കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (02/12/2021)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

 

ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ച ആരംഭിച്ചു

ജില്ലയില്‍ അതീവ ദരിദ്രരെ കണ്ടെത്തുന്ന പ്രക്രിയക്ക് തുടക്കമായി. ഇതിന്റെ ഭാഗമായുള്ള ഫോക്കസ്സ് ഗ്രൂപ്പ് ചര്‍ച്ചകള്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ ആരംഭിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാമൂഹ്യ സന്നദ്ധ രാഷ്ട്രീയ വ്യാപാര സംഘടനാ പ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ ഈ ആഴ്ചയോടെ പൂര്‍ത്തീകരിക്കും. ഡിസംബര്‍ ആറിനകം അതിദരിദ്രരുടെ പ്രാഥമിക പട്ടിക തയ്യാറാക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ എല്ലാ ഭരണ സ്ഥാപനങ്ങളിലും നടന്നു വരുന്നതായി ജില്ലാ നോഡല്‍ ഓഫീസര്‍ ആന്റ് പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.

ഭിന്നശേഷി ദിനാഘോഷം

അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് (ഡിസം.മൂന്ന്) രാവിലെ 9.30 മുതല്‍ കോഴിക്കോട് കെ.പി കേശവ മേനോന്‍ ഹാളില്‍ നടക്കുന്ന ജില്ലാതല പരിപാടികള്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി അധ്യക്ഷത വഹിക്കും.

ദര്‍ഘാസ് കം ലേലം 15ന്

കോഴിക്കോട് മാത്തോട്ടം വനശ്രീ കോംപ്ലക്സില്‍ അപകടകരമായി നില്‍ക്കുന്ന ഒന്‍പത് മരങ്ങള്‍ മുറിക്കുന്നതിനും എട്ട് മരങ്ങളുടെ ഭീഷണിയായി നില്‍ക്കുന്ന 20 ശാഖകള്‍ മുറിക്കുന്നതിനും വനശ്രീ കോംപ്ലക്സില്‍ ദര്‍ഘാസ് കം ലേലം നടത്തി ഡിസംബര്‍ 15 ന് വൈകീട്ട് മൂന്ന് മണിയ്ക്ക് വില്‍ക്കും. ദര്‍ഘാസ് ഫോറം ഡിസംബര്‍ എട്ട് മുതല്‍ കോഴിക്കോട് ടിമ്പര്‍സെയില്‍സ് ഡിവിഷന്‍ ഓഫീസില്‍ നിന്നും ലഭിക്കും.ഫോറങ്ങള്‍ ലേല ദിവസം 2.30 വരെ സ്വീകരിക്കും. ഫോണ്‍: 0495 2414702.

ഗതാഗത നിയന്ത്രണം

കൂമ്പാറ-കൂടാരഞ്ഞി റോഡിലെ കൂമ്പാറ പാലം പുനരുദ്ധാരണത്തിനുവേണ്ടി കൂമ്പാറ-കൂടാരഞ്ഞി റോഡില്‍ ഡിസംബര്‍ ആറ് മുതല്‍ പ്രവൃത്തി തീരുന്നതു വരെ വാഹന ഗതാഗതം നിയന്ത്രിച്ചു. ഈ വഴിയുള്ള വാഹനങ്ങള്‍ കൂടാരഞ്ഞി പോസ്റ്റ് ഓഫീസിന് അടുത്തുനിന്ന് മരഞ്ചാട്ടി വഴി കൂമ്പാറയിലേക്കും തിരിച്ചും പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

സീറ്റൊഴിവ്

താനൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒന്നാം സെമസ്റ്റര്‍ (2021.22) ഇന്റഗ്രേറ്റഡ് മലയാളം എം എ കോഴ്സില്‍ എസ്.ടി, ഒ.ബി.എക്സ്/എല്‍.സി വിഭാഗങ്ങള്‍ക്ക് അനുവദിച്ച സീറ്റുകളില്‍ ഒഴിവുകളുണ്ട്. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ ആറിന് രാവിലെ 10 മണിക്ക് അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി കോളേജില്‍ നേരിട്ട് ഹാജരാകണം.വിശദ വിവരങ്ങള്‍ക്ക് gctanur.ac.in.

തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതികൾക്ക് അംഗീകാരം

ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങൾ തയ്യാറാക്കിയ 2021-2022 വാർഷിക പദ്ധതി ഭേദഗതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. വീഡിയോ കോൺഫറൻസ് മുഖേന വ്യാഴാഴ്ച ചേർന്ന യോഗത്തിൽ 20 ഗ്രാമപഞ്ചായത്തുകളുടെയും ആറ് ബ്ലോക്ക് പഞ്ചായത്തുകളുടെയും പദ്ധതികൾക്ക് അംഗീകാരം നൽകി. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികളും അവയുടെ വിശദീകരണവും ജില്ലാ പ്ലാനിങ് ഓഫീസർ ടി.ആർ.മായ യോഗത്തിൽ അവതരിപ്പിച്ചു. പദ്ധതി ഭേദഗതി അംഗീകാരത്തിനായി തദ്ദേശസ്ഥാപനങ്ങൾക്ക് ഈ മാസം 10 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് യോഗം അറിയിച്ചു. ഡിസംബർ 13ന് അടുത്ത യോഗം ചേരും. എഡിഎം സി.മുഹമ്മദ് റഫീഖ്, വിവിധ തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

സാങ്കേതിക ശില്‍പശാല ജനുവരിയില്‍; സംരംഭകർക്ക് രജിസ്റ്റർ ചെയ്യാം

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 2021-22 കാലയളവിലെ സാങ്കേതിക ശില്‍പശാല (ടെക്നോളജി ക്ലിനിക്) ജനുവരിയില്‍ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കും. പാക്കേജിങ്, സ്പൈസസ് മൂല്യവര്‍ദ്ധനവ് എന്നീ വിഷയങ്ങളെ ബന്ധപ്പെടുത്തിയാണ് ശില്‍പശാല. പങ്കെടുക്കാന്‍ താല്‍പര്യമുള്ള സംരംഭകരും പുതുസംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ഗുണഭോക്താക്കളും ജനുവരി 11 നകം കോഴിക്കോട് ഗാന്ധി റോഡുള്ള ജില്ലാ വ്യവസായ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 0495 2766563, 2765770.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ഡാറ്റാ എന്‍ട്രി ഓപ്പറേറ്റർ നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്റെ ഓഫീസില്‍ ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ബി.കോം ബിരുദം നേടിയവരും ഗവ. അംഗീകൃത പി.ജി.ഡി.സി.എ കോഴ്സ് പാസായവരും അക്കൗണ്ടിംഗിലും ബുക്ക് കീപ്പിങ്ങിലും പ്രവൃത്തി പരിചയവുമുളളവരുമായിരിക്കണം. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ് റൈറ്റിംഗ് പരിജ്ഞാനം വേണം. ബയോഡാറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 10ന് വൈകിട്ട് അഞ്ചിനകം ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍, മഹാത്മാഗാന്ധി എന്‍.ആര്‍.ഇ. ജി.എസ്, സിവില്‍ സ്റ്റേഷന്‍, സി ബ്ലോക്ക്, നാലാം നില, കോഴിക്കോട് എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖാന്തിരമോ jpcmgnregskkd1@gmail.com ഇ-മെയിലിലോ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0495-2377188.

യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അപേക്ഷിക്കാം

സംസ്ഥാന യുവജന കമ്മീഷന്‍ 2021 ലെ യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല/സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹ്യസേവനം, വ്യവസായം/സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഉന്നത നേട്ടം കൈവരിച്ചവരുമായ യുവജനങ്ങളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. അവാര്‍ഡിനായി നാമനിര്‍ദേശം നല്‍കാവുന്നതോ സ്വമേധയാ അപേക്ഷ സമര്‍പ്പിക്കാവുന്നതോ ആണ്. യുവജനക്ഷേമ ബോര്‍ഡില്‍ നിന്നും അംഗീകാരമൊന്നും ലഭിച്ചിട്ടില്ലാത്തവരും മുമ്പ് യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അര്‍ഹരായിട്ടില്ലാത്തവരുമായിരിക്കണം അപേക്ഷകര്‍. പൊതുജനങ്ങളില്‍ നിന്നും കിട്ടുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി ആറ് പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നതെന്ന് സെക്രട്ടറി അറിയിച്ചു. യൂത്ത് ഐക്കണായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20,000 രൂപയുടെ കാഷ് അവാര്‍ഡും ബഹുമതി ശില്‍പ്പവും നല്‍കും. നിര്‍ദേശങ്ങള്‍ official.ksyc@gmail.com എന്ന മെയിലില്‍ അറിയിക്കണം. കമ്മീഷന്റെ വികാസ് ഭവനിലുള്ള ഓഫീസില്‍ നേരിട്ടും നിര്‍ദേശങ്ങള്‍ നല്‍കാവുന്നതാണ്. അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ഡിസംബര്‍ 15.

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ www.kmtboard.com എന്ന വെബ് വിലാസത്തില്‍ ലഭ്യമാക്കിയിട്ടുള്ള ലൈഫ് സര്‍ട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തിയതിനുശേഷം ഡിസംബര്‍ 31 നകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ്, കെയുആര്‍ഡിഎഫ്സി ബില്‍ഡിംഗ് രണ്ടാം നില, ചാക്കോരത്തുകുളം, വെസ്റ്റ്ഹില്‍ പി.ഒ, കോഴിക്കോട് 673005 എന്ന വിലാസത്തില്‍ അയക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 0495 2966577.

അനധികൃത ഹോസ്റ്റല്‍ മെസ്സുകള്‍ക്കെതിരെ നിയമനടപടിയെന്ന് ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍

അനധികൃതമായി പ്രവൃത്തിക്കുന്ന ഹോസ്റ്റല്‍ മെസ്സുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ അറിയിച്ചു. ജില്ലയില്‍ ഭക്ഷ്യവിഷബാധകൾ ആവര്‍ക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
നാല് ഭക്ഷ്യവിഷബാധ പരാതികളാണ് കഴിഞ്ഞ രണ്ട് മാസങ്ങളിലായി ഹോസ്റ്റലുകളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയിലെ മുഴുവന്‍ ഹോസ്റ്റലുകളും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗവ/പ്രൈവറ്റ്/എന്‍.ജി.ഒ/യൂത്ത് ഹോസ്റ്റല്‍ തുടങ്ങിയ എല്ലാ മേഖലയിലെ ഹോസ്റ്റല്‍ മെസ്സുകളും കാന്റീനുകളും fssai ലൈസന്‍സ് എടുക്കണം. സ്ഥാപനത്തില്‍ ഭക്ഷണം പാകം ചെയ്യുന്ന ഭാഗം വൃത്തിയായി സൂക്ഷിക്കണം. ഉപയോഗിക്കുന്ന വെള്ളം എന്‍എബിഎല്‍ അക്രെഡിറ്റഡ് ലാബില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തണം. പരിശോധനാ വേളയില്‍ റിപ്പോര്‍ട്ട് ഹാജരാക്കണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ മെഡിക്കല്‍ ഫിറ്റ്നസ് ടെസ്റ്റിന് വിധേയമായ പരിശോധനാ റിപ്പോര്‍ട്ട് പരിശോധന സമയത്ത് ഹാജരാക്കണം. ഹോസ്റ്റല്‍ മെസ്സുകളെക്കുറിച്ച് പരാതിയുണ്ടെങ്കിൽ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും 18004251125 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കാമെന്ന് അസി. കമ്മീഷണര്‍ അറിയിച്ചു.

സിവില്‍ ഡ്രാഫ്റ്റ്സ്മാന്‍ അഭിമുഖം

കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെമോളിഷന്‍ വേസ്റ്റ് മാനേജ്മെന്റ് പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തുന്ന സര്‍വ്വേ ജോലികള്‍ക്കായി ഐ.ടി.ഐ സിവില്‍ ഡ്രാഫ്റ്റ്സ്മാന്‍/സര്‍വ്വേയില്‍ കുറയാത്ത യോഗ്യത ഉളളവരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ ഏഴിന് രാവിലെ 11 മണിക്ക് ചക്കോരത്തുകുളത്തുളള കാര്യാലയത്തില്‍ നടത്തുന്ന അഭിമുഖത്തിന് പങ്കെടുക്കണമെന്ന് ടൗണ്‍ പ്ലാനര്‍ അറിയിച്ചു. കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെമോളിഷന്‍ വേസ്റ്റുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0495 2369300.

സൗജന്യ സ്വയംതൊഴില്‍ പരിശീലനം

ജില്ലാ നെഹ്റുയുവകേന്ദ്രയും വടകര ഗൈഡന്‍സ് സര്‍വ്വീസ് സെന്റര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന അംഗീകൃത സ്വയംതൊഴില്‍ പരിശീലനം ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ ഗൈഡന്‍സ് എജ്യുക്കേഷണല്‍ ഹബ്ബില്‍ നടക്കും. ബ്യൂട്ടീഷന്‍ കോഴ്സില്‍ സൂഷില വിശ്വനാഥാണ് പരിശീലനം നല്‍കുന്നത്. പരിമിതമായ സീറ്റുകളിലേക്ക് ഉടന്‍ ജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8594038741, 9846323486.

ഗതാഗത നിയന്ത്രണം

പുനരുദ്ധാരണത്തിനുവേണ്ടി മീന്‍മുട്ടി – നെല്ലിപ്പൊയില്‍ റോഡിലൂടെയുളള വാഹനഗതാഗതം ഡിസംബര്‍ ആറ് മുതല്‍ പ്രവൃത്തി തീരുന്നതു വരെ നിയന്ത്രിച്ചു. ഈ വഴിയുള്ള വാഹനങ്ങള്‍ മീന്‍മുട്ടിയില്‍ നിന്നും പൂവത്തിന്‍ ചുവട് വഴി നെല്ലിപ്പൊയിലിലേക്കു പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

സായുധ സേനാ പതാക ദിനാചരണം ഏഴിന്

സായുധ സേനാ പതാക ദിനാചരണം ഡിസംബര്‍ ഏഴിന് ജില്ലാ സൈനിക ക്ഷേമ ഓഫീസ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 11 മണിക്ക് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എന്‍.സി.സി കേഡറ്റില്‍ നിന്നും ആദ്യ പതാക സ്വീകരിച്ച് സായുധ സേനാ പതാക വില്‍പനയുടെ ഉദ്ഘാടനം നിര്‍വഹിക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി പതാകദിന സന്ദേശം നല്‍കും.

വിദ്യാര്‍ഥികളെയും യുവജനങ്ങളെയും നാനതുറയിലുള്‍പ്പെട്ട രാജ്യത്തെ ജനങ്ങളെയും ബോധവല്‍ക്കരിക്കുകയും സൈനികര്‍ക്ക് പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കുകയുമാണ് പതാകദിനത്തിലൂടെ ലക്ഷ്യമാക്കുന്നത്. കാര്‍ ഫ്ലാഗുകളുടെയും ടോക്കണ്‍ ഫ്ലാഗുകളുടെയും വില്‍പനയിലൂടെ സമാഹരിക്കുന്ന പതാക ദിന ഫണ്ട് വിമുക്ത ഭടന്മാര്‍, സൈനികരുടെ വിധവകള്‍, മക്കള്‍ എന്നിവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനാണ് വിനിയോഗിക്കുന്നത്. കൂടുതല്‍ തുക സമാഹരിക്കുന്ന ജില്ല, വിദ്യാഭ്യാസ സ്ഥാപനം, എന്‍.സി.സി ബറ്റാലിയന്‍ എന്നിവയ്ക്ക് റോളിംഗ് ട്രോഫികള്‍ നല്‍കി വരുന്നുണ്ട്. 2020 ല്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടിയത് കോഴിക്കോടാണ്.

രാമനാട്ടുകര നോളഡ്ജ് പാർക്ക്: നഷ്ടപരിഹാരത്തുകയിൽ തീരുമാനമായി; പരിഹാരമായത് 11 വർഷം നീണ്ട തർക്കത്തിന്

കിൻഫ്ര നോളഡ്ജ് പാർക്ക് സ്ഥാപിക്കുന്നതിന് കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരത്തുക സംബന്ധിച്ച് മന്ത്രിതല യോഗത്തിൽ അന്തിമ ധാരണയായി. ഇതനുസരിച്ച് മീഡിയേഷൻ സെറ്റിൽമെന്റിൽ തീരുമാനിച്ചതുപ്രകാരം 5 ശതമാനം കുറവു വരുത്തിയ നഷ്ടപരിഹാരത്തുകയും 2020 ജനുവരി 30 വരെയുള്ള പലിശയും സ്ഥലമുടമകൾക്ക് ലഭിക്കും. 11 വർഷം നീണ്ട നിയമ വ്യവഹാരങ്ങൾക്കും തർക്കങ്ങൾക്കുമാണ്, വ്യവസായ മന്ത്രി പി.രാജീവ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ പരിഹാരമായത്.

കിൻഫ്ര നോളഡ്ജ് പാർക്ക് സ്ഥാപിക്കുന്നതിന് 2007 ലാണ് രാമനാട്ടുകരയിൽ 80 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ ഉത്തരവായത്. ഇതിൽ 77 ഏക്കർ സ്ഥലം 2010 ൽ ഏറ്റെടുത്തെങ്കിലും 96 സ്ഥലമുടകളുടെ നഷ്ടപരിഹാരത്തുക സംബന്ധിച്ച് തർക്കമുയരുകയും കേസ് കോടതിയിലെത്തുകയും ചെയ്തു. ഹൈക്കോടതി ഉത്തരവുപ്രകാരം ഇത്രയും പേരുടെ കേസുകൾ മീഡിയേഷനിലൂടെ പരിഹരിക്കാനായി വിട്ടു. കോഴിക്കോട് ജില്ലാ മീഡിയേഷൻ സെന്റർ, 5 ശതമാനം സ്ഥലവിലയും 5 മാസത്തെ പലിശയും കുറവു ചെയ്ത് 96 കേസുകൾ തീർപ്പാക്കി. വിവിധ കോടതികളിൽ നില നിന്ന കേസുകൾ ഒത്തുതീർപ്പാക്കുന്നതിന് ഓഗസ്റ്റ് 24 ന് വ്യവസായ, പൊതുമരാമത്ത് മന്ത്രിമാർ പങ്കെടുത്ത് വീണ്ടും ചർച്ച നടത്തിയെങ്കിലും സ്ഥലമുടമകൾ മുൻനിലപാടിൽ നിന്ന് പിന്നോക്കം പോയതിനാൽ ഫലം കണ്ടില്ല. ഇതെത്തുടർന്നാണ് നോളഡ്ജ് പാർക്ക് ലാൻഡ് ലൂസേഴ്സ് ആക്ഷൻ കമ്മിറ്റിയുമായി വീണ്ടും മന്ത്രി തല ചർച്ച നടത്തിയത്. ചർച്ചയിലെ ധാരണ പ്രകാരം 96 ഭൂവുടമകളും പ്രമേയം പാസാക്കി രേഖകൾ കൈമാറുകയും ഡിസംബറിൽ നടക്കുന്ന അദാലത്തിൽ ധാരണയിൽ ഒപ്പുവക്കുകയും ചെയ്യും.

കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, നോളഡ്ജ് പാർക്ക് ലാൻഡ് ലൂസേഴ്സ്‌ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.