കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (16/11/2021)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്: കോഴിക്കോടൻ ഭക്ഷണങ്ങൾ വിളമ്പാൻ അവസരം

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിൽ കോഴിക്കോടൻ രുചിപ്പെരുമ വിളിച്ചോതുന്ന ഭക്ഷണങ്ങൾ വിളമ്പാൻ അവസരം. ഡിസംബർ 26 മുതൽ 31 വരെ നടത്തുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന ഫുഡ് ഫെസ്റ്റിവൽ സ്റ്റാളുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

നവംബർ 30 വരെ അപേക്ഷകൾ സമർപ്പിക്കാം. foodfestbiwf@gmail.com എന്ന മെയിൽ വിലാസത്തിലാണ് അപേക്ഷകൾ അയക്കേണ്ടത്. അപേക്ഷ നൽകുന്നയാളുടെ പേര്, വയസ്സ് പൂർണമായ മേൽവിലാസം, മൊബൈൽ ഫോൺ നമ്പർ എന്നിവ ഉൾകൊള്ളിച്ച് അപേക്ഷകൾ അയക്കണം.

ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് നവംബർ 30 വരെയുള്ള ദിവസങ്ങളിൽ ഹാർബർ എഞ്ചിനീയറിംഗ് ഓഫീസിൽ പ്രവർത്തിക്കുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിവൽ ക്യാമ്പ് ഓഫീസിൽ നേരിട്ടത്തി അപേക്ഷിക്കാം.
തെരഞ്ഞെടുത്തവർക്കായി ഡിസംബർ ആദ്യ വാരം ഭക്ഷ്യ സുരക്ഷ രജിസ്ട്രേഷൻ മേള നടത്തും.

മറീനയിൽ സംഘടക സമിതി ഒരുക്കുന്ന സ്റ്റാളുകളിൽ വൈദ്യുതി, കുടിവെള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും. സ്റ്റാളുകൾക്ക് പുറമെ സംഘാടക സമിതി ഒരുക്കുന്ന കോമൺ ഡൈനിങ് ഏരിയയും ഉപയോഗിക്കാം.

സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന സ്വയംതൊഴില്‍ വായ്പാ പദ്ധതികള്‍ക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി കോഴിക്കോട് ജില്ലയില്‍ നിന്നുള്ള പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളിൽപെട്ട തൊഴില്‍രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 60,000 രൂപ മുതല്‍ നാലു ലക്ഷം രൂപ വരെയാണ് വായ്പാ തുക. അപേക്ഷകര്‍ 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ തിരിച്ചടവ് കാലാവധിയുള്ള വായ്പകള്‍ക്ക് 4% മുതല്‍ 7% വരെയാണ് പലിശ നിരക്ക്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണമെന്ന് ജില്ലാ മാനേജര്‍ അറിയിച്ചു. ഫോണ്‍ : 0495 2767606, 9400068511.

പോലീസ് കംപ്ലയിൻ്റ്സ് അതോറിറ്റി സിറ്റിംഗ്

ജില്ലാ പോലീസ് കംപ്ലയിൻ്റ്സ് അതോറിറ്റിയുടെ ഈ മാസത്തെ സിറ്റിംഗ് നവംബര്‍ 18, 19 തീയതികളില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും 20 ന് കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലും രാവിലെ 11 മണിക്ക് നടത്തുമെന്ന് ശിരസ്തദാര്‍ അറിയിച്ചു.

അക്കൗണ്ടിങ്ങ്, ഹാര്‍ഡ് വെയര്‍,ഡാറ്റാ എന്‍ട്രി കോഴ്‌സുകള്‍

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ എല്‍. ബി. എസ്. സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍, പ്ലസ് ടു കൊമേഴ്‌സ് / ബി. കോം / എച്ച്. ഡി. സി. / ജെ ഡി. സി യോഗ്യതയുള്ളവര്‍ക്ക് ആറു മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ്, എസ്.എസ്.എല്‍.സി. യോഗ്യതയുള്ളവര്‍ക്ക് ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ ഇംഗ്ലീഷ്-മലയാളം കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് : 0495 2720250
ലിങ്ക്: http://lbscentre.kerala.gov.in/services/coursse

മാനന്തവാടി ഗവ. കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലെ മാനന്തവാടി ഗവണ്മെന്റ് കോളേജില്‍ വിവിധ കോഴ്‌സുകളിലെ ഒഴിവിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ബി.എ ഇംഗ്ലീഷ് കോഴ്‌സില്‍ എസ് ടി വിഭാഗത്തിലും ബി.എസ്.സി ഫിസിക്‌സ്, ബി.എസ്.സി ഇലക്ട്രോണിക്‌സ് കോഴ്‌സുകളില്‍ എല്ലാ വിഭാഗത്തിലും ഒഴിവുകള്‍ ഉണ്ട്. അപേക്ഷകള്‍ നവംബര്‍ 18 ന് വൈകീട്ട് അഞ്ച് വരെ കോളേജില്‍ സ്വീകരിക്കും. ഇതുവരെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും അപേക്ഷിക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ദര്‍ഘാസ് ക്ഷണിച്ചു

കോഴിക്കോട് ഐസിഡിഎസ് അര്‍ബന്‍ 2 ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിന് കീഴിലെ 140 അങ്കണവാടികളിലേക്ക്, മിക്‌സി, മ്യൂസിക് സിസ്റ്റം എന്നിവ വാങ്ങുന്നതിനും അമൃതം ന്യൂട്രിമിക്‌സ്, ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 29 ന് വൈകീട്ട് മൂന്ന് മണി. ഫോണ്‍ : 0495 2373566.

വടകര മോഡല്‍ പോളിയിൽ ഇന്റര്‍വ്യൂ 19ന്

ഐ.എച്ച്.ആര്‍.ഡി യുടെ കീഴിലെ വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ വിവിധ തസ്തികകളിലേക്ക് നവംബർ 19 ന് ഇന്റര്‍വ്യൂ കോളേജില്‍ നടത്തും.
തസ്തിക, സമയം, യോഗ്യത എന്ന ക്രമത്തില്‍ : കമ്പ്യൂട്ടര്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ രാവിലെ 10 മണിക്ക്, ഫസ്റ്റ്ക്ലാസ്സ് ത്രീവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ / പ്രസ്തുത വിഷയങ്ങളില്‍ ഫസ്റ്റ്ക്ലാസ്സ് ബി.എസ്.സി ബിരുദം, കമ്പ്യൂട്ടര്‍ ട്രേഡ്സ്മാന്‍ രാവിലെ 11 ന് – എസ്.എസ്.എല്‍.സി നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (കമ്പ്യൂട്ടര്‍), ട്രേഡ്സ്മാന്‍ (മെക്കാനിക്കല്‍)
ഉച്ചക്ക് 12 മണിക്ക് – എസ്.എസ്.എല്‍.സി നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (മെക്കാനിക്കല്‍). നിശ്ചിത യോഗ്യത പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുള്ളവരെ മാത്രമേ ഇന്റര്‍വ്യൂവിനു പരിഗണിക്കുകയുള്ളു. താല്പര്യമുള്ളവര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സലും പകർപ്പുകളും സഹിതം ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 0496 2524920.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ജന്മദിനം: പ്രൊബേഷന്‍ വാരാചരണത്തിന് ജില്ലയിൽ തുടക്കം

ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ജന്മദിനത്തോടനുബന്ധിച്ച് നടത്തുന്ന പ്രൊബേഷന്‍ വാരാചരണത്തിന് ജില്ലയിൽ തുടക്കം. ജില്ലാതല ഉദ്ഘാടനം ജില്ലാ ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍പേഴ്‌സണുമായ പി. രാഗിണി ജില്ലാ കോടതി കോണ്‍ഫറന്‍സ് ഹാളില്‍ നിർവഹിച്ചു.

കേരളത്തിലെ പ്രൊബേഷൻ സംവിധാനം മെച്ചപ്പെടുത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട വകുപ്പുകളായ ജയിൽ, പോലീസ്, പ്രോസിക്യൂഷൻ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനുമായാണ് ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ ജന്മദിനം പ്രൊബേഷൻ ദിനമായി ആചരിച്ചുവരുന്നത്. ജനങ്ങളിൽ നല്ലനടപ്പു സംവിധാനത്തെക്കുറിച്ചും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെ പരിവർത്തനോന്മുഖ ജീവിതസമ്പ്രദായത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുക, ജയിൽ ഇതരമായ ശിക്ഷാ സമ്പ്രദായം വ്യാപിപ്പിക്കുക തുടങ്ങിയവയാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റ നേതൃത്വത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങിൽ കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ.ഫാത്തിമാ ബീവി അധ്യക്ഷത വഹിച്ചു. സബ് ജഡ്ജും ഡിഎല്‍എസ്എ കോഴിക്കോട് സെക്രട്ടറിയുമായ എം.പി.ഷൈജല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സാമൂഹ്യനീതി ഓഫീസർ അഷ്റഫ് കാവിൽ, റിട്ട. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.എം. തോമസ് എന്നിവർ സെമിനാർ അവതരിപ്പിച്ചു. ജില്ലാ പ്രൊബേഷൻ ഓഫീസർ പി.ഇ.വിനീത കുമാരി, കാലിക്കറ്റ് ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. പി.കെ.നിർമ്മല, ഡിഎൽഎസ്എ പാനൽ അഡ്വക്കേറ്റ് വി.പി.രാധാകൃഷ്ണൻ, ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. കെ.എൻ.ജയകുമാർ, സിറ്റി പ്രൊബേഷൻ ഓഫീസർ കെ.മുഹമ്മദ് ജാബിർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഡിഗ്രി സീറ്റൊഴിവ്

മലപ്പുറം സര്‍ക്കാര്‍ കോളേജില്‍ ഒന്നാം വര്‍ഷ ബി.എ ഉറുദു (പി.എച്ച്-2, ലക്ഷദ്വീപ് 1, എസ്.സി- 7), ബി.എസ്.സി ഫിസിക്‌സ് (എസ്.സി-3, പി.എച്ച്-2, ലക്ഷദ്വീപ്- 1), ബി.എസ്.സി കെമിസ്ട്രി (പി.എച്ച്- 2, ലക്ഷദ്വീപ്-1, എസ്.സി -3), ബി.എ എക്കണോമിക്‌സ് (ലക്ഷദ്വീപ്-1), ബി.എ അറബിക് (എസ്.സി 12, ലക്ഷദ്വീപ്- 1) വിഷയങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ നവംബര്‍ 18ന് രാവിലെ 10 മണിക്ക് രേഖകള്‍ സഹിതം ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ലഹരി വസ്തുക്കളിൽ നിന്ന് മോചനം തേടുന്നവർക്കായി പുകയില നിയന്ത്രണ ക്ലിനിക്

പുകയില ഉൾപ്പടെയുള്ള ലഹരി വസ്തുക്കളിൽ നിന്ന് മോചനം തേടുന്നവർക്കായി കോഴിക്കോട് സർക്കാർ ജനറൽ ആശുപത്രി ( ബീച്ച് ആശുപത്രി) യിൽ പ്രത്യേക പുകയില നിയന്ത്രണ ക്ലിനിക് പ്രവർത്തിക്കുന്നതായി ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ നോഡൽ ഓഫീസർ ഡോ. വിപിൻ വർക്കി അറിയിച്ചു. ജീവിത ശൈലീ രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരംഭിച്ച ക്ലിനിക്കിൽ പുകവലി, ഗുഡ്ക ഉപയോഗം,മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം തുടങ്ങിയവ പൂർണ്ണമായി ഉപേക്ഷിക്കാനും ആരോഗ്യകരമായ ജീവിതത്തിലേക്ക് മടങ്ങിവരാനും സഹായകമാകുന്ന രീതിയിൽ ബഹുമുഖ രീതിയിലുള്ള ചികിത്സയാണ് സജ്ജീകരിച്ചിട്ടുള്ളത്. വ്യക്തിഗത കൗൺസലിങ്, കുടുംബാംഗങ്ങൾക്കുള്ള കൗൺസലിംഗ്, സാമൂഹ്യ മന:ശാസ്ത്ര പിന്തുണ, സാമൂഹ്യശീല മാറ്റങ്ങൾക്കുവേണ്ടിയുള്ള ബോധവൽക്കരണങ്ങൾ , കൗമാരക്കാർക്കും രക്ഷിതാക്കൾക്കുമുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ തുടങ്ങിയവയാണ് ക്ലിനിക്കിന്റെ പ്രധാന പ്രവർത്തനങ്ങൾ . ഇതിനായി വിദഗ്ധരായ കൗൺസിലർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ആശുപത്രിയിലെ റൂം നമ്പർ 62 ലാണ് ക്ലിനിക് പ്രവർത്തിക്കുന്നത്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം നാല് മണി വരെ ക്ലിനിക് പ്രവർത്തിക്കും. മുൻകൂട്ടി ബുക് ചെയ്യുകയോ ഒപി ടിക്കറ്റെടുക്കുകയോ ചെയ്യാതെ നേരിട്ട് ക്ലിനികിൽ വരാവുന്നതാണ്. ക്ലിനികിലെ ചികിത്സയും മറ്റു സേവനങ്ങളും പൂർണ്ണമായും സൗജന്യമാണ്.

ഡിഗ്രി സീറ്റൊഴിവ്

താനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒന്നാം സെമസ്റ്റര്‍ (2021-22) ബി.എസ്‌സി ഇലക്ട്രോണിക്‌സ്, ബി.എ ഇംഗ്ലീഷ്, ബിബിഎ, ബി കോം കംപ്യൂട്ടര്‍ ആപ്ലികേഷന്‍, ബി.സിഎ വിഭാഗങ്ങളില്‍ എസ് ടി കാറ്റഗറിയിലും ബി കോം കംപ്യൂട്ടര്‍ ആപ്ലികേഷന്‍, ബി.ബി.എ വിഭാഗങ്ങളില്‍ എസ്‌സി കാറ്റഗറിയിലും ഒഴിവുകള്‍ ഉണ്ട്. എസ് സി/എസ് ടി കാറ്റഗറിക്കാരുടെ അഭാവത്തില്‍ അര്‍ഹരായ ഒ.ഇ.സി വിഭാഗക്കാരെയും പരിഗണിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. താല്പര്യമുള്ളവര്‍ നവംബര്‍ 18ന് രാവിലെ 10 മണിക്ക് അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി കോളേജില്‍ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ് gctanur.ac.in സന്ദര്‍ശിക്കുക.

നന്മണ്ട ഉപതെരഞ്ഞെടുപ്പ്; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ പഞ്ചായത്ത് നന്മണ്ട ഡിവിഷനിലെ രാഷ്ട്രീയ പാര്‍
ട്ടി പ്രതിനിധികളുടെ യോഗം എഡിഎം സി. മുഹമ്മദ് റഫീഖിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റിൽ ചേര്‍ന്നു. ഡിസംബര്‍ ഏഴിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അവധി ദിവസമൊഴികെ നവംബര്‍ 19 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. കോവിഡ് മാനദണ്ഡം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ഥിക്കൊപ്പം പരമാവധി അഞ്ചു പേര്‍ മാത്രം പങ്കെടുത്താല്‍ മതിയെന്ന് യോഗത്തില്‍ തീരുമാനിച്ചു. ഡിസംബര്‍ ഏഴിന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണി വരെയായിരിക്കും വോട്ടെടുപ്പ്. നാല് ഗ്രാമപഞ്ചായത്തുകളിലായി 77 പോളിംഗ് സ്‌റ്റേഷനുകളാണുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഈ മാസം 10 മുതല്‍ മാതൃകാ പെരുമാറ്റം ചട്ടം നിലവില്‍ വന്നിട്ടുണ്ടെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ പെരുമാറ്റചട്ടം പാലിക്കണമെന്നും എഡിഎം നിര്‍ദ്ദേശിച്ചു.

സൂക്ഷ്മ പരിശോധന 20ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി നവംബര്‍ 22 ആണ്. ഡിസംബര്‍ എട്ടിന് രാവിലെ 10ന് വോട്ടെണ്ണല്‍ ആരംഭിക്കും. തെരഞ്ഞെടുപ്പ് ഉപകരണങ്ങളുടെ വിതരണവും വോട്ടെണ്ണലും ചേളന്നൂര്‍ എസ്എന്‍ജി കോളജില്‍ നടക്കും. യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോവിഡ് നിയമലംഘനം: 59 കേസുകൾ രജിസ്റ്റർ ചെയ്തു

ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 59 കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും റൂറലിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്തു. നഗര പരിധിയിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ല. മാസ്ക് ധരിക്കാത്തതിന് റൂറലിൽ 27 കേസുകളും നഗര പരിധിയിൽ 28 കേസുകളും രജിസ്റ്റർ ചെയ്തു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.