കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (27-10-2021)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

എന്യൂമറേറ്റര്‍ നിയമനം

ഫിഷറീസ് വകുപ്പ് ഇന്‍ലാന്റ് ഡേറ്റാ കളക്ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന സര്‍വ്വേയുടെ വിവര ശേഖരണത്തിനായി കോഴിക്കോട് ജില്ലയില്‍ ഒരു എന്യൂമറേറ്ററെ 2021 നവംബര്‍ മാസം മുതല്‍ 2022 മാര്‍ച്ച് മാസം വരെ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നതിന് ഒക്ടോബര്‍ 30ന് രാവിലെ 11 മണിക്ക് വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. പ്രതിമാസ വേതനം യാത്രാബത്തയുള്‍പ്പെടെ 25,000 രൂപ. ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉളളവരായിരിക്കണം. പ്രായപരിധി 21നും 36നുമിടയില്‍. അപേക്ഷകര്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഫോട്ടോയും സഹിതം ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 0495 2383780.

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ 2022 ജനുവരി മുതല്‍ പെന്‍ഷന്‍ വിതരണത്തിന് നടപടികള്‍ സ്വീകരിക്കുന്നതിലേക്കായി ഗസറ്റഡ് ഓഫീസറോ മെഡിക്കല്‍ ഓഫീസറോ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 2021 നവംബര്‍ ഒന്നിനും ഡിസംബര്‍ 30നുമിടയില്‍ ജില്ലാ ഓഫീസിലാണ് ഹാജരാക്കേണ്ടത്. ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടെയുളള വ്യക്തിഗത വിവരങ്ങള്‍ ഉള്‍ക്കൊളളിച്ചുകൊണ്ടുളള പ്രൊഫോര്‍മ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിനോടൊപ്പം നല്‍കണം. ബോര്‍ഡില്‍ നിന്നും അനുവദിക്കുന്ന എസ്.എസ്.എല്‍.സി, ക്യാഷ് അവാര്‍ഡ് എന്നിവ ലഭിക്കുന്നതിനുളള അപേക്ഷകള്‍ റെഗുലര്‍ ക്ലാസ്സുകള്‍ തുടങ്ങുന്നതുവരെ സ്വീകരിക്കുമെന്നും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

മെഡിക്കല്‍ ഓഡിറ്റര്‍ നിയമനം

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യ ഇന്‍ഷൂറന്‍സ് സ്‌കീമിനു കീഴില്‍ രണ്ട് മെഡിക്കല്‍ ഓഡിറ്റര്‍മാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത – ജിഎന്‍എം/ബിഎസ്സി നേഴ്സിംഗ് + കമ്പ്യൂട്ടര്‍ പരിജ്ഞാനം. ആറ് മാസത്തേക്കാണ് നിയമനം. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ rsbymchclt2gmail.com ഇമെയിലിലേക്ക് നവംബര്‍ നാലിനുളളില്‍ ബയോഡാറ്റ അയക്കണം. ഫോണ്‍ : 0495 2350055.

വടകര മോഡല്‍ പോളിയില്‍ ലക്ച്ചറര്‍ നിയമനം

ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലെ വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ 2021-22 അദ്ധ്യയന വര്‍ഷം വിവിധ അധ്യാപക തസ്തികകളിലേക്ക് ഒക്ടോബര്‍ 30ന് കോളേജില്‍ അഭിമുഖം നടത്തുന്നു. തസ്തിക, യോഗ്യത, സമയം എന്ന ക്രമത്തില്‍: ലക്ച്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് – പ്രസ്തുത വിഷയത്തില്‍ ഫസ്റ്റ് ക്ലാസ്സ് എഞ്ചിനീയറിംഗ് ബിരുദം- രാവിലെ 10 മണി., കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ – ഫസ്റ്റ് ക്ലാസ്സ് പി.ജി.ഡി.സി.എ/ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് – ഉച്ച ഒരു മണി. നിശ്ചിത യോഗ്യത പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുള്ളവരെ മാത്രമേ ഇന്റ്‌റര്‍വ്യൂവിനു പരിഗണിക്കൂ. താല്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ഹാജരാവണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 0496 2524920

മാലിന്യ സംസ്‌കരണം: സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റത്തില്‍ പരിശീലനം നല്‍കുന്നു

മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ തയ്യാറാക്കിയ സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം സംബന്ധിച്ച് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നു. ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, കില എന്നിവ സംയുക്തമായാണ് പരിശീലനം നല്‍കുന്നത്.

നവംബര്‍ 2ന് കോര്‍പ്പറേഷന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി, നഗരസഭാ ചെയര്‍പേഴ്സണ്‍, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, നഗരസഭാ സെക്രട്ടറി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് പരിശീലനം നല്‍കും. നവംബര്‍ 10ന് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കും നവംബര്‍ 16ന് ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കും ഓണ്‍ലൈനായി പരിശീലനം നല്‍കും. ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് പിന്നീട് നേരിട്ടും പരിശീലനം നല്‍കും.

ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് നടപ്പിലാക്കുന്ന ഇ- ഗവേണന്‍സ് പരിപാടിയുടെ ഭാഗമായുള്ള പദ്ധതിയില്‍ വെബ് ആപ്ലിക്കേഷന്‍, സര്‍വ്വര്‍ എന്നിവ കെല്‍ട്രോണ്‍ കൈകാര്യം ചെയ്യും. ജില്ലയില്‍ കോര്‍പ്പറേഷനിലും നഗരസഭകളിലും ഖരമാലിന്യ സംസ്‌കരണത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമായ 42 ഗ്രാമപഞ്ചായത്തുകളിലും ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.

ലേലം നവംബര്‍ 22 ന്

കോഴിക്കോട് മാത്തോട്ടം വനശ്രീ ഫോറസ്റ്റ് കോംപ്ളക്സ്സിലുള്ള തെങ്ങുകളില്‍ നിന്നും ചാലിയം തോപ്പ് റിസര്‍വ്വിലെ തെങ്ങുകളില്‍ നിന്നും നാളികേരം, ഉണങ്ങി വീഴുന്ന ഓലകള്‍, കൊതുമ്പുകള്‍ മുതലായവ അടുത്ത മൂന്ന് വര്‍ഷ കാലയളവില്‍ ശേഖരിച്ചു നീക്കം ചെയ്യുന്നതിലുള്ള അവകാശം നവംബര്‍ 22ന് ലേല വ്യവസ്ഥയില്‍ പാട്ടത്തിന് കൊടുക്കുന്നു. ടെണ്ടര്‍ ഫോം 22ന് രാവിലെ 11 മണി വരെ വനശ്രീ കോംപ്ളക്സിലുള്ള ടിമ്പര്‍ സെയില്‍സ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിലും ചാലിയം ഡെപ്പോയിലും സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2414702.

സിസിടിവി ഇന്‍സ്റ്റലേഷന്‍ സൗജന്യ പരിശീലനം

കോഴിക്കോട് മാത്തറയിലെ കനറാബാങ്ക് സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നവംബറില്‍ ആരംഭിക്കുന്ന സൗജന്യ സിസിടിവി ഇന്‍സ്റ്റലേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18നും 45നുമിടയില്‍ പ്രായമുളളവരായിരിക്കണം. അവസാന തീയതി നവംബര്‍ ആറ്. ഫോണ്‍ : 0495 2432470, 9447276470,

സപ്പോര്‍ട്ട് എഞ്ചിനീയര്‍ ഒഴിവ്

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഓഫീസുകളില്‍ ഇ-ഗ്രാന്റ്സ് വഴി വിദ്യാര്‍ത്ഥികള്‍ക് വിദ്യാഭ്യാസാനുകൂല്യം നല്കുന്ന പദ്ധതിയുടെ പ്രോജക്ടിലേക്ക് സപ്പോര്‍ട്ട് എഞ്ചിനീയറായി താത്കാലിക കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് ബി.ടെക്/എം.സി.എ/എം.സ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) എന്നിവയിലേതെങ്കിലും യോഗ്യത നേടിയ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ശമ്പളം: 21,000 രൂപ. വിശദ വിവരങ്ങളും അപേക്ഷഫോമും ww.cybersri.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പു സഹിതം പ്രോജക്ട് മാനേജര്‍, സൈബര്‍ശ്രീ പ്രൊജക്റ്റ്, സി-ഡിറ്റ്, ചിത്രാഞ്ജലി ഹില്‍സ്, തിരുവല്ലം പോസ്റ്റ്, തിരുവനന്തപുരം 695027 എന്ന വിലാസത്തിലോ cybersricdit@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അപേക്ഷ അയക്കാം. അവസാന തീയതി നവംബര്‍ മൂന്ന്. ഫോണ്‍ : 9895478273

റീ ടെണ്ടര്‍ ക്ഷണിച്ചു

വടകര ബ്ലോക്ക് പഞ്ചായത്തിന് വിട്ടുകിട്ടിയ സ്ഥാപനങ്ങളിലെ പ്ലംബിംഗ് പ്രവൃത്തികളും ചെറ്റയില്‍മുക്ക് മീത്തലങ്ങാടി റോഡ് പ്രവൃത്തിയും ഏറ്റെടുത്ത് നടത്തുന്നതിന് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി റീ ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ മൂന്നിന് ഉച്ചക്ക് ഒരു മണി.

അസി. എഞ്ചിനീയര്‍/ഹെഡ് ഡ്രാഫ്റ്റ്സ്മാന്‍/അസി. ഡറക്ടര്‍ പരീക്ഷ നാളെ

ഒക്ടോബര്‍ 21 ന് നടത്താനിരുന്ന അസി. എഞ്ചിനീയര്‍/ഹെഡ് ഡ്രാഫ്റ്റ്സ്മാന്‍/അസി. ഡറക്ടര്‍ (സിവില്‍) പരീക്ഷ നാളെ (ഒക്ടോബര്‍ 28) നടത്തുമെന്ന് പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു. പുതുക്കിയ സമയം ഉച്ചക്ക് 2.30 മുതല്‍ 4.15 വരെ. ഉദ്യോഗാര്‍ത്ഥികള്‍ പഴയ ഹാള്‍ടിക്കറ്റുമായി അതേ സെന്ററുകളില്‍ ഹാജരാകണം.

കോവിഡ് നിയമലംഘനം: 78 കേസുകൾ രജിസ്റ്റർ ചെയ്തു

ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 78 കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും റൂറലിൽ ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. നഗര പരിധിയിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ല. മാസ്ക് ധരിക്കാത്തതിന് നഗര പരിധിയിൽ 32 കേസുകളും റൂറലിൽ 40 കേസുകളുമെടുത്തു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.