കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (19/11/2021)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
പോലീസ് കംപ്ലയിന്റ് അതോറിറ്റി അദാലത്ത്: രണ്ടാംദിനം തീർപ്പാക്കിയത് 44 കേസുകൾ
കോഴിക്കോട് ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റി അദാലത്തില്‍ രണ്ടാംദിനം തീർപ്പാക്കിയത് 44 കേസുകൾ. 63 കേസുകളാണ് ആകെ പരിഗണിച്ചത്. ബാക്കിയുള്ളവ ജനുവരിയിൽ നടക്കുന്ന അദാലത്തിൽ പരിഗണിക്കും. നാളെ (നവംബർ 20) കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളിൽ രാവിലെ 11 മണിക്ക് അദാലത്ത് തുടരും.
ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ റിട്ട. ജഡ്ജ് പി.എസ് ദിവാകരന്‍ കേസുകള്‍ പരിഗണിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി, ഡി.സി.പി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ഹുസൂര്‍ ശിരസ്തദാര്‍ വി.എം നന്ദകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഹിന്ദി ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം
ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അടൂരിലെ സെന്ററില്‍ അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകാരമുള്ള കോഴ്‌സിന് പ്ലസ് ടു അന്‍പത് ശതമാനം മാര്‍ക്കോടു കൂടി രണ്ടാം ഭാഷ ഹിന്ദി എടുത്തവര്‍ക്ക് അപേക്ഷിക്കാം. ഭൂഷണ്‍, സാഹിത്യ വിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നീ ഉയര്‍ന്ന യോഗ്യതകളും പരിഗണിക്കും. പ്രായം: 17നും 35 നുമിടയിൽ . സര്‍ക്കാര്‍ പഠനപദ്ധതിയായ ഈ-ഗ്രാന്റ് വഴി പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസ് ആനുകൂല്യം ലഭിക്കും. അവസാന തിയതി നവംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക്- 04734296496, 8547126028.
മരം ലേലം
റൂറല്‍ സബ്‌സിഡിയറി പോലീസ് കാന്റീന്‍ പരിസരത്ത് സ്ഥിതി ചെയ്യുന്ന മഴമരത്തിന്റെ മുറിച്ച് മാറ്റിയ ശാഖകള്‍ ഡിസംബര്‍ ആറിന് രാവിലെ 11 മണിക്ക് പുനര്‍ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0496 2523031.
സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 20ന്
മലാപ്പറമ്പിലെ ഗവ. വനിതാ പോളിടെക്‌നിക് കോളേജിലെ 2021-22 അദ്ധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ഇലക്ട്രോണിക്‌സ്, കൊമേഴ്ഷ്യല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള മൂന്നാം സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 20ന് സ്ഥാപനത്തില്‍ നടക്കും. റാങ്ക് ലിസ്റ്റില്‍ പേരുള്ള മുഴുവന്‍ വിദ്യാര്‍ത്ഥിനികള്‍ക്കും രാവിലെ 9.30 മുതല്‍ 11 മണി വരെയുള്ള സമയത്ത് സ്ഥാപനത്തിലെത്തി രജിസ്റ്റര്‍ ചെയ്ത് സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. എസ്.എസ്.എല്‍.സി, സംവരണങ്ങള്‍ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍, ഫീസാനുകൂല്യത്തിന് വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രവേശന സമയത്ത് ഹാജരാക്കണം. അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥിനികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9526123432, 0495 2370714.
സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
വിമുക്തഭടന്‍മാരുടെ മക്കളിൽ സർക്കാർ, സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍, വൊക്കേഷണല്‍, ടെക്‌നിക്കല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവരിൽ നിന്നും അമാല്‍ഗമേറ്റഡ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം നവംബര്‍ 20 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കും. മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ നല്‍കിയവരെ പരിഗണിക്കില്ല. പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 25ന് വൈകുന്നേരം നാല് മണിവരെ സ്വീകരിക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
കോവിഡ് പ്രതിരോധം : ജീവനക്കാരെ നിയമിക്കുന്നു
ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. മെഡിക്കല്‍ ഓഫീസര്‍(1), റിസര്‍ച്ച് ഓഫീസര്‍(1), എപ്പിഡമോളജിസ്റ്റ്(1), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍(13), ലാബ് ടെക്‌നീഷ്യന്‍(9), ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍(1), ലാബ് അസിസ്റ്റന്റ്(4), ക്ലീനിംഗ് സ്റ്റാഫ് (2) തസ്തികകളിലേക്കാണ് നിയമനം.
മെഡിക്കല്‍ ഓഫീസര്‍, റിസര്‍ച്ച് ഓഫീസര്‍, എപ്പിഡമോളജിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ലാബ് ടെക്‌നീഷ്യന്‍ തസ്തികകളിലേക്കുള്ള അപേക്ഷകര്‍ നവംബര്‍ 22 ന് രാവിലെ ഒന്‍പത് മണി മുതല്‍ 10.30 വരെയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ലാബ് അസിസ്റ്റന്റ്, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിലേക്കുള്ള അപേക്ഷകര്‍ നവംബര്‍ 23 ന് രാവിലെ ഒന്‍പത് മണി മുതല്‍ 10.30 വരെയും മലാപറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ എത്തണം. കോവിഡ് ബ്രിഗേഡില്‍ ജോലിചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. വിശദവിവരങ്ങള്‍ക്ക് 0495-2370494.
കോവിഡ് നിയമലംഘനം :40 കേസുകൾ രജിസ്റ്റർ ചെയ്തു
ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 40 കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും റൂറലിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്തു. നഗര പരിധിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.മാസ്ക് ധരിക്കാത്തതിന് റൂറലിൽ 18 കേസുകളും നഗര പരിധിയിൽ 18 കേസുകളും രജിസ്റ്റർ ചെയ്തു.
കാന്റീന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു
കോഴിക്കോട് ഗവ. എഞ്ചിനീറിംഗ് കോളേജില്‍ പുതുതായി നിര്‍മ്മിച്ച കാന്റീന്‍ കെട്ടിടവും അനുബന്ധ സജ്ജീകരണങ്ങളും തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുന്‍ എം.പി കെ.കെ.രാഗേഷിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച് സംസ്ഥാന സര്‍ക്കാര്‍ ഫണ്ടും പി.ടി.എ ഫണ്ടും ഉപയോഗിച്ച് വിപുലീകരിച്ചതാണ് പുതിയ കെട്ടിടം.
ചടങ്ങില്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി.പി.മുസാഫര്‍ അഹമ്മദ് അധ്യക്ഷ്യത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ.സജിത്ത്.പി.പി, ഡോ.രഘുകുമാര്‍ സി, കൗണ്‍സിലര്‍ സത്യഭാമ സി.എസ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നാഷണല്‍ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ; സംഘാടകസമിതി രൂപീകരിച്ചു
നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്‍പത് വരെ കോഴിക്കോട് നടക്കുന്ന നാഷണല്‍ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടക സമിതി രൂപീകരിച്ചു. കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചെയര്‍മാനായും ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി ജനറല്‍ കണ്‍വീനറായും രാഷ്ട്രീയ കായിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വിപുലമായ സംഘാടകസമിതിയാണ് രൂപീകരിച്ചത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ.രാജഗോപാല്‍ കണ്‍വീനറും വൈസ് പ്രസിഡണ്ട് ഡോ.റോയ്‌ജോണ്‍, സെക്രട്ടറി എസ്.സുലൈമാന്‍, എക്‌സിക്യട്ടീവ് മെമ്പര്‍ ടി.എം.അബ്ദുറഹിമാന്‍, കെ.ഡി.എഫ്.എ സെക്രട്ടറി പി.സി.കൃഷ്ണകുമാര്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമാണ്.
യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, പി.ടി.എ.റഹിം, മേയര്‍ ഡോ.ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ്, കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പി.കെ.നാസര്‍, സി.രേഖ, ഒ.പി.ഷിജിന, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് ഡോ.റോയ്‌ജോണ്‍ നന്ദിയും പറഞ്ഞു. സെക്രട്ടറി എസ്.സുലൈമാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
കൊയിലാണ്ടി താലൂക്ക് ആശുപത്രി: ഗൈനക്കോളജി ബ്ലോക്ക് ഉദ്ഘാടനം നാളെ
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ലക്ഷ്യ നിലവാരത്തിൽ നിർമ്മിച്ച ഗൈനക്കോളജി ബ്ലോക്ക് നാളെ (നവംബർ 20) ഉച്ചക്ക് ഒരു മണിക്ക് ആരോഗ്യമന്ത്രി വീണ ജോർജ് നാടിന് സമർപ്പിക്കും. ലക്ഷ്യപദ്ധതി പ്രകാരം 1.77 കോടി രൂപ ചെലവിലാണ് ഗൈനക്കോളജി ബ്ലോക്ക് നിർമ്മാണം പൂർത്തീകരിച്ചത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് സജ്ജമാക്കിയത്.
പുതിയ ബ്ലോക്കിൽ രണ്ടാംനിലയിലാണ് ഗൈനക്കോളജി ഡിപ്പാർട്ട്മെന്റ്. വെയിറ്റിങ് ഏരിയ, ലേബർ റൂം, ഡോക്ടർ റൂം, ഓപ്പറേഷൻ തിയേറ്റർ, നവജാത ശിശുക്കളെ പരിചരിക്കാനുള്ള പ്രത്യേക വിഭാഗം എന്നിവ ഒരുക്കിയിട്ടുണ്ട്.
ചടങ്ങിൽ കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷത വഹിക്കും. എം.പി കെ മുരളീധരൻ, ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി.ആർ രാജു, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ രത്തൻ ഖേൽക്കർ, നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് തുടങ്ങിയവർ പങ്കെടുക്കും.
കെ.എസ്.ഐ.ഡി.സി. കോഴിക്കോട് ഓഫീസ് ഉദ്ഘാടനം നാളെ
മലബാർ മേഖലയുടെ വ്യവസായ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഊർജിതമാക്കുന്നതിനുമായി സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ(കെ.എസ്.ഐ.ഡി.സി.) പുതിയ ഓഫീസ് നാളെ (നവംബർ ) കോഴിക്കോട് പ്രവർത്തനം തുടങ്ങും. കോഴിക്കോട് യു.എൽ. സൈബർ പാർക്കിൽ നിർമിച്ച ഓഫീസ് രാവിലെ 11.30ന് വ്യവസായ മന്ത്രി പി. രാജീവ് നാടിനു സമർപ്പിക്കും. ഉദ്ഘാടന ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിക്കും. എം.കെ. രാഘവൻ എം.പി, മേയർ ഡോ. ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കെ.എസ്.ഐ.ഡി.സി. മാനേജിങ് ഡയറക്ടർ എം.ജി. രാജമാണിക്യം തുടങ്ങിയവർ പങ്കെടുക്കും.
ഫയലുകള്‍ തീര്‍പ്പാക്കല്‍ നാളെ
ജില്ലയില്‍ വിവിധ കാരണങ്ങളാല്‍ താല്‍ക്കാലകിമായി റദ്ദ് ചെയ്ത റേഷന്‍കട ലൈസന്‍സുകളുമായി ബന്ധപ്പെട്ട ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി ഭക്ഷ്യപൊതുവിതരണ വകുപ്പു മന്ത്രി അഡ്വ. ജി. ആര്‍.
അനില്‍, സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഡോ. ഡി. സജിത്ത് ബാബു, എന്നിവര്‍ പങ്കെടുക്കുന്ന അദാലത്ത് നവംബര്‍ 20-ന് ശനിയാഴ്ച രാവിലെ 11.30-ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
സഹകരണ സ്ഥാപനങ്ങൾക്കുള്ള പുരസ്ക്കാരങ്ങളുടെ വിതരണം നാളെ
സഹകരണ സ്ഥാപനങ്ങള്‍ക്കും സംഘങ്ങള്‍ക്കുമുള്ള 2019-20 വര്‍ഷത്തെ എക്‌സലന്‍സ് അവാര്‍ഡുകള്‍ നാളെ നവംബർ (20)വിതരണം ചെയ്യും. ഇത്തവണ മുതല്‍ അവാര്‍ഡ് ഫലകത്തിനു പുറമെ ക്യാഷ് അവാര്‍ഡ് കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവ് വിലയിരുത്തിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. സഹകരണ സ്ഥാപനങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള പ്രോത്സാഹനമാണ് പുരസ്‌കാരം. മൂന്ന് സ്ഥാനങ്ങളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ഒന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് 50,000 രൂപയും മൂന്നാം സ്ഥാനത്തിന് 25,000 രൂപയുമാണ് പുരസ്‌കാരം. ആകെ 17,25,000 രൂപയുടെ ക്യാഷ് പ്രൈസുകളാണ് നല്‍കുക.
നന്മണ്ട ഉപതെരഞ്ഞെടുപ്പ്; നാമനിർദ്ദേശപത്രിക സമർപ്പണം പൂർത്തിയായി; ഇതുവരെ ലഭിച്ചത് ആറ് പത്രികകൾ
ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ പഞ്ചായത്ത് നന്മണ്ട ഡിവിഷനിലെ നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായി. ഇതുവരെ ലഭിച്ചത് ആറ് പത്രികകൾ. സലീന(ഇന്ത്യൻ നാഷണൽ കോൺഗ്രസ് ), ജമീല(ഇന്ത്യൻ നാഷണൽ കോൺഗ്രസ് ) എന്നിവരാണ് ഇന്നലെ (നവംബർ 19) നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. സൂക്ഷ്മ പരിശോധന നാളെ (നവംബർ 20) നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി നവംബര്‍ 22 ആണ്.
കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യണം
ജില്ലയില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലെ കുടി വെള്ള സ്രോതസ്സുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലെ കുടിവെള്ള സാംപിളുകള്‍ പരിശോധനക്കയച്ചതില്‍ നിന്നും കുടിവെള്ളത്തില്‍ മലിനാംശങ്ങള്‍ കൂടുതലായാണ് കണ്ടെത്തിയത്. മലിനജലം കുടിക്കുന്നത് വിവിധ പകര്‍ച്ച വ്യാധികള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കും. കിണറുകളും മറ്റു ജല സ്രോതസുകളും സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി അണുവിമുക്തമാക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. ഓരോ വീട്ടിലും കിണറുകളും മറ്റു ജല സ്രോതസ്സുകളും ശരിയായ വിധം സൂപ്പര്‍ ക്ലോറിനേഷന്‍ നടത്താന്‍ ആശാ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതു ജനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുമായി സഹകരിക്കണമെന്ന് ഡി എം ഒ അഭ്യര്‍ത്ഥിച്ചു. വ്യക്തി ശുചിത്വം, കൈകളുടെ ശുചിത്വം, ഭക്ഷ്യ ശുചിത്വം, പരിസര ശുചിത്വം എന്നിവ ജീവിതത്തിന്റെ ഭാഗമാക്കുകയും രോഗങ്ങളുണ്ടാകുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കാന്‍ എല്ലാവരും പരിശ്രമിക്കുകയും ചെയ്യണമെന്നും ഡി എം ഒ അറിയിച്ചു.
കോവിഡ് ആശുപത്രികളിൽ 1,872 കിടക്കകൾ ഒഴിവ്
ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 2,641 കിടക്കകളിൽ 1,872 എണ്ണം ഒഴിവുണ്ട്. 124 ഐ.സി.യു കിടക്കകളും 66 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 552 കിടക്കകളും ഒഴിവുണ്ട്. 15 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 340 കിടക്കകൾ, 22 ഐ.സി.യു, 22 വെന്റിലേറ്റർ, 277 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.
നാല് സി.എഫ്.എൽ.ടി.സികളിലായി 325 കിടക്കകളിൽ 323 എണ്ണം ബാക്കിയുണ്ട്. ഒരു സി.എസ്.എൽ. ടി.സിയിൽ 187 എണ്ണം ഒഴിവുണ്ട്. 66 ഡോമിസിലിയറി കെയർ സെന്ററുകളിൽ ആകെയുള്ള 1,624 കിടക്കകളിൽ 1,331 എണ്ണം ഒഴിവുണ്ട്.
പന്നിവളര്‍ത്തലില്‍ പരിശീലനം
മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 24 ന് പന്നിവളര്‍ത്തലിൽ പരിശീലനം സംഘടിപ്പിക്കുന്നു. രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ ആധാര്‍കാര്‍ഡ്, കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് എന്നിവ കൊണ്ടുവരണം. മുപ്പത് പേര്‍ക്കാണ് പരിശീലനം നല്‍കുക. 0491 2815454 എന്ന നമ്പറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.
വാഹനങ്ങള്‍ ആവശ്യമുണ്ട്
ജില്ലാ ആരോഗ്യകേരളം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്‌സി പെര്‍മിറ്റുള്ള എയര്‍ കണ്ടീഷന്‍ ചെയ്ത വാഹനങ്ങള്‍ ആവശ്യമുണ്ട്. വിശദ ടെന്‍ഡര്‍ വിവരങ്ങള്‍ക്ക് സിവില്‍ സ്റ്റേഷനിലുള്ള ആരോഗ്യ കേരളം ഓഫീസുമായോ, 0495 2374990 എന്ന നമ്പറിലോ www.arogyakeralam.gov.in വെബ് സൈറ്റിലോ ബന്ധപ്പെടുക.
റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താൻ ‘തെളിമ’ പദ്ധതി
റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിന് ‘തെളിമ’ പദ്ധതിയുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. 2017-ല്‍ റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് ഡാറ്റാ എന്‍ട്രി വരുത്തിയപ്പോള്‍ വന്ന തെറ്റുകള്‍ തിരുത്തി റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യം. ഡിസംബര്‍ 15 വരെ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ പേര്, ഇനീഷ്യല്‍, മേല്‍വിലാസം, കാര്‍ഡുടമയുമായുള്ള ബന്ധം, അംഗങ്ങളുടെ തൊഴില്‍, എല്‍. പി. ജി വിവരങ്ങള്‍, വൈദ്യുതി കണക്ഷന്‍ വിവരങ്ങള്‍ എന്നിവ തിരുത്തുന്നതിനും അംഗങ്ങളുടെ ആധാര്‍ നമ്പർ ചേര്‍ക്കുന്നതിനുമുള്ള അപേക്ഷകളാണ് പരിഗണിക്കുക. ഇതിനായി റേഷന്‍ കടകളില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഡ്രോപ്പ് ബോക്‌സില്‍ ഇത്തരം അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം നിക്ഷേപിക്കാവുന്നതാണ്. റേഷന്‍കടകളില്‍ നിന്നും ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, അളവ് എന്നിവ സംബന്ധിച്ച പരാതികളും റേഷന്‍കട ലൈസന്‍സി, സെയില്‍സ്മാന്‍ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ച ആക്ഷേപങ്ങളും റേഷന്‍കട നടത്തിപ്പിനെ സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പൊതുവിതരണ വകുപ്പിനെ അറിയിക്കുന്നതിന് ഈ സേവനം ഉപയോഗപ്പെടുത്താം. റേഷന്‍കാര്‍ഡ് മുന്‍ഗണന/പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍, റേഷന്‍ കാര്‍ഡുകളിലെ വരുമാനം, വീടിന്റെ വിസ്തീര്‍ണ്ണം, വാഹനങ്ങളുടെ വിവരം എന്നിവയില്‍ മാറ്റം വരുത്തുന്നതിനുള്ള അപേക്ഷകള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കില്ല.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളേജിലെ അപ്ലൈഡ് സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഫിസിക്‌സ് ലാബിൽ ഡാര്‍ക്ക് റൂം തയ്യാറാക്കാന്‍ അലൂമിനിയം പാര്‍ട്ടീഷന്‍ വര്‍ക്ക് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തിയ്യതി ഡിസംബര്‍ മൂന്നിന് രണ്ട് മണി.
വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും പരിശീലനം
കന്നുകാലി – കോഴി ഫാമുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളെക്കുറിച്ച്
വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ 2021 ഡിസംബര്‍ ഏഴിന് ഓണ്‍ലൈനായി ക്ലാസുകള്‍ നടത്തും.
വിമുക്തഭടന്മാരുടെയും ആശ്രിതരുടെയും പുനരധിവാസ പദ്ധതിയുടെ ഭാഗമായി സൈനികക്ഷേമ വകുപ്പും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്നാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. താല്‍പര്യമുള്ളവര്‍ ജില്ലാസൈനിക ഓഫീസില്‍ അപേക്ഷ നല്‍കണം. പേര്, റാങ്ക്, സര്‍വ്വീസ് നമ്പര്‍, ആധാര്‍ കാര്‍ഡ് നമ്പര്‍ എന്നിവ നവംബര്‍ 23 ന് മുന്‍പായി ജില്ലാസൈനിക ഓഫീസില്‍ അറിയിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.
പേരാമ്പ്ര ബൈപാസ് നിർമാണം: മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ചു
പേരാമ്പ്ര ബൈപാസ് റോഡിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ മന്ത്രി പി.എ.മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ചു. അദ്ദേഹം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, മുൻ എംഎൽഎ എ.കെ. പത്മനാഭൻ, മുൻ ജില്ല പഞ്ചായത്ത് അംഗം എ.കെ. ബാലൻ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
സഹകരണ മേഖലയിൽസമഗ്ര നിയമ നിർമ്മാണം നടപ്പാക്കും .മന്ത്രി വി .എൻ വാസവൻ
സഹകരണ മേഖലയിൽ സമഗ്ര നിയമ നിർമ്മാണം നടപ്പാക്കുമെന്ന് സഹകരണ റജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു .
കോഴിക്കോട് പ്രസ് ക്ലബ്ബിൽ നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സഹകരണ മേഖലയിൽ സഹകാരികളുടെ പങ്കാളിത്തത്തോടെ ചർച്ചകളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും സമഗ്ര നിയമ നിർമ്മാണം നടത്തുക.
സഹകരണ മേഖലയിൽ നിരവധി പദ്ധതികളാണ് ഇതിനകം നടപ്പാക്കിയത്.
കോവിഡ് പ്രതിസന്ധിക്കിടയിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ വിദ്യാർഥികൾക്ക് പഠനസാമഗ്രികൾ വാങ്ങാൻ 75 കോടിയിൽപരം രൂപ പലിശ രഹിത വായ്പയായി നൽകി കഴിഞ്ഞതായി മന്ത്രി പറഞ്ഞു. പദ്ധതി ആരംഭിച്ച് രണ്ട് മാസത്തിനകം തന്നെ 73 .18 കോടി രൂപ നൽകി .പത്ത് വനിതാ സഹകരണ സംഘങ്ങൾക്ക് സംരംഭകത്വം തുടങ്ങുന്നതിന് അഞ്ച് ലക്ഷം രൂപ വീതം നൽകി .കോവിഡ് പ്രതിരോധ സാമഗ്രികൾ ഉൽപ്പാദിപ്പിക്കാനായിരുന്നു ഈ പദ്ധതി .
കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി തൃശൂർ പഴയന്നൂരിൽ 40 ഫ്ലാറ്റുകളുടെ നിർമ്മാണ പ്രവർത്തനം പൂർത്തിയായിട്ടുണ്ട് കൈമാറ്റത്തിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
വായ്പാ കുടിശ്ശിക അടച്ചു തീർക്കുന്നതിനായി പരമാവധി ഇളവുകൾ നൽകി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി ദീർഘിപ്പിച്ചു നൽകുകയും കൂടുതൽ വായ്പക്കാർക്ക് കുടിശിക അടച്ചു തീർക്കാൻ അവസരം ഒരുക്കി .
സഹകരണ മേഖലയിലെ ആശാസ്യകരമല്ലാത്ത പ്രവണതകൾ തടയാൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിൻ്റെ ഓഫീസിൽ നിന്നും അക്കൗണ്ടൻ്റ് ജനറൽ വിഭാഗത്തിൽ പെടുന്ന ഉന്നത ഉദ്യോഗസ്ഥൻ്റെ സേവനം സഹകരണ ഓഡിറ്റിന് ലഭ്യമാക്കും ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള ഓഡിറ്റ് വിഭാഗമായിരിക്കും ഇനി ഓഡിറ്റിംഗിന് നേതൃത്വം നൽകുക .
ഓഡിറ്റുമായി ബന്ധപ്പെട്ട് കോ ഓപ്പറേറ്റീവ് ഓഡിറ്റ് മോണിറ്ററിംഗ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം വികസിപ്പിച്ചിട്ടുണ്ട് .സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള കേരളത്തിലുള്ള മുഴുവൻ സഹകരണ സംഘങ്ങളുടെയും അടിസ്ഥാന വിവരങ്ങളും ഓഡിറ്റ് സംബന്ധിച്ച വിവരങ്ങളും ഇതിലൂടെ ലഭ്യമാകും .ഈ ഓൺലൈൻ സംവിധാനത്തിലൂടെ നിശ്ചിത കാലയളവിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും താലൂക്ക് തിരിച്ചുള്ള വിവരങ്ങൾ ലഭ്യമാകും .
ക്ഷീരകർഷക സംഘ മേഖലയിലും പരിഷ്ക്കരണ നടപടി ആരംഭിക്കും .യഥാർഥ ക്ഷീരകർഷകർക്ക് മാത്രം ഇനി അംഗത്വം ഉണ്ടാവുകയുള്ളു .സ്ത്രീകൾക്ക് കൂടുതൽ മുൻഗണനയും പ്രധാന്യവും ഈ മേഖലയിൽ നൽകും
കേരള ബാങ്ക് ലാഭകരമായിട്ടാണ് മുന്നോട്ടു പോകുന്നത് ജനതാൽപര്യമനുസരിച്ചാണ് കേരള ബാങ്ക് പ്രവർത്തിക്കുന്നത്
സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമം ജനങ്ങളെ അണിനിരത്തിയും ,നിയമപരമായും നേരിടും.
സഹകരണ മേഖലയിലെഅഴിമതി തടയാൻ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻ്റണി ,റജിസ്ട്രാർ പി .ബി നൂഹ് ,പ്രസ് ക്ലബ് പ്രസിഡൻ്റ് ഫിറോസ് ഖാൻ ,സെക്രട്ടറി പി എസ് രാകേഷ് തുടങ്ങിയവർ പങ്കെടുത്തു.