കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (06/11/2021)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ചിരട്ടക്കര കലുങ്കും അപ്രോച്ച് റോഡും: നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു

നന്മണ്ട ഗ്രാമപഞ്ചായത്തിലെ ചിരട്ടക്കര കലുങ്കിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണോദ്ഘാടനം വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. പ്രവൃത്തി കാലതാമാസം കൂടാതെ പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ ഉണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.

പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ നന്മണ്ട – അത്തോളി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് ഒരു കോടി രൂപ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് കലുങ്കും അപ്രോച്ച് റോഡും നിര്‍മ്മിക്കുന്നത്.

ചടങ്ങില്‍ നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍, നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ.രാജന്‍ മാസ്റ്റര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബെന്നി ജോണ്‍, അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷിനി എന്‍.വി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കുമ്മങ്ങോട്ട്താഴം-പണ്ടാരപ്പറമ്പ് റോഡ് പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കും

കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കുമ്മങ്ങോട്ട്താഴം-പണ്ടാരപ്പറമ്പ് റോഡ് പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ഗവ. ഗസ്റ്റ്ഹൗസില്‍ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം. കുമ്മങ്ങോട്ട്താഴം അങ്ങാടിയില്‍ എട്ട് മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിക്കും. ഓവുചാല്‍ നിര്‍മ്മിക്കാന്‍ പ്രയാസം നേരിടുന്ന ഈ ഭാഗത്ത് സ്ഥലം വിട്ടു കിട്ടുന്ന മുറയ്ക്കാകും ഓവുചാല്‍ നിര്‍മ്മിക്കുക. അരീക്കരപൊയില്‍ ഭാഗത്ത് ക്രോസ് ഡ്രയിനേജ് നിര്‍മ്മിക്കാനും തീരുമാനിച്ചു. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സരിത, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.അപ്പുക്കുട്ടന്‍, പൊതുമരാമത്ത്, ജലഅതോറിറ്റി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എന്‍.സി.വി.റ്റി ട്രേഡുകളില്‍ സീറ്റൊഴിവ്

കോഴിക്കോട് ഗവ.വനിത ഐ.ടി.ഐയില്‍ വിവിധ എന്‍.സി.വി.റ്റി ട്രേഡുകളിലേയ്ക്കുളള പ്രവേശനത്തിന് എസ്.ടി. റിസര്‍വേഷനില്‍ സീറ്റുകള്‍ ഒഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8593829398.

ഭക്ഷ്യഭദ്രതാ നിയമം : യോഗം 15ന്

ദേശീയ ഭക്ഷ്യഭദ്രതാ നിയമം സംസ്ഥാനത്ത് നടപ്പില്‍ വന്നതുമായി ബന്ധപ്പെട്ട് പൊതുവിതരണ സമ്പ്രദായം കൂടുതല്‍ സുതാര്യവും പരാതിരഹിതവുമായി മാറ്റുന്നതിന് ജില്ലാ കലക്ടര്‍ ചെയര്‍മാനായി രൂപീകരിച്ച കോഴിക്കോട് ജില്ലാതല വിജിലന്‍സ് സമിതി യോഗം ഗൂഗിള്‍ മീറ്റ് വഴി നവംബര്‍ 15ന് രാവിലെ 10.30ന് നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ലിങ്ക് :https://meet.google.com/smx-gmcr-iom , code: smx-gmcr-iom

ഭരണഭാഷാ വാരാചരണം- ഉദ്യോഗസ്ഥര്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മത്സരം

ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സാഹിത്യരചനാ മത്സരം നടത്തുന്നു. ‘മലയാളവും ഭരണഭാഷയും’ എന്ന വിഷയത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉപന്യാസ രചനാ മത്സരവും ‘മാതൃഭാഷയുടെ മഹത്വം’ എന്ന വിഷയത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കവിതാരചനാ മത്സരവുമാണ് സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവര്‍ക്ക് സമ്മാനം നല്‍കും. രചനകള്‍ യൂണിക്കോഡായി നവംബര്‍ 10ന് വൈകീട്ട് അഞ്ചു മണിക്കകം diodir.clt@gmail.com എന്ന ഇ- മെയില്‍ വിലാസത്തില്‍ അയക്കണം. ജീവനക്കാര്‍ മേലധികാരിയുടെയും വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്റെയും സാക്ഷ്യപത്രവും സ്വയം സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും സ്‌കാന്‍ ചെയ്ത് രചനക്കൊപ്പം സമര്‍പ്പിക്കണം. മൊബൈല്‍ ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 0495 2370225.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


രോഗ- കീട നിയന്ത്രണ പദ്ധതി ഉദ്ഘാടനം ചെയ്തു

വേളം പഞ്ചായത്തിന്റെ വിള ആരോഗ്യ പരിപാലന പദ്ധതിയില്‍ രോഗ- കീടങ്ങളെ നേരിടാനുള്ള ആകസ്മിക പരിപാടിയുടെ ഭാഗമായി രോഗ- കീട നിയന്ത്രണ പദ്ധതി ഉദ്ഘാടനം ചെയ്തു. പാവുള്ളാട്ടു പാടശേഖരത്തില്‍ നടന്ന ചടങ്ങില്‍ കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇതോടനുബന്ധിച്ച് അട്ടശല്യത്തിനെതിരെ കുമ്മായവും തുരിശും വിതരണം ചെയ്തു.

വേളം പഞ്ചായത്തില്‍ പുഞ്ചകൃഷി സംരക്ഷിക്കുകയും നെല്‍വയലുകള്‍ തരിശിടാതിരിക്കുകയും അട്ടയുടെ ആക്രമണത്തില്‍നിന്നും കര്‍ഷകരേയും കര്‍ഷക തൊഴിലാളികളേയും വളര്‍ത്തു മൃഗങ്ങളേയും സംരക്ഷിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

വേളം പഞ്ചായത്തില്‍ 291 ഹെക്ടറില്‍ 100 ഹെക്ടര്‍ നെല്‍കൃഷി ഇറക്കും. അട്ടശല്യം കുറക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ എന്ന നിലയില്‍ ഭൂമി തരിശിടതിരിക്കാനും നിലം ഒരുക്കുമ്പോഴും നിലം ഒരുക്കി ഒരു മാസത്തിനു ശേഷവും കുമ്മായം വിതറാനും തീരുമാനിച്ചു. പറിച്ചു നടീല്‍, കളപറി എന്നിവയ്ക്ക് മുമ്പ് ഏക്കറിന് നാല് കിലോ അനുപാതത്തില്‍ നന്നായി പൊടിച്ച തുരിശ് പൊടി മണ്ണുമായി കലര്‍ത്തി വിതറാനും പദ്ധതി നിര്‍ദേശിക്കുന്നു. കുമ്മായം വിതറുന്നതും താറാവുകളെ കൃഷിയിടത്തില്‍ ഇറക്കുന്നതും അട്ടശല്യം ഗണ്യമായി കുറക്കുമെന്ന് വിദഗ്ധര്‍ അറിയിച്ചു.

വേളം പഞ്ചായത്ത് പ്രസിഡന്റ് നയിമ കുളമുള്ളതില്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശശി പൊന്നണ പദ്ധതി വിശദീ കരണം നടത്തി. വേളം കൃഷി ഓഫീസര്‍ രാജില്‍, കൃഷി അസിസ്റ്റന്റ് ശരത് കുന്നുമ്മല്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

അനധികൃത ഖനനം:14 വാഹനങ്ങള്‍ പിടിച്ചെടുത്തു

വടകര നാദാപുരം വില്ലേജിലെ ചേലക്കാട് ക്വാറിയില്‍ അനധികൃതമായി ഖനന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന 14 വാഹനങ്ങള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. വടകര ആര്‍.ഡി.ഒ. സി.ബിജു വിന്റെ നിര്‍ദ്ദേശപ്രകാരം റവന്യൂ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്നാണ് നടപടി.

സര്‍ക്കാരിന്റെയും ജിയോളജി വകുപ്പിന്റെയും അനുമതിയില്ലാതെയാണ് ക്വാറി പ്രവര്‍ത്തിച്ചിരുന്നതെന്ന് പരിശോധനയില്‍ വ്യക്തമായി. നിയമവിരുദ്ധമായി സ്‌ഫോടകവസ്തുക്കളും ഖനനത്തിനായി ഉപയോഗിച്ചിരുന്നു. അധികൃതരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ പുലര്‍ച്ചെയാണ് ക്വാറി പ്രവര്‍ത്തിച്ചിരുന്നത്. പരാതികളെ തുടര്‍ന്ന് റവന്യൂ വകുപ്പ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് ശനിയാഴ്ച്ച രാവിലെ 6 മണിയോടു കൂടിയാണ് മിന്നല്‍ പരിശോധന നടത്തിയത്.

പിടിച്ചെടുത്ത വാഹനങ്ങള്‍ തുടര്‍ നടപടികള്‍ക്കും പിഴ ഈടാക്കുന്നതിനുമായി ജിയോളജി വകുപ്പിന് കൈമാറി. ഖനനത്തിന്റെ വ്യാപ്തി നിശ്ചയിച്ച് സര്‍ക്കാരിലേക്കുള്ള റോയല്‍റ്റിയും പിഴയും ഈടാക്കുന്നതിന് ജിയോളജി വകുപ്പിന് ആര്‍.ഡി.ഒ. നിര്‍ദ്ദേശം നല്‍കി. വടകര തഹസില്‍ദാര്‍ ആഷിഖ് തോട്ടോര്‍, ലാന്റ് റവന്യൂ തഹസില്‍ദാര്‍ പ്രസീല്‍ കെ.കെ, ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ സുധീര്‍ വി.കെ., നാദാപുരം വില്ലേജ് ഓഫീസര്‍ ഉമേഷ് കുമാര്‍, താലൂക്ക് ഓഫീസ് ജീവനക്കാരായ അഭിലാഷ്, സത്യന്‍, സുധീര്‍ കുമാര്‍, വിവേക്, ധനേഷ്, നാദാപുരം സബ് ഇന്‍സ്‌പെക്ടര്‍ വിശ്വനാഥന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശരത്ത്, ഷൈജു എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.

സൈക്കോളജിസ്റ്റ് തസ്തികയിൽ ഒഴിവ്

കോഴിക്കോട് ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന ‘അവര്‍ റെസ്‌പോണ്‍സിബിലിറ്റി റ്റു ചില്‍ഡ്രന്‍’ പദ്ധതിയുടെ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ കോഴിക്കോട് ജില്ലയിലെ സ്ഥിര താമസക്കാരാവണം. പ്രതിമാസം 22,000 രൂപ ഹോണറേറിയം ലഭിക്കും. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും റെഗുലര്‍ എം.എം/എം എസ് സി സൈക്കോളജി അല്ലെങ്കില്‍ ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി ജി ഡിപ്ലോമ അല്ലെങ്കില്‍ സൈക്കോളജിയില് എം ഫില്‍. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. 40 വയസ്സ് കവിയരുത്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥായത്തിലാണ് നിയമനം. താല്‍പ്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് പൂര്‍ണമായ ബയോഡാറ്റ സഹിതം നവംബര്‍ 28 ന് വൈകീട്ട് അഞ്ചിനകം നേരിട്ടോ തപാല്‍ വഴിയോ അപേക്ഷ സമർപ്പിക്കണം. വിലാസം: ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് രണ്ടാം നില, ബാക്ക്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്- 673020.
ഫോണ്‍ : 0495-2378920.

സമ്പൂർണ ഓക്സിലറി രൂപീകരണ പ്രഖ്യാപനം നടത്തി

എടച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ യുടെ കീഴിൽ സമ്പൂർണ ഓക്സിലറി ഗ്രൂപ്പ്‌ രൂപീകരണ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി ടീച്ചർ ഉദ്ഘടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട്‌ എം.രാജൻ അധ്യക്ഷതവഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ എൻ. മെമ്പർമാരായ ഷീമ വള്ളിൽ, ഷെരീഫാ കൊളക്കോട്ട് , സിഡിഎസ് ചെയർ പേഴ്സൺ ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.

മിനിമം വേതനം ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം 9ന്

സംസ്ഥാനത്തെ പവര്‍ലൂം, ടൈല്‍ വ്യവസായം, ടി.എം.ടി സ്റ്റീല്‍ ബാര്‍ നിര്‍മ്മാണം, ടാനറീസ് ആന്റ് ലതര്‍ നിര്‍മ്മാണം എന്നീ മേഖലകളിലെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള മിനിമം വേതനം ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം നവംബര്‍ ഒന്‍പതിന് യഥാക്രമം രാവിലെ 10 മണിക്കും 11 നും 11.30 നും, ഉച്ചക്ക് 12 മണിക്കും കണ്ണൂര്‍ ഗവ.ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ഈ മേഖലകളിലെ തൊഴിലാളി-തൊഴിലുടമാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.