കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (20/11/2021)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
കോവിഡ് നിയമലംഘനം :48 കേസുകൾ രജിസ്റ്റർ ചെയ്തു
ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 48 കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും റൂറലിൽ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു. നഗര പരിധിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. മാസ്ക് ധരിക്കാത്തതിന് റൂറലിൽ 22 കേസുകളും നഗര പരിധിയിൽ 21 കേസുകളും രജിസ്റ്റർ ചെയ്തു.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍ കോഴിക്കോട് തുറമുഖ പരിധിയിലുള്ള കസ്റ്റംസ് റോഡിലെ തുറമുഖ ഗോഡൗണിന്റെ കിഴക്കേ അറ്റത്തുള്ള മുറി ഒരു വര്‍ഷത്തേക്ക് പ്രതിമാസ ലൈസന്‍സ് ഫീസടിസ്ഥാനത്തില്‍ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 22ന് ഉച്ചയ്ക്ക് 12 മണി വരെ കോഴിക്കോട് പോര്‍ട്ട് ഓഫീസറുടെ ബേപ്പൂരിലുള്ള ഓഫീസില്‍ ക്വട്ടേഷന്‍ സ്വീകരിക്കും. ദേശസാത്കൃത ബാങ്കില്‍ നിന്നും കോഴിക്കോട് പോര്‍ട്ട് ഓഫീസറുടെ പേരിലെടുത്ത 5,000 രൂപയുടെ ഡി.ഡി. നിരത ദ്രവ്യമായി ഉള്ളടക്കം ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2353737, 2382903, www.kmb.kerala.gov.in.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, കോഴിക്കോട്,
ഫോണ്‍: 9496003203, 0495 2370225
പട്ടികജാതി ദുർബല വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ
കുന്നുമ്മൽ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ പരിധിയിലുളള കുറ്റ്യാടി, വേളം, കുന്നുമ്മൽ, കായക്കൊടി, മരുതോങ്കര, കാവിലുംപാറ, നരിപ്പറ്റ, തൂണേരി, ചെക്യാട്, വാണിമേൽ, നാദാപുരം, വളയം, പുറമേരി, എടച്ചേരി ഗ്രാമ പഞ്ചായത്തുകളിൽ താമസിക്കുന്ന പട്ടികജാതി ദുർബല വിഭാഗക്കാർക്ക് ഭവനനിർമാണം, കൃഷിഭൂമി, ടോയ്‌ലറ്റ് പദ്ധതികൾക്ക് ആനുകൂല്യം അനുവദിക്കുന്നതിന് അർഹരായ ഗുണഭോക്താക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പദ്ധതികളുടെ അർഹത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ നിന്നും ഇതേ ആനുകൂല്യം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം, റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ്, നിശ്ചിത മാതൃകയിലുളള അപേക്ഷ എന്നിവ സഹിതം ഡിസംബർ അഞ്ചിന് വൈകീട്ട് 5 മണിക്കകം കുന്നുമ്മൽ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ നമ്പർ 8547630150.
Email: dio.prd@gmail.com
Website: www.prd.kerala.gov.in
പോലീസ് കംപ്ലയിന്റ് അതോറിറ്റി അദാലത്ത്: 144 കേസുകൾ തീർപ്പാക്കി
കോഴിക്കോട് ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ അദാലത്തില്‍ 144 കേസുകൾ തീർപ്പാക്കി. 178 കേസുകളാണ് പരിഗണിച്ചത്. ഇതിൽ 34 കേസുകൾ ജനുവരിയിൽ നടക്കുന്ന അദാലത്തിൽ പരിഗണിക്കും.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാൾ, കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാൾ എന്നിവിടങ്ങളിലായി നടന്ന സിറ്റിംഗില്‍ ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ റിട്ട. ജഡ്ജ് പി.എസ്.ദിവാകരന്‍, ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി, ഡി.സി.പി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ഹുസൂര്‍ ശിരസ്തദാര്‍ ബാബു ചാണ്ടുള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.
സൗഹൃദ ഫുട്ബോൾ മത്സരം : ചിൽഡ്രൻസ് ഇലവൻ വിജയികളായി
ജില്ലാ കലക്ടർ നേതൃത്വം നൽകുന്ന ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥർ അണിനിരന്ന കലക്ടേർസ് ഇലവനും ഗവ. ചിൽഡ്രൻസ് ഹോമിലെയും ഫ്രീ ബേർഡ്‌ഡിലെയും വിദ്യാർത്ഥികളുടെ ടീം ആയ ചിൽഡ്രൻസ് ഇലവനും തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ചിൽഡ്രൻസ് ഇലവൻ വിജയികളായി.
മത്സരം കാണികളിൽ ആവേശം നിറച്ചു. കലക്ടറുടെ ടീമും കുട്ടികളുടെ ടീമും തമ്മിലുള്ള ആവേശോജ്ജ്വലമായ ഫുട്ബോൾ മത്സരമായിരുന്നു കാരപറമ്പ് ജംഗ്ഷനിലെ സ്പോർട്സ് അരീന ടർഫിൽ നടന്നത്.
കളി തുടങ്ങി ആറാമത്തെ മിനുറ്റിലാണ് കലക്ടേർസ് ഇലവനെതിരെ ഗവ.ചിൽഡ്രൻസ് ഹോമിലെ വിദ്യാർത്ഥികളുടെ ടീമായ ചിൽഡ്രൻസ് ഇലവന്റെ ആദ്യ ഗോൾ. ഇത് വെറുമൊരു തുടക്കം മാത്രമായിരുന്നു. ഒടുവിൽ
ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ചിൽഡ്രൻസ് ഇലവൻ വിജയികളായത്.
കലക്ടേഴ്സ് ഇലവനും ഉത്സാഹപൂർവ്വം കളിയുടെ അവസാനം വരെ പോരാടി.
കലക്ടേഴ്സ് ഇലവനിലെ ഉദ്യോഗസ്ഥർക്ക് ഇത് വെറും കളി മാത്രമായിരുന്നില്ല. ചൈൽഡ്‌ലൈൻ സേ ദോസ്തി ,” നഷ മുക്ത് ഭാരത് അഭിയാൻ” ക്യാമ്പയിനുകളുടെ ഭാഗമായി ‘ലഹരി പദാർത്ഥങ്ങളോട് വേണ്ട എന്ന് പറയാം’ എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനായാണ് ഈ ഉദ്യോഗസ്ഥർ സമയം ചെലവഴിച്ചത്.
കോഴിക്കോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, ജില്ലാ സാമൂഹ്യ നീതി ഓഫീസ്, ആസ്റ്റർ മിംസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ചൈൽഡ്‌ലൈൻ കോഴിക്കോടാണ് അന്താരാഷ്ട്ര ശിശു ദിനത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്.
ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ അഷ്റഫ് കാവിൽ, സബ് ജഡ്ജ് എം.പി.ഷൈജൽ എന്നിവർ വിജയികൾക്ക് ഉപഹാരം നൽകി. ചടങ്ങിൽ ചൈൽഡ് ലൈൻ കോഡിനേറ്റർമാരായ മുഹമ്മദ് അഫ്സൽ, കുഞ്ഞോയി പുത്തൂർ, റെയിൽവേ ചൈൽഡ്‌ലൈൻ കോഡിനേറ്റർ സോണാലി പിക്കസോ, ഡോ.റോഷൻ ബിജിലി തുടങ്ങിയവർ പങ്കെടുത്തു.
വഴിയോര വിശ്രമകേന്ദ്രം നാടിന് സമർപ്പിച്ചു
കക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രം (ടേക്ക് എ ബ്രേക്ക്) വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നാടിന് സമർപ്പിച്ചു.
കേരളത്തിലുടനീളം വഴിയോര വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന പ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് വഴിയോര വിശ്രമ കേന്ദ്രം നിർമ്മിച്ചത്. 32 ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിച്ചത്.
സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിക്കർക്കുമായി പ്രത്യേകം ശുചിമുറികൾ, വാഷ്റൂം, മുലയൂട്ടൽ മുറി, കോഫീ ഷോപ്പ്, നപ്കിൻ വെന്റിങ് മെഷീൻ, നാപ്കിൻ ഇൻസിനറെറ്റർ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കേന്ദ്രത്തിന്റെ പരിപാലന ചുമതല കുടുംബശ്രീക്കാണ്. കക്കോടി ബസാറിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ആളുകൾക്ക് വിശ്രമിക്കാനൊരിടമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. സ്ത്രീസൗഹൃദവും ഭിന്നശേഷി സൗഹൃദവുമായാണ് കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്.
ചടങ്ങിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി ഷീബ, വൈസ് പ്രസിഡന്റ് പി. ടി വിനോദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൈതമോളി മോഹനൻ, പുനത്തിൽ മല്ലിക, ജില്ലാ പഞ്ചായത്ത് അംഗം ഇ. ശശീന്ദ്രൻ, വാർഡ് മെമ്പർ ശോഭ, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സി.കെ അജീഷ്, പഞ്ചായത്ത് സെക്രട്ടറി യു.കെ രാജൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
നാല് വര്‍ഷം കൊണ്ട് കേരളത്തെ സമഗ്രമായി ഡിജിറ്റല്‍ റീസര്‍വേ ചെയ്യും- മന്ത്രി കെ.രാജന്‍
നാല് വര്‍ഷം കൊണ്ട് കേരളത്തെ സമഗ്രമായി ഡിജിറ്റല്‍ റീ സര്‍വെ ചെയ്യുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍. സമഗ്രമായ സര്‍വ്വേ പുനസംഘടനക്കായി 807 കോടി രൂപ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഇതിനകം അനുമതി ലഭിച്ചിട്ടുണ്ട്. ഇതില്‍ 339 കോടി രൂപക്ക് ഈ വര്‍ഷത്തെ അനുമതി ലഭിച്ചു. ആധുനിക സാങ്കേതിക വിദ്യയായ കോര്‍സ് സംവിധാനം ഉപയോഗിച്ച് കേരളത്തെ സമഗ്രമായി അളക്കും. ഇ.ടി.എസ്, ഡ്രോണ്‍ എന്നീ വിദ്യകളും ഉപയോഗിക്കും. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമികള്‍ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
അന്യാധീനപ്പെട്ടു പോയതും അനധികൃതമായി സമ്പാദിച്ചതും ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്തതുമായ ഭൂമി എന്നിവ സമാഹരിക്കും. അപ്പോഴാണ് ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി എന്ന രീതിയിലേക്ക് മാറാന്‍ സാധിക്കുക. ഭൂപരിഷ്‌കരണ നിയമത്തിലെ സീലിങ് ആക്ടിനെ ലംഘിച്ചുകൊണ്ട് പലയിടങ്ങളില്‍ തണ്ടപ്പേരില്‍ നികുതി അടയ്ക്കാന്‍ ഇപ്പോള്‍ സംവിധാനമുണ്ട്. എന്നാല്‍ കേരളം യൂണീക് തണ്ടപ്പേര്‍ സംവിധാനത്തിലേക്ക് മാറാന്‍ പോവുകയാണ്. തണ്ടപ്പേര് ആധാറുമായി ബന്ധിപ്പിക്കും. രാജ്യത്ത് ആദ്യമായി യൂണീക് തണ്ടപ്പേര്‍ സംവിധാനം ഉള്ള സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.
ഭൂപരിഷ്‌കരണ നിയമം 50 വര്‍ഷം പിന്നിട്ട ഘട്ടത്തില്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും തണ്ടപ്പേര്‍ ഉടമകള്‍ ആക്കുക എന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. ഭൂമിയില്ലാത്ത എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യം സ്വാര്‍ത്ഥകമാക്കാന്‍ കൈവശക്കാര്‍ക്ക് പട്ടയം കൊടുക്കുക എന്ന സാങ്കേതിക പദത്തില്‍ നിന്നത് കൊണ്ട് മാത്രം കാര്യമില്ല. ഭൂപരിഷ്‌കരണ നിയമം അതിന്റെ അന്തസത്തയോടെ നടപ്പിലാക്കാന്‍ സ്വന്തമായി തണ്ടപ്പേര് ലഭ്യമല്ലാത്ത മുഴുവന്‍ കുടുംബങ്ങളുടെയും ഭൂരഹിതരുടെയും മുന്നില്‍ ഭൂമി എന്ന മുദ്രാവാക്യം ഏല്‍പ്പിക്കുക എന്നതാണ് പ്രധാന കാര്യം. കൈവശക്കാര്‍ക്ക് പട്ടയം കൊടുക്കുമ്പോള്‍ അര്‍ഹതപ്പെട്ടവര്‍ ആണെങ്കില്‍ ഭൂപരിഷ്‌കരണ നിയമത്തിലെ ചട്ടങ്ങളും ഉത്തരവുകളും നിയമമനുസരിച്ച് ഏതെങ്കിലും ഭേദഗതി ആവശ്യമാണെങ്കില്‍ അതും നടത്തിക്കൊടുക്കുക സാധ്യമാവും. സ്വന്തമായി ആറടി മണ്ണ് പോലുമില്ലാത്ത ജനങ്ങള്‍ക്ക് അവ ലഭ്യമാക്കാനുള്ള നടപടികളും തുടരുകയാണെന്നും മന്ത്രി പറഞ്ഞു. വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് ഓഫീസിന് സമീപത്തെ പഴയ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലത്ത് റവന്യൂ വകുപ്പില്‍ നിന്ന് അനുവദിച്ച 44 ലക്ഷം രൂപ ഉപയോഗിച്ച് ജില്ലാ നിര്‍മ്മിതി കേന്ദ്രയാണ് കെട്ടിടം നിര്‍മ്മിച്ചത്. പുതിയ വില്ലേജ് ഓഫീസില്‍ വില്ലേജ് ഓഫീസര്‍, എസ്.വി.ഒ എന്നിവര്‍ക്കായി പ്രത്യേക മുറികള്‍. സ്റ്റോര്‍ റൂം, വെയ്റ്റിങ് ഏരിയ, ഹാള്‍, ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രത്യേക ശൗചാലയങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും.
നിര്‍മ്മിതി കേന്ദ്രം പ്രൊജക്ട് ഓഫീസര്‍ കെ.മനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഷീര്‍, വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്, ജില്ലാപഞ്ചായത്ത് അംഗം ഇ ശശീന്ദ്രന്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ , ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാകലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി സ്വാഗതവും എ.ഡി.എം മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.
വ്യവസായങ്ങള്‍ക്ക് ഏഴ് ദിവസത്തിനകം അനുമതി – മന്ത്രി പി.രാജീവ്
അമ്പത് കോടി രൂപക്ക് മുകളില്‍ മുതല്‍മുടക്കുള്ള വ്യവസായങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം കോമ്പോസിറ്റ് ലൈസന്‍സ് നല്‍കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. കെഎസ്ഐഡിസി കോഴിക്കോട് ഓഫീസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
50 കോടി രൂപയിലധികം നിക്ഷേപം ഉള്ള ഒരു വ്യവസായത്തിന് ആവശ്യമായ എല്ലാ വകുപ്പുകളുടെയും കോമ്പോസിറ്റ് ലൈസൻസ് നൽകാനാണ് നിയമം നിഷ്കർഷിക്കുന്നത്. എല്ലാ പ്രധാന വകുപ്പുകളുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പെടുന്ന ഇന്‍വെസ്റ്റ്മെന്റ് ഫെസിലിറ്റേഷന്‍ ബ്യൂറോയ്ക്ക് ആണ് കോമ്പോസിറ്റ് ലൈസന്‍സ് നല്‍കുന്നതിനുള്ള അധികാരമെന്നും മന്ത്രി പറഞ്ഞു.
വ്യവസായ സംരംഭകരുടെ പരാതി സമയബന്ധിതമായി തീർപ്പാക്കുന്നതിൽ വീഴ്‌ച വരുത്തുന്ന ഉദ്യോഗസ്ഥരിൽനിന്ന് പിഴ ഈടാക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന പരാതി പരിഹാര സമിതിക്ക് ലഭിക്കുന്ന പരാതി 30 ദിവസത്തിനകം പരിഹരിക്കണം. അടുത്ത 15 ദിവസത്തിനകം പരിഹാര നിർദേശവും നടപ്പാക്കണം. വീഴ്‌ച വരുത്തുന്ന ഉദ്യോഗസ്ഥനിൽനിന്ന് ദിവസം 250 രൂപ വീതം പരമാവധി 10,000 രൂപവരെ പിഴ ഈടാക്കും. നടപടി വൈകിപ്പിക്കുന്ന ഓരോ ദിവസത്തിനും പിഴയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വ്യവസായസംരംഭക സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള നിയമനിർമ്മാണവും നടപടികളും ഇതിനകം തന്നെ സർക്കാർ സ്വീകരിച്ചു കഴിഞ്ഞതായി മന്ത്രി അറിയിച്ചു.
യു എൽ സൈബർ പാർക്കിൽ നടന്ന ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എം.കെ.രാഘവൻ എം പി, ടി.പി. രാമകൃഷ്ണൻ എം എൽ എ, മേയർ ഡോ. ബീന ഫിലിപ്പ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. നഗരസഭ കൗൺസിലർ സുജാത കൂടത്തിങ്കൽ, കെ.എസ്.ഐ.ഡി.സി. മാനേജിങ് ഡയറക്ടർ എം.ജി.രാജമാണിക്യം, ജനറൽ മാനേജർ ജി.അശോക് ലാൽ , ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ.നജീബ് തുടങ്ങിവർ പങ്കെടുത്തു.
സഹകരണ സംഘത്തിലെ ഓഡിറ്റ് സംവിധാനം കുറ്റമറ്റതാക്കും .മന്ത്രി വി എൻ വാസവൻ
സഹകരണ സംഘത്തിലെ ഓഡിറ്റ് സംവിധാനം കുറ്റമറ്റതാക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി .എൻ വാസവൻ പറഞ്ഞു. ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ 68 മത് അഖിലേന്ത്യാ സഹകരണ വാരാഘോഷ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി .
സഹകരണ മേഖലയിലെ അനാരോഗ്യ പ്രവണതകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും .സഹകരണ മേഖലയെ തകർക്കാൻ കോർപറേറ്റ് ശക്തികൾ ശ്രമം നടത്തുന്നുണ്ട് .ഇതിനെതിരെ ശക്തമായ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ടതുണ്ട്.സഹകരണ മേഖല ജനങ്ങളുടെ ഇടയിൽ കൂടുതൽ സുതാര്യമാകണം ഇതിനായി സഹകരണ മേഖലയിലെ ഡിജിറ്റലൈസേഷന് കൂടുതൽ പ്രാധാന്യം നൽകും .സഹകരണ മേഖല ഭവന നിർമാണ മേഖലയ്ക്ക് കൂടി പ്രാധാന്യം നൽകും .
സഹകരണ മേഖലയിലെ ആശുപത്രികളും പുരോഗതിയുടെ പാതയിലാണ് ന്യൂ ജെൻ ബാങ്കുകളോട് കിടപിടിക്കുന്ന രീതിയിൽ കേരള ഗ്രാമീണ ബാങ്ക് മാറ്റും ,ജീവകാരുണ്യ മേഖലയിലും സഹകരണ പ്രസ്ഥാനങ്ങൾ മാതൃകയാണ്.
കോവിഡ് പ്രതിസന്ധിക്കിടയിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ വിദ്യാർഥികൾക്ക് പഠനസാമഗ്രികൾ വാങ്ങാൻ 75 കോടിയിൽപരം രൂപ പലിശ രഹിത വായ്പയായി നൽകി കഴിഞ്ഞതായി മന്ത്രി പറഞ്ഞു.
പദ്ധതി ആരംഭിച്ച് രണ്ട് മാസത്തിനകം തന്നെ 73 .18 കോടി രൂപ നൽകി .പത്ത് വനിതാ സഹകരണ സംഘങ്ങൾക്ക് സംരംഭകത്വം തുടങ്ങുന്നതിന് അഞ്ച് ലക്ഷം രൂപ വീതം നൽകി .കോവിഡ് പ്രതിരോധ സാമഗ്രികൾ ഉൽപ്പാദിപ്പിക്കാനായിരുന്നു ഈ പദ്ധതി .
കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി തൃശൂർ പഴയന്നൂരിൽ 40 ഫ്ലാറ്റുകളുടെ നിർമ്മാണ പ്രവർത്തനം പൂർത്തിയായിട്ടുണ്ട് കൈമാറ്റത്തിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
വായ്പാ കുടിശ്ശിക അടച്ചു തീർക്കുന്നതിനായി പരമാവധി ഇളവുകൾ നൽകി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി ദീർഘിപ്പിച്ചു നൽകുകയും കൂടുതൽ വായ്പക്കാർക്ക് കുടിശിക അടച്ചു തീർക്കാൻ അവസരം ഒരുക്കി .
കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിൻ്റെ ഓഫീസിൽ നിന്നും അക്കൗണ്ടൻ്റ് ജനറൽ വിഭാഗത്തിൽ പെടുന്ന ഉന്നത ഉദ്യോഗസ്ഥൻ്റെ സേവനം സഹകരണ ഓഡിറ്റിന് ലഭ്യമാക്കും ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള ഓഡിറ്റ് വിഭാഗമായിരിക്കും ഇനി ഓഡിറ്റിംഗിന് നേതൃത്വം നൽകുക .
ഓഡിറ്റുമായി ബന്ധപ്പെട്ട് കോ ഓപ്പറേറ്റീവ് ഓഡിറ്റ് മോണിറ്ററിംഗ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം വികസിപ്പിച്ചിട്ടുണ്ട് .സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള കേരളത്തിലുള്ള മുഴുവൻ സഹകരണ സംഘങ്ങളുടെയും അടിസ്ഥാന വിവരങ്ങളും ഓഡിറ്റ് സംബന്ധിച്ച വിവരങ്ങളും ഇതിലൂടെ ലഭ്യമാകും .ഈ ഓൺലൈൻ സംവിധാനത്തിലൂടെ നിശ്ചിത കാലയളവിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും താലൂക്ക് തിരിച്ചുള്ള വിവരങ്ങൾ ലഭ്യമാകും .
ക്ഷീരകർഷക സംഘ മേഖലയിലും പരിഷ്ക്കരണ നടപടി ആരംഭിക്കും .യഥാർഥ ക്ഷീരകർഷകർക്ക് മാത്രം ഇനി അംഗത്വം ഉണ്ടാവുകയുള്ളു .കറവ മാടുള്ള, സൊസൈറ്റികളിലേക്ക് പാലളക്കുന്നവർക്ക് മാത്രം അംഗത്വവും ഭാരവാഹിത്വവും എന്ന നിലപാട് അംഗീകരിക്കപ്പെട്ടു കഴിഞ്ഞു .പ്രസിഡൻ്റോ വൈസ് പ്രസിഡൻ്റോ വനിതയായിരിക്കണം എന്ന വ്യവസ്ഥ ഉൾപ്പെടുത്തിയതോടെ ക്ഷീരമേഖലയിൽ പണിയെടുക്കുന്ന വനിതകൾക്ക് പുതിയ ദിശാബോധം കൈവന്നു.ക്ഷീര കാർഷിക മേഖലയിലെ 50 ശതമാനത്തോളം വരുന്ന വനിതകളെ ഭരണസാരഥ്യത്തിൽ നിന്നും മാറ്റി നിർത്തിയ സാഹചര്യവും മാറുകയാണ് .സഹകരണ മേഖലയിൽ യു .എൽ .സി .സി .എസ് മികച്ച മാതൃകയാണ് .
പാലക്കാട് നെല്ല് സഹകരണ സംഘം മാതൃകയിൽ എല്ലാ ജില്ലകളെയും പ്രവർത്തനമേഖലയാക്കി നെല്ല് സംഭരണ ,സംസ്ക്കരണ വിപണന സഹകരണ സംഘം ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു .
കോ_ ഓപ്പറേറ്റീവ് ഓഡിറ്റ് മോണിറ്ററിംഗ് ആൻ്റ് ഇൻഫർമേഷൻ സിസ്റ്റം (CAMIS ) ൻ്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു .എല്ലാ സഹകരണ സംഘങ്ങളുടെയും പ്രവർത്തനം കൂടുതൽ ജനകീയവും സുതാര്യവുമാക്കുകയാണ് ലക്ഷ്യം ‘
മികച്ച സഹകരണ സ്ഥാപനങ്ങൾക്കുള്ള പുരസ്ക്കാരങ്ങളുംമന്ത്രി വിതരണം ചെയ്തു .
കൺസ്യൂമർ ഫെഡ് ചെയർമാൻ എം .മെഹബൂബ് അധ്യക്ഷനായി.
മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ .സി രവീന്ദ്രനാഥ് ‘സാമ്പത്തിക ഉൾപ്പെടുത്തലും ഡിജിറ്റലൈസേഷനും സാമൂഹിക മാധ്യമ ങ്ങളും – സഹകരണ പ്രസ്ഥാനത്തിലൂടെ എന്ന വിഷയത്തിൽ പ്രബന്ധാവതരണം നടത്തി.ഐ .സി .എം കണ്ണൂർ പ്രിൻസിപ്പൽ എം .വി ശശികുമാർ മോഡറേറ്ററായി.
സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻ്റണി
സഹകരണ സംഘം രജിസ്ട്രാർ പി .ബി നൂഹ്
പയ്യോളി നഗരസഭ ചെയർമാൻ ഷഫീഖ് വടക്കയിൽ ,കേരള ബാങ്ക് കോഴിക്കോട് റീജ്യണൽ മാനേജർ അബ്ദുൾ മുജീബ് ,സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ മെമ്പർ നാരായണൻ ,കൊയിലാണ്ടി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഒള്ളൂർ ദാസൻ , സ്റ്റേറ്റ് ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്കീം മെമ്പർ സുരേഷ് കൂടത്താം കണ്ടി , കുന്നുമ്മൽ ബ്ലോക്ക് വനിതാ സഹകരണ സംഘം പ്രസിഡൻ്റ് കെ .കെ ലതിക , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ ഓൺലൈനായി സ്വാഗതവും സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ അഡീഷണൽ രജിസ്ട്രാർ അനിത ടി .ബാലൻ നന്ദിയും പറഞ്ഞു .