കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (15/11/2021)



കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

കോവിഡ് ധനസഹായം : അപേക്ഷാ തീയതി ദീര്‍ഘിപ്പിച്ചു

മദ്രസ്സ അദ്ധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. മദ്രസ്സ അദ്ധ്യാപക ക്ഷേമനിധിയില്‍ 2021 മാർച്ചിനുമുമ്പ് അംഗത്വമെടുക്കുകയും വിഹിതം അടക്കുകയും ചെയ്തുവരുന്ന സജീവ അംഗങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക. 1000 രൂപയാണ് ധനസഹായം. ക്ഷേമനിധിയുടെ www.kmtboard.in വെബ് സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. സംശയ നിവാരണങ്ങള്‍ക്ക് 0495 2966577

ഡിഎല്‍.എഡ് – അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ മേഖലകളിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളിൽ 2021-23 അധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡിഎല്‍.എഡ്) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് മെറിറ്റ്/മാനേജ്‌മെന്റ്/ഡിപ്പാര്‍ട്ട്‌മെന്റ് ക്വാട്ടകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനത്തിന്റെയും അപേക്ഷാ ഫോമിന്റെയും പൂര്‍ണ്ണവിവരങ്ങള്‍ www.kozhikodedde.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ തപാല്‍ മാര്‍ഗമോ നേരിട്ടോ നവംബര്‍ 23ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍ : 0495 2722297.

പശു വളര്‍ത്തലില്‍ പരിശീലനം 19 ന്

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പശു വളര്‍ത്തലില്‍ നവംബര്‍ 19 ന് രാവിലെ 10 മുതല്‍ വൈകീട്ട് നാല് മണി വരെ പരിശീലനം നൽകും. പങ്കെടുക്കുന്നവര്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ കൊണ്ടുവരണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 30 പേര്‍ക്കായിരിക്കും പരിശീലനം. പങ്കെടുക്കുന്നവര്‍ 0491 2815454 നമ്പറിലേക്ക് വിളിച്ച് മൂന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് അസി. ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒരു ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 29 ന് വൈകീട്ട് മൂന്ന്മണി. ഫോണ്‍ : 0495 2383220, 2383210. വെബ്‌സൈറ്റ് : www.geckkd.ac.in.

വാട്ടർ ചാർജ്ജ് കുടിശ്ശിക 28നകം ഒടുക്കണം

ജല അതോറിറ്റിയുടെ കോഴിക്കോട്, പി.എച്ച്.ഡിവിഷനു കീഴിലെ വാട്ടര്‍ ചാര്‍ജ്ജ് കുടിശ്ശിക വരുത്തിയ മുഴുവന്‍ ഉപഭോക്താക്കളും നവംബര്‍ 28 നകം തുക ഒടുക്കി കുടിശ്ശിക നിവാരണം വരുത്തണം. പ്രവര്‍ത്തനരഹിതമായ വാട്ടര്‍ മീറ്ററുകള്‍ ഉപഭോക്താക്കള്‍ മാറ്റി പുതിയ മീറ്ററുകള്‍ ഈ തിയ്യതിക്കകം സ്ഥാപിക്കണം. അല്ലാത്തപക്ഷം കണക്ഷന്‍ വിഛേദിച്ച് കുടിശ്ശിക വസൂലാക്കാന്‍ റവന്യൂ റിക്കവറി നടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍: വെസ്റ്റ്ഹില്‍ – 0495 2382117, സരോവരം- 0495 2376008, മലാപറമ്പ – 0495 2370634

ബി. ടെക് സ്‌പോട്ട് അഡ്മിഷന്‍ 17 ന്

ഐ. എച്ച് . ആര്‍ .ഡി യുടെ കീഴിലെ കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ ഒന്നാം വര്‍ഷ ബി. ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് സൈബര്‍ സെക്യൂരിറ്റി, ഇലക്ട്രോണിക്‌സ് ആന്റ കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നിവയില്‍ ഒഴിവുള്ള മെറിറ്റ്/ മാനേജ്മന്റ് സീറ്റുകളിലേക്ക് നവംബര്‍ 17ന് രാവിലെ 10 മണിക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പ്രവേശന പരീക്ഷ കമ്മിഷണര്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും ഗവണ്മെന്റ് അംഗീകൃത എന്‍ട്രന്‍സ് പരീക്ഷയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും ഒന്നാം വര്‍ഷ ബി. ടെക് പ്രവേശനത്തിന് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.cek.ac.in സന്ദര്‍ശിക്കുക. ഫോണ്‍ : 0469-2677890, 2678983, 8547005034, 9447402630


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


മൊകേരി ഗവൺമെന്റ് കോളേജിൽ പുതിയ കോഴ്സ് ഉദ്ഘാടനം ചെയ്തു

മൊകേരി ഗവൺമെന്റ് കോളേജിൽ പുതുതായി അനുവദിച്ച ബിരുദ കോഴ്സിന്റെ ഉദ്ഘാടനം കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ നിർവഹിച്ചു. കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് കുട്ടികളെ സജ്ജരാക്കുന്ന ഇത്തരം പുതുതലമുറ കോഴ്സുകൾ അത്യാവശ്യമാണെന്ന് എംഎൽഎ പറഞ്ഞു. കോളേജിലെ അക്കാദമിക വികസനങ്ങളുടെ ഭാഗമായി ബി.എ എക്കണോമെട്രിക്സ് ആൻഡ് ഡാറ്റാ മാനേജ്മെന്റ് എന്ന കോഴ്സാണ് പുതുതായി അനുവദിച്ചത്. അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി കോളേജിൽ പത്ത് കോടിയോളം രൂപ ചെലവിൽ വിപുലമായ പദ്ധതികൾ നടന്നുവരികയാണ്. കോളേജ് ഓഡിറ്റോറിയത്തിൽ ചടങ്ങിൽ കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത അധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കൈരളി കെ, എ രതീഷ്, പ്രിൻസിപ്പൽ കെ.കെ അഷ്‌റഫ്‌, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

സര്‍ട്ടിഫിക്കറ്റ് വിതരണം നാളെ മുതല്‍

കോഴിക്കോട് ഗവ. ഐ.ടി.ഐ യില്‍ സി.ഒ.ഇ ട്രേഡില്‍ പരിശീലനം പൂര്‍ത്തിയാക്കി വിജയിച്ച ട്രെയ്‌നികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ (എന്‍ടിസി) നാളെ (നവംബര്‍ 16) മുതല്‍ 20 വരെ വിതരണം ചെയ്യുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ട്രെയ്‌നികള്‍ മതിയായ രേഖകളുമായി ഹാജരായി സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റണം.

സായാഹ്ന ഒ.പി .ഡോക്ടറെ ആവശ്യമുണ്ട്

വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ സായാഹ്ന ഒ.പിയിലെ ഡോക്ടറുടെ ഒരു ഒഴിവിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. യോഗ്യത – ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള എംബിബിഎസ് ബിരുദം. അംഗീകൃത സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം അഭിലഷണീയം. വാഴക്കാട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണന.
തെരെഞ്ഞെടുക്കപ്പെടുന്നവരുടെ നിയമനം സംബന്ധിച്ച കാര്യങ്ങള്‍ വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെയും വാഴക്കാട് മെഡിക്കല്‍ ഓഫീസറുടെയും അധികാരപരിധിയില്‍പെടുന്നതായിരിക്കും. യോഗ്യരായ അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സ്വയം തയ്യാറാക്കിയ ബയോഡാറ്റയും സഹിതം നവംബര്‍ 22ന് രാവിലെ 10 മണിക്ക് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി നവംബര്‍ 20 വൈകിട്ട് അഞ്ച് മണി.

കീടനാശിനി ഡീലര്‍മാര്‍ക്ക് പരിശീലനം

ക്വാളിറ്റി കണ്‍ട്രോള്‍ പദ്ധതിയുടെഭ ഭാഗമായി ചെറുകിട വളം, കീടനാശിനി ഡീലര്‍മാര്‍ക്ക് ജില്ലാ തലത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിക്കോടി, വടകര, പേരാമ്പ്ര, തോടന്നൂര്‍, തൂണേരി, കുന്നുമ്മല്‍ ബ്ലോക്ക് പരിധിയിലെ ഡീലര്‍മാര്‍ക്ക് നവംബര്‍ 29 ന് രാവിലെ 10.30 നും കോഴിക്കോട്, കാക്കൂര്‍, കുന്നമംഗലം, കൊടുവള്ളി, കൊയിലാണ്ടി, ബാലുശ്ശേരി എന്നീ ബ്ലോക്കുകള്‍ക്ക് അന്നേ ദിവസം രണ്ട് മണിക്കും നഗര വേങ്ങേരിയിലെ കാര്‍ഷിക മൊത്ത വിപണന കേന്ദ്രം വീഡിയോ കോണ്‍ഫറന്‍സ് ഹാളിലാണ് പരിശീലനം. പരിശീലന പരിപാടിയില്‍ എല്ലാ ഡീലര്‍മാരും പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

മൂന്നാം സ്‌പോട്ട് അഡ്മിഷന്‍ 18 ന്

കോഴിക്കോട് മലാപ്പറമ്പിലെ ഗവ. വനിതാ പോളിടെക്‌നിക് കോളേജിലെ 2021-22 അദ്ധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ഇലക്ട്രോണിക്‌സ്, കൊമേര്‍ഷ്യല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള മൂന്നാം സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 18 ന് ഗവ. വനിതാ പോളിടെക്‌നിക് കോളേജിൽ നടത്തുന്നു. റാങ്ക് ലിസ്റ്റില്‍ പേരുള്ള മുഴുവന്‍ വിദ്യാര്‍ത്ഥിനികള്‍ക്കും 18ന് രാവിലെ 9.30 മുതല്‍ 11 മണിവരെയുള്ള സമയത്ത് കോളേജില്‍ നേരിട്ടുവന്ന് രജിസ്റ്റര്‍ ചെയ്ത് സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. എസ്.എസ്.എല്‍.സി, സംവരണങ്ങള്‍ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍, ഫീസാനുകൂല്യത്തിന് വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രവേശന സമയത്ത് ഹാജരാക്കണം. പ്രവേശനം ലഭിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ അപേക്ഷകരും ഒരു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ കോഷന്‍ ഡെപ്പോസിറ്റായി 1000 രൂപയും ഒരു ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളവര്‍ കോഷന്‍ ഡെപ്പോസിറ്റ് ഉള്‍പ്പെടെ ഫീസായി 3780 രൂപയും എടിഎം കാര്‍ഡ് മുഖേന ഓഫീസില്‍ അടക്കണം. പിടിഎ ഫണ്ടായി 1500 രൂപ പണമായി ഒടുക്കണം. അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥിനികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9526123432,0495 2370714

ഗതാഗതം നിരോധിച്ചു

കോഴിക്കോട് ജില്ലയിലെ കുമ്മങ്ങോട്ട് താഴം പണ്ടാരപ്പറമ്പ് പന്തീര്‍ പാടം റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (നവംബര്‍ 16) പ്രവൃത്തി തീരുന്നത് വരെ ഈ റോഡിലൂടെയുളള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പ്രൊബേഷന്‍ വാരാചരണം – ജില്ലാതല ഉദ്ഘാടനം നാളെ

ജസ്റ്റിസ് വി.ആര്‍.കൃഷണയ്യര്‍ ജന്മദിനത്തോടനുബന്ധിച്ച് നടത്തുന്ന പ്രൊബേഷന്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ (നവംബർ 16) ഉച്ചയ്ക്ക് 2 മണിക്ക് കോഴിക്കോട് ജില്ലാ കോടതി കോണ്‍ഫറന്‍സ്ഹാളില്‍ നടക്കും. ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വാരാചരണം ജില്ലാ ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍പേഴ്‌സണുമായ പി. രാഗിണി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ.ഫാത്തിമാ ബീവി അധ്യക്ഷത വഹിക്കും. സബ്ജഡ്ജും ഡിഎല്‍എസ്എ കോഴിക്കോട് സെക്രട്ടറിയുമായ എം.പി ഷൈജല്‍ മുഖ്യപ്രഭാഷണം നടത്തും.

ഭാരം കയറ്റിയുളള ഗതാഗതത്തിന് നിയന്ത്രണം

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി – കുറുമ്പൊയില്‍ – വയലട റോഡില്‍ കനത്ത മഴയില്‍ കലുങ്ക് ഭാഗികമായി തകര്‍ന്നതിനാല്‍, കലുങ്കിന്റെ പുനര്‍ നിര്‍മ്മാണ പ്രവൃത്തി തീരുന്നതുവരെ ഈ റോഡ് വഴിയുളള ഭാരം കയറ്റിയുളള വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചിരിക്കുന്നതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.