കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (29-10-2021)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം കോഴ്‌സ്

കെല്‍ട്രോണ്‍ കോഴിക്കോട് സെന്ററില്‍ ടെലിവിഷന്‍ ജേണലിസം കോഴ്സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ബിരുദധാരികള്‍ക്ക് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. പഠനസമയത്ത് വാര്‍ത്ത ചാനലില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. ആങ്കറിങ്, മൊബൈല്‍ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. അവസാന തിയതി നവംബര്‍ ആറ്. വിലാസം: കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്, 673002. ഫോണ്‍ : 9544958182, 8137969292.

പഞ്ചകര്‍മ്മ ടെക്നീഷ്യന്‍: അപേക്ഷ ക്ഷണിച്ചു

പ്രളയാനന്തര കേരളത്തിന്റെ പുനര്‍സൃഷ്ടിക്കായി ലോക ബാങ്കിന്റെ ധനസഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ യുവകേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പഞ്ചകര്‍മ്മ ടെക്നീഷ്യന്‍ എന്ന കോഴ്സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ആറ് മാസമാണ് പരിശീലന കാലാവധി. പ്ലസ്ടുവാണ് യോഗ്യത. കോഴിക്കോട് ജില്ലയില്‍ നിന്നും 18 നും 25 നും ഇടയില്‍ പ്രായമുള്ളതൊഴില്‍രഹിതരായ യുവതീ- യുവാക്കള്‍ക്ക് ചേരാം. കുടുംബശ്രീവഴി ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ – മലപ്പുറം ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പരിശീലനം, താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. പരിശീലന ശേഷം ജെഎസ്എസ് വിവിധ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കും. അപേക്ഷിക്കേണ്ട അവസാന തീയ്യതി നവംബര്‍ അഞ്ച്. ഫോണ്‍ : 9446397624, 9020643160, 9746938700.

ജേണലിസം, ഫാഷന്‍ കോഴ്സുകളില്‍ സീറ്റൊഴിവ്

പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയുടെ മാഹി സെന്ററില്‍ ഡിഗ്രി കോഴ്സുകളായ ജേണലിസം, ഫാഷന്‍ ടെക്നോളജി എന്നിവയിലും ഡിപ്ലോമ കോഴ്സുകളായ റേഡിയോഗ്രഫി, ടൂറിസം എന്നിവയിലും സീറ്റുകള്‍ ഒഴിവുണ്ടെന്ന് സെന്റര്‍ ഹെഡ് അറിയിച്ചു. ഒഴിവുള്ള സീറ്റുകളിലേക്ക് നവംബര്‍ എട്ട് വരെ സ്പോട്ട് അഡമിഷന്‍ നടത്തും. പ്ലസ് ടു അല്ലെങ്കില്‍ തുല്യയോഗ്യതയുള്ള തല്‍പരരായ വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേന്ദ്രത്തില്‍ ഹാജരാകണം. ഫോണ്‍: 9207982622, 9495720870, 7306154107.

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചര്‍ നിയമനം

കൊയിലാണ്ടി, ബേപ്പൂര്‍ ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്നിക്കല്‍ സ്‌കൂളുകളില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചറെ താത്കാലികമായി നിയമിക്കുന്നതിന് 2021 നവമ്പര്‍ അഞ്ചിന് രാവിലെ 10 മണിക്ക് അതത് സ്‌കൂളുകളില്‍ വാക് ഇന്‍ ഇന്‍ര്‍വ്യൂ നടത്തുന്നു. പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ബി.എഡ്. അല്ലെങ്കില്‍ എം.എഡ്. യോഗ്യത ഉണ്ടായിരിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 0495 2383780. കൊയിലാണ്ടി ജി.ആര്‍.എഫ്.ടി.എച്ച്.എസ് ഫോര്‍ ഗേള്‍സ് – 9497216061, 7034645500, ബേപ്പൂര്‍ ജി.ആര്‍.എഫ്.ടി.എച്ച്. എസ് ഫോര്‍ ബോയ്സ് – 8606210222.

കെയര്‍ ടേക്കര്‍ നിയമനം

കൊയിലാണ്ടി, ബേപ്പൂര്‍ ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്നിക്കല്‍ സ്‌കൂളുകളില്‍ പ്രതിദിനം 710 രൂപ നിരക്കില്‍ ഓരോ കെയര്‍ടേക്കറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നവംബര്‍ അഞ്ചിന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് അതത് സ്‌കൂളുകളില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബി എഡും ഉണ്ടായിരിക്കണം. കൊയിലാണ്ടി ജി.ആര്‍.എഫ്.ടി.എച്ച്.എസില്‍ വനിതാ ഉദ്യോഗാര്‍ത്ഥികളെയും ബേപ്പൂര്‍ ജി.ആര്‍.എഫ്.ടി.എച്ച്.എസില്‍ പുരുഷ ഉദ്യോഗാര്‍ത്ഥികളെയും മാത്രമേ പരിഗണിക്കൂ. അപേക്ഷകര്‍ 35 വയസ്സിന് മുകളില്‍ പ്രായമുള്ളവരും സ്ഥായിയായ രോഗങ്ങളില്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയവരുമാകണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍- 0495 2383780. കൊയിലാണ്ടി ജി.ആര്‍.എഫ്.ടി.എച്ച്.എസ് ഫോര്‍ ഗേള്‍സ് – 9497216061, 7034645500, ബേപ്പൂര്‍ ജി.ആര്‍.എഫ്.ടി.എച്ച്.എസ് ഫോര്‍ ബോയ്സ് – 8606210222.

കര്‍ഷക്ക് സൗജന്യ പരിശീലനം

കാര്‍ഷിക സര്‍വകലാശാല സ്ഥാപനമായ വേങ്ങേരിയിലെ കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രം കര്‍ഷകര്‍ക്ക് ശാസ്ത്രീയ വാഴ കൃഷിയില്‍ പരിശീലനം മല്‍കുന്നു. നവംബര്‍ ഒന്നിന് രാവിലെ 10 മണി മുതല്‍ വേങ്ങേരിയിലെ സര്‍വകലാശാല സെന്ററിലാണ് പരിശീലനം. പരിശീലനവുമായി ബന്ധപെട്ടു അഗ്രികള്‍ച്ചറല്‍ ക്ലിനിക്കും ഉണ്ടാകും. താത്പര്യമുള്ളവര്‍ 0495 2935850 നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

‘ക്യാച്ച് ദ റെയിന്‍ ക്യാമ്പയിന്‍’: ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു

നാഷണല്‍ വാട്ടര്‍ മിഷന്റെ ‘ക്യാച്ച് ദി റെയിന്‍’ ക്യാമ്പയിന്റെ ഭാഗമായി നെഹ്‌റു യുവ കേന്ദ്രയും പന്തലായനി ബ്ലോക്ക് പഞ്ചായത്തും പൂക്കാട് കലാലയവും സംയുക്തമായി ഫ്‌ളാഷ് മോബും സ്‌കിറ്റും സംഘടിപ്പിച്ചു. ജലസംരക്ഷണത്തിന്റെ പ്രാധാന്യം യുവാക്കള്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നെഹ്റുയുവ കേന്ദ്ര ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കെ മുരളീധരന്‍ എം.പി.നിര്‍വ്വഹിച്ചിരുന്നു.

കൊയിലാണ്ടി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ യുവജന ഓഫീസര്‍ സി.സനൂപ്, നെഹ്‌റു യുവ കേന്ദ്ര പന്തലായനി ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ ബി.എച്ച്.അജയ് ദാസ്, എ.കെ.ശരത്, പൂക്കാട് കലാലയം പ്രതിനിധി അനീഷ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

മല്‍ത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി കൊടുവള്ളി നഗരസഭ കാര്‍പ്പ് മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു. കൊടുവള്ളി നഗരസഭ ചെയര്‍മാന്‍ വെള്ളറ അബ്ദു ഉല്‍ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ കെ.എം.സുഷിനി അധ്യക്ഷത വഹിച്ചു. 170 കര്‍ഷകര്‍ക്കാണ് മത്സ്യക്കുഞ്ഞുങ്ങളെ നല്‍കിയത്.

പ്രമോട്ടര്‍മാരായ സന്തോഷ്, ബിന്ദു ഹരിദാസ്, നിമ്മി കോഡിനേറ്റര്‍ വൈശാഖ് എന്നിവര്‍ പങ്കെടുത്തു.

ഡെമോണ്‍സ്ട്രേറ്റര്‍ ഒഴിവ്

ടൂറിസം വകുപ്പിന് കീഴില്‍ കോഴിക്കോട് സിവില്‍സ്റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2021 – 22 അധ്യയന വര്‍ഷം മണിക്കൂര്‍ വേതന അടിസ്ഥാനത്തില്‍ ഡെമോണ്‍സ്ട്രേറ്ററെ താല്‍കാലികമായി നിയമിക്കുന്നു. ഹോട്ടല്‍ മാനേജ്മെന്റ് ബിരുദവും/ഡിപ്ലോമയും (മൂന്ന് വര്‍ഷം) കുറഞ്ഞത് രണ്ട് വര്‍ഷം അനുബന്ധ പ്രവര്‍ത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര്‍ ഒന്ന്. ബയോഡാറ്റ അയക്കേണ്ട വിലാസം fcikkd@gmail.com. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04952372131

കോഴിമാലിന്യ സംസ്‌കരണം- സാങ്കേതിക വിദഗ്ധനെ നിയമിക്കുന്നു

ജില്ലയിലെ കോഴിമാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ പ്രവര്‍ത്തനം ജില്ലാതലത്തില്‍ നിയന്ത്രിക്കുന്നതിനും അനുമതി നല്‍കുന്നതിനുമുള്ള ജില്ലാതല ഫെസിലിറ്റേഷന്‍ ആന്റ് മോണിറ്ററിംങ്ങ് കമ്മിറ്റിയില്‍ സാങ്കേതിക വിദഗ്ധനെ നിയമിക്കുന്നു. യോഗ്യതകള്‍ – മിറ്റ്‌ടെക്‌നോളജി/സ്‌ളോട്ടര്‍ഹൗസ് റെന്റിംങ്ങ് പ്ലാന്റ് മേഖലയില്‍ സാങ്കേതിക പരിചയവും ഈ മേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര/സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും. നിലവില്‍ സേവനം അനുഷ്ഠിക്കുന്ന/ വിരമിച്ച ഉദ്യോഗസ്ഥന്‍, മീറ്റ്‌ടെക്‌നോളജിയില്‍ പ്രവിണ്യമുള്ള വെറ്റിനറി കോളേജ് യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ റാങ്കില്‍ കുറയാത്ത നിലവില്‍ സേവനം അനുഷ്ഠിക്കുന്ന/വിരമിച്ച ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്ക് മുന്‍ഗണന. ഒക്ടോബര്‍ 30ന് രാവിലെ 10.30 മുതല്‍ 12 വരെ ജില്ലാ ശുചിത്വമിഷന്‍ ഓഫീസില്‍ അഭിമുഖം നടത്തും. താല്‍പര്യമുള്ളവര്‍ രേഖകളുമായി നേരിട്ട് അഭിമുഖത്തിന് ഹാജരാകേണമെന്ന് ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.

സ്വച്ഛ് ഭാരത് മിഷന്‍- അഭിപ്രായ സര്‍വ്വെയില്‍ പങ്കെടുക്കണം

സ്വച്ഛ് ഭാരത് മിഷന്റെ പുരോഗതി വിലയിരുത്തുന്നതിന് പൊതുജനങ്ങള്‍ അഭിപ്രായ സര്‍വ്വെയില്‍ പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് ജില്ലാ ശുചിത്വമിഷന്‍ കോഡിനേറ്റര്‍ അറിയിച്ചു. സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2021 മൊബൈല്‍ ആപ്പ് മുഖേനയും ഓണ്‍ലൈന്‍ വഴിയും ജില്ലയിലെ ശുചിത്വ മാലിന്യ സംസ്‌കരണ സംവിധാനങ്ങളെക്കുറിച്ച് സ്വതന്ത്രമായ വിലയിരുത്തല്‍ നടത്താന്‍ കഴിയുമെന്നും കോഡിനേറ്റര്‍ അറിയിച്ചു.

അനുപമം വിമല വിദ്യാലയം – സമ്പൂർണ്ണ ശുചിത്വ – സുരക്ഷിത വിദ്യാലയ പ്രഖ്യാപനം നടത്തി

നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറക്കുന്നതിന്റെ മുന്നോടിയായി ജില്ലാ പഞ്ചായത്ത് ആരംഭിച്ച അനുപമം വിമല വിദ്യാലയം – വിദ്യാലയ ശുചീകരണ യജ്ഞത്തിലൂടെ വിദ്യാലയങ്ങളിൽ കുട്ടികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കിയതിന്റെ ജില്ലാതല പ്രഖ്യാപനം പെരുമണ്ണ ഇം.എം.എസ് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് വിദ്യാലയങ്ങൾക്ക് നൽകുന്ന ഫർണ്ണീച്ചറുകളുടെ വിതരണോദ്ഘാടനവും ചടങ്ങിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ജില്ലാതല ശുചിത്വ സുരക്ഷിത വിദ്യാലയ പ്രഖ്യാപനവും ഫർണ്ണീച്ചർ വിതരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനവും നിർവ്വഹിച്ചു.

ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 44 ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളുകളുകളിലും 128 എയ്ഡഡ് സ്കൂളുകളിലുമാണ് അനുപമം വിമല വിദ്യാലയം പദ്ധതി നടപ്പിലാക്കിയത്. ഒന്നര വർഷമായ അടഞ്ഞു കിടന്ന വിദ്യാലയങ്ങളിൽ ശുചീകരണവും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളുമാണ് ഓരോ വിദ്യാലയത്തിലും നടന്നത്. ജനപ്രതിനിധികൾ, വിവിധ വകുപ്പുകൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ, എന്നിവരുടെ കൂട്ടായ്മയിലൂടെയാണ് പദ്ധതി സമ്പൂർണ്ണ നടപ്പാക്കിയത്.

കുട്ടികളും അധ്യാപകരും വിദ്യാലയങ്ങളിലെത്തുന്നതിനു മുമ്പു തന്നെ മുഴുവൻ വിദ്യാലയങ്ങളിലെയും കുട്ടികൾക്കും ഓഫീസുകൾക്കും ആവശ്യമായ ഫർണ്ണീച്ചറുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി 89 വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർക്കും സ്റ്റാഫ് മുറികളിലേക്കാവശ്യമായ ഫർണ്ണീച്ചറുകളും 31 വിദ്യാലയങ്ങളിലെ ക്ലാസ്സ്മുറികൾക്കാവശ്യമായ 839 സെറ്റ് ബെഞ്ചുകളും ഡസ്ക്കുകളും പദ്ധതിയിലുൾപ്പെടുത്തി വിതരണം ചെയ്തു. രണ്ടു പദ്ധതികളിലായി 1.5 കോടി രൂപയാണ് ഈ വർഷം ജില്ലാ പഞ്ചായത്ത് ചെലവഴിക്കുന്നത്.

ചടങ്ങിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ എൻ.എം. വിമല അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീർ പദ്ധതി വിശദീകരിച്ചു. പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത്,വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി.പി ജമീല, ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക്, പ്രിൻസിപ്പൽ സുഗതകുമാരി. കെ, എം.പി.ടി.എ പ്രസിഡന്റ് രജനി ടി.കെ, എഡ്യൂക്കെയർ കോഡിനേറ്റർ യു.കെ.അബ്ദുന്നാസർ എന്നിവർ സംസാരിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ സ്വാഗതവും രാജേഷ്.ആർ നന്ദിയും പറഞ്ഞു.

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് – പങ്കാളികളാകാന്‍ അവസരം

വിനോദ സഞ്ചാര മേഖലയിലെ അനന്തസാധ്യതകള്‍ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് എന്ന പരിപാടി നടത്തുന്നു. 2021 ഡിസംബറില്‍ ബേപ്പൂരില്‍ നടത്തുന്ന വാട്ടര്‍ഫെസ്റ്റില്‍ വിവിധ ജല കായിക വിനോദങ്ങളും മത്സരങ്ങളും ഭക്ഷ്യമേളയും കരകൗശല വിപണന മേളയും നടത്തുവാന്‍ നിശ്ചയിച്ചിട്ടുണ്ട്. വാട്ടര്‍ ഫെസ്റ്റ് മത്സരങ്ങളില്‍ പങ്കാളികളാകാന്‍ താല്പര്യമുളള സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ലഭ്യമാകുന്ന അപേക്ഷകള്‍ പ്രോഗ്രാം കമ്മറ്റിയുടെ നേതൃത്വത്തില്‍ സൂക്ഷ്മപരിശോധന നടത്തി മാനദണ്ഡങ്ങളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും. അപേക്ഷാഫോം ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റായ htttps://kozhikode.nic.in എന്ന വെബ് സൈറ്റില്‍ Events ല്‍ waterspotseventregistrationform ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷകള്‍ beyporewaterfest@gmail.com മെയിലിലേക്ക് അയക്കണം. അവസാന തീയതി നവംബര്‍ 15.