടയങ്ങളാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കുക എന്നതാണ് ഈ സര്‍ക്കാരിന്റെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന്.

ജില്ലാതല പരിപാടിയില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, പി.എ.മുഹമ്മദ് റിയാസ് എന്നിവര്‍ പട്ടയവിതരണം നിര്‍വ്വഹിക്കും. മേയര്‍ ബീന ഫിലിപ്പ്, എംപിമാരായ എം.കെ.രാഘവന്‍, കെ.മുരളീധരന്‍, എംഎല്‍എമാരായ പി ടി എ റഹിം, ഡോ.എം.കെ. മുനീര്‍, ടി.പി.രാമകൃഷ്ണന്‍, കാനത്തില്‍ ജമീല, കെ.പി.കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, കെ.കെ.രമ, കെ.എം.സച്ചിന്‍ദേവ്, ഇ.കെ.വിജയന്‍, ലിന്റോ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം.എന്‍.പ്രവീണ്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ കലക്ടര്‍ ഡോ.എന്‍. തേജ് ലോഹിത് റെഡ്ഡി, എഡിഎം സി.മുഹമ്മദ് റഫീഖ്, സബ്കലക്ടര്‍ വി.ചെല്‍സസിനി, അസി. കലക്ടര്‍ കെ.ആര്‍.മുകുന്ദ്, ഭൂപരിഷ്‌കരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.സുരേഷ് തുടങ്ങിയവരും പങ്കെടുക്കും.

ഇ-ലോക് അദാലത്ത്- 5,544 കേസുകള്‍ തീര്‍പ്പായി

നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും കേരളാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും നിര്‍ദേശാനുസരണം കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ കോടതികളില്‍ നടത്തിയ ഇ-ലോക് അദാലത്തില്‍ 5,544 കേസുകള്‍ തീര്‍പ്പായി. കോടതികളില്‍ നിലവിലുള്ള കേസുകളും പുതിയ പരാതികളുമായി 6,492 ഓളം കേസുകള്‍ പരിഗണനയ്ക്കായി വന്നു.

പ്രീലിറ്റിഗേഷന്‍ പെറ്റീഷന്‍ (പി.എല്‍.പി)വിഭാഗത്തില്‍ 650കേസുകളും 5842 പെന്റിങ്ങ് കേസുകളും പരിഗണിച്ചതില്‍ ബന്ധപ്പെട്ട അഭിഭാഷകരും കക്ഷികളും ഉദ്യോഗസ്ഥരും ഹാജരായ 5544 കേസുകളിലാണ് തീര്‍പ്പു കല്‍പ്പിച്ചത്. 20.85 കോടി രൂപ (20,85,17,338 രൂപ ) വിവിധ കേസുകളിലായി നല്‍കാന്‍ ഉത്തരവായി. കൊയിലാണ്ടി, വടകര, കുന്നമംഗലം, താമരശ്ശേരി കോടതികളിലെയും കോഴിക്കോട് ജില്ലാ കോടതി സമുച്ചയത്തില്‍ ഉള്‍പ്പെടുന്ന കോടതികളിലെയും കേസുകള്‍ പരിഗണയ്ക്ക് വന്നിരുന്നു. വാഹനാപകട നഷ്ടപരിഹാര കേസുകള്‍, ചെക്കു കേസുകള്‍, ബാങ്ക് റിക്കവറി, ലാന്റ് അക്വിസിഷന്‍ , രജിസ്‌ട്രേഷന്‍, മാട്രിമോണിയല്‍, സിവില്‍, ക്രിമിനല്‍ കേസുകള്‍, കെഡോ കേസുകള്‍, ബി.എസ്.എന്‍.എല്‍ പരാതികള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.
വിദ്യാഭ്യാസ വായ്പയെടുത്ത തുകയും പലിശയുമടക്കം കുടിശ്ശികയായ 5,16,781 രൂപയില്‍ 10,000 രൂപ മാത്രം മതിയെന്ന് ഒത്തുതീര്‍പ്പാക്കി എസ്ബിഐ കനിവിന്റെ പുതിയ മാതൃക തീര്‍ത്തു. ഈ ചെറിയ തുകയും അടച്ച് തീര്‍ക്കാനാവാത്ത നിരാലംബരായ രക്ഷിതാക്കളുടെ അവസ്ഥ മനസ്സിലാക്കി ബാങ്ക് ജീവനക്കാര്‍ തന്നെ ആ പണം സ്വന്തം കയ്യില്‍ നിന്നുമെടുത്ത് വീതിച്ച് നല്‍കി നന്‍മയുടെ വഴിയില്‍ പുതിയ ചരിത്രം കുറിച്ച് എസ്.ബി.ഐ അദാലത്തില്‍ മാതൃകയായി. കോഴിക്കോട് ചെറുകുളത്തൂര്‍ സ്വദേശിയായ സുഗതന്റെ മകള്‍ ആതിര ബി.ഡി.എസ് വിദ്യാര്‍ത്ഥിനി ആയിരിക്കെ സംഭവിച്ച അപകടത്തെ തുടര്‍ന്ന് കിടപ്പിലാകുകയും പഠനം പൂര്‍ത്തിയാക്കിയെങ്കിലും 75% അംഗവൈകല്യം ബാധിച്ചതിനാല്‍ പ്രാക്ടീസ് ചെയ്യുവാനോ ജോലി നേടുവാനോ കഴിയാതെ വായ്പ തിരിച്ചടക്കാന്‍ സാധിക്കാതെ വരികയുമായിരുന്നു.

സുപ്രീം കോടതി ജഡ്ജിയും നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനുമായ ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്, കേരള ഹൈക്കോടതി ജഡ്ജിയും കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനുമായ ജഡ്ജ് കെ.വിനോദ് ചന്ദ്രന്‍, ജില്ലാ ജഡ്ജിയും കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി മെമ്പര്‍ സെക്രട്ടറിയുമായ നിസാര്‍ അഹമ്മദ് എന്നിവര്‍ ഇ-അദാലത്ത് നടപടികള്‍ വീക്ഷിച്ചു.

കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ ജഡ്ജ് പി.രാഗിണിയുടെ മേല്‍നോട്ടത്തില്‍ ജില്ലാ ജഡ്ജ് അനില്‍കുമാര്‍, കെ.രാമകൃഷ്ണന്‍, സബ് ജഡ്ജ് അഷ്‌റഫ് എ.എം, ഡിഎല്‍എസ്എ സെക്രട്ടറി എം.പി ഷൈജല്‍ എന്നിവര്‍ അദാലത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ജില്ലയിലെ മുഴുവന്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരും പ്രീ അദാലത്തില്‍ പങ്കെടുത്തു. ജില്ലയിലെ മുഴുവന്‍ മജിസ്‌ട്രേറ്റ് കോടതികളിലും അദാലാത്തിനോട് അനുബന്ധിച്ച് സ്പെഷ്യല്‍ സിറ്റിംങ്ങുകളും നടത്തിയിരുന്നു.

കുന്ദമംഗലം മണ്ഡലത്തിലെ പാലം പ്രവൃത്തികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനം

കുന്ദമംഗലം മണ്ഡലത്തിലെ പാലം പ്രവൃത്തികളുടെ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് തീരുമാനമായി. ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഹാളില്‍ പി.ടി.എ റഹീം എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ധാരണയായത്.

ഒളവണ്ണ ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട് ഭരണാനുമതിയുള്ള മൂന്ന് പാലങ്ങളുടേയും പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് സ്ഥലം ലഭ്യമാക്കല്‍ നടപടി ത്വരിതപ്പെടുത്തും. തൊണ്ടിലക്കടവ് പാലത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നോട്ടിഫിക്കേഷനുകള്‍ പൂര്‍ത്തീകരിച്ചതായും ആവശ്യമായ തുക സംബന്ധിച്ച പ്രൊപ്പോസല്‍ സമര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും ലാന്റ് അക്വിസിഷന്‍ തഹസില്‍ദാര്‍ അറിയിച്ചു.

പിലാക്കലില്‍ നിലവിലുള്ള ഭരണാനുമതി നടപ്പാലം നിര്‍മ്മിക്കുന്നതിനാണെങ്കിലും പ്രദേശവാസികള്‍ സ്ഥലം വിട്ടു നല്‍കണമെന്ന ഉപാധിയോടെ വലിയ പാലം നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുന്നതിനും പള്ളിക്കടവില്‍ ലഭ്യമാക്കേണ്ട കുറഞ്ഞ സ്ഥലം കൂടി കിട്ടുന്ന മുറക്ക് പാലത്തിന്റെ സാങ്കേതികാനുമതി ലഭ്യമാക്കി പ്രവൃത്തികള്‍ ആരംഭിക്കുന്നതിനും തീരുമാനിച്ചു.

ഭരണാനുമതി ലഭിച്ച പടനിലം പാലത്തിന്റെ സ്ഥലമെടുപ്പ് നടപടികള്‍ ത്വരിതപ്പെടുത്തും. ടെണ്ടര്‍ ചെയ്ത ചെട്ടിക്കടവ് പാലത്തിന്റെ പ്രവൃത്തികള്‍ ഉടനെ ആരംഭിക്കും. മുക്കത്ത്കടവ് പാലത്തിന് പുതിയ ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്നതിനും ഭരണാനുമതിയുള്ള തലപ്പനക്കുന്ന് പാലത്തിന്റെ നടപടികള്‍ വേഗത്തിലാക്കുന്നതിനും തീരുമാനിച്ചു. മുടങ്ങിക്കിടന്ന മൂഴാപാലം പ്രവൃത്തി പുനരാരംഭിക്കാനും വേഗത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാനും പ്രത്യേക ശ്രദ്ധ ചെലുത്തുന്നതിന് പാലങ്ങള്‍ വിഭാഗം എക്‌സി. എഞ്ചിനീയര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവീന്ദ്രന്‍ പറശ്ശേരി, ഒളവണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ ജയപ്രശാന്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ സിന്ധു, പി ഷിബില, പി വേലായുധന്‍, വി.സി മുഹമ്മദ് കോയ, എം.എം ഗണേശന്‍, എന്‍.എം സുദേവന്‍, പാലങ്ങള്‍ വിഭാഗം എക്സി. എഞ്ചിനീയര്‍ ബെന്നി ജോണ്‍, അസി. എഞ്ചിനീയര്‍ പി സന്തോഷ്, ലാന്റ് അക്വിസിഷന്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍മാരായ പി രാജീവന്‍, കെ ഹരീഷ്, പഞ്ചായത്ത് ആസൂത്രണ സമിതി അംഗം കെ ബൈജു എന്നിവര്‍ സംസാരിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി സ്വാഗതവും പാലങ്ങള്‍ വിഭാഗം അസി. എക്സി. എഞ്ചിനീയര്‍ പി.ബി ബൈജു നന്ദിയും പറഞ്ഞു.