കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (23-10-2021)



കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്

2021- 22 അധ്യയന വര്‍ഷത്തില്‍ പ്രൊഫഷണല്‍ ഡിഗ്രിക്ക് ആദ്യവര്‍ഷം ചേര്‍ന്ന് പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കളില്‍നിന്നും പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ പ്രിന്റ് ഔട്ടും മറ്റു അനുബന്ധ രേഖകളും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. അവസാന തിയ്യതി നവംബര്‍ 30. അപേക്ഷാ സമര്‍പ്പണത്തിനും വിശദവിവരങ്ങള്‍ക്കും www.ksb.gov.in.

ഗവ. സ്‌കൂള്‍ ഓഫ് നേഴ്സിങ്: മെരിറ്റ് ലിസ്റ്റും വെയിറ്റിങ് ലിസ്റ്റും പ്രസിദ്ധീകരിച്ചു

കോഴിക്കോട് ബീച്ചിലെ ഗവ. സ്‌കൂള്‍ ഓഫ് നേഴ്സിങ്ങില്‍ 2021 വര്‍ഷത്തില്‍ ജനറല്‍ നേഴ്സിങ് ആന്റ് മിഡ് വൈഫറി കോഴ്സിലേക്ക് താല്‍ക്കാലികമായി തിരഞ്ഞെടുക്കപ്പെട്ടവരുടെ മെരിറ്റ് ലിസ്റ്റും വെയിറ്റിങ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഓഫീസ് സമയങ്ങളില്‍ സ്‌കൂളില്‍നിന്നും പരിശോധിക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ലിസ്റ്റ് സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ ഒക്ടോബര്‍ 29 ന് വൈകീട്ട് മൂന്ന് മണിക്കകം പ്രിന്‍സിപ്പാളിനെ രേഖാമൂലം അറിയിക്കണം. ഫോണ്‍: 0495 2365977.

തൈ നടല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തിന് കീഴില്‍ സ്വച്ഛ്ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി തൈ നടല്‍ പരിപാടി നടത്തി. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മലയില്‍ അബ്ദുറഹ്മാന്‍ മാസ്റ്റര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.വി സക്കറിയ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആദം ചെറുവട്ടൂര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സജീവ്, മനോജ്, മെഡിക്കല്‍ ഓഫീസര്‍ ഡോ ബൈജു എം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണന്‍ പി, പി.ആര്‍.ഒ അസീസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. പരിപാടിയില്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ വാഴക്കാട് ജി.വി.എച്ച്.എസ്.എസ് – എന്‍.എസ്.എസ് യൂണിറ്റ്, അധ്യാപകര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു

അപേക്ഷ ക്ഷണിച്ചു.

ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ഇ-സഞ്ജീവനി ടെലി കണ്‍സള്‍ട്ടേഷന്‍ വിഭാഗത്തില്‍ വിവിധ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരെ എംപാനല്‍ ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു. ത്വക്ക് രോഗ വിഭാഗം, നെഞ്ചു രോഗ വിഭാഗം, മാനസിക രോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഇ.എന്‍.ടി എന്നീ വിഭാഗങ്ങളിലേക്കാണ് സ്പെഷ്യാലിറ്റി ഡോക്ടര്‍മാരെ ആവശ്യമുളളത്. താല്‍പര്യമുളളവര്‍ https://bit.Iy/3jsoAJz ലിങ്കില്‍ കയറി ഗൂഗിള്‍ ഫോമില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷ സമര്‍പ്പിക്കണം.

വ്യാഴാഴ്ചകളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയുളള കണ്‍സള്‍ട്ടേഷന്‍ സമയമാണ് ഒരു ഡ്യൂട്ടി സമയമായി പരിഗണിക്കുന്നത്. ഒരു ഡ്യൂട്ടിക്ക് 2000 രൂപയാണ് ഹോണറേറിയം. തിരഞ്ഞെടുക്കുന്നവര്‍ക്ക് സ്വന്തം കമ്പ്യൂട്ടര്‍/ലാപ്‌ടോപ് ഉപയോഗിച്ച് അവരവരുടെ വീടുകളില്‍ ഡ്യൂട്ടിക്ക് ഹാജരാകാം. നിയമനം 2022 മാര്‍ച്ച് 31 വരെ ആയിരിക്കും, അപേക്ഷകര്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്. അപേക്ഷ വൈകീട്ട് ഒക്ടോബര്‍ 31 ന് വൈകീട്ട് അഞ്ച് മണി വരെ സ്വീകരിക്കും.

അളവ് തൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനാ ക്യാമ്പ്

നന്മണ്ട പഞ്ചായത്തിലെ അളവ് തൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനാ ക്യാമ്പ് ഒക്ടോബര്‍ 25,26 തീയ്യതികളില്‍ നന്മണ്ട പഞ്ചായത്ത് കാര്യാലയത്തില്‍ നടക്കും. ക്യാമ്പില്‍ ഹാജരാകുന്നവര്‍ രേഖകള്‍ സഹിതം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വരണം. 2020 അ ക്വാര്‍ട്ടര്‍ മുതല്‍ കുടിശ്ശികയായവ ഫൈന്‍ കൂടാതെ മുദ്ര ചെയ്യാമെന്ന് ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0495 2374203.

സീറ്റൊഴിവ്

എളേരിത്തട്ട് ഇ.കെ.എന്‍.എം ഗവ. കോളേജില്‍ എം.എ അപ്ലേഡ് ഇക്കണോമിക്സ് കോഴ്സില്‍ ഏതാനും സീറ്റുകള്‍ (ജനറല്‍-2, എസ്‌സി -2, മുസ്ലീം-1, പിഡബ്ല്യൂഡി -1) ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 26 ന് ഉച്ചയ്ക്ക് ഒരു മണിക്കകം കോളേജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം യൂണിവേഴ്സിറ്റി ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പും ഉണ്ടായിരിക്കണം. അപേക്ഷകര്‍ എളേരിത്തട്ട് ഗവ. കോളേജ് ഓപ്ഷന്‍ നല്‍കിയവരാകണം. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 27നും, 28നും അപേക്ഷകര്‍ കോളേജില്‍ ഹാജരായി അഡ്മിഷന്‍ എടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഇതുവരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാത്ത എസ്‌സി/എസ് ടി വിഭാഗക്കാര്‍ക്ക് മാത്രം പുതുതായി യൂണിവേഴ്സിറ്റിയില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാന്‍ അവസരമുണ്ട്. ഫോണ്‍: 0467 2241345.

ലോട്ടറി കടകളില്‍ പരിശോധന

ജില്ലയില്‍ ലോട്ടറി ടിക്കറ്റുകളുടെ അവസാന നാലക്ക നമ്പറുകള്‍ ഒരുമിച്ചുചേര്‍ത്ത് സെറ്റുകളാക്കി വില്‍പ്പന നടത്തുന്നത് സംബന്ധിച്ച് പരിശോധന നടത്തി. കോഴിക്കോട് പുതിയ സ്റ്റാന്റ,് പാളയം എന്നിവിടങ്ങളിലെ ലോട്ടറി കടകളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. 12 സീരിസിലാണ് സര്‍ക്കാര്‍ ടിക്കറ്റ് അടിച്ചിറക്കുന്നത്. ഇതില്‍ അവസാന നാല് നമ്പറുകള്‍ ചേര്‍ത്ത സെറ്റാക്കി 12 ല്‍ കൂടുതല്‍ വില്‍പ്പന നടത്തുന്നത് സംബന്ധിച്ച് പരാധി ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ.പി. ജമീല, അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ.എ ഷേര്‍ളി, ക്ലാര്‍ക്ക് ബിനീത്, സീമ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

അനധികൃത ലോട്ടറി വില്‍പ്പന- ഏജന്‍സി റദ്ദാക്കും

അനധിക്യത ലോട്ടറി വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടല്‍ ഏജന്‍സി റദ്ദാക്കുന്നതുള്‍പ്പെടെയുളള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ.പി ജമീല അറിയിച്ചു. പേപ്പര്‍ ലോട്ടറി നിയന്ത്രണ നിയമത്തിന് വിരുദ്ധമായി വില്‍പ്പന നടത്തുന്നവര്‍ക്കെതിരെയും നടപടിയെടുക്കും. പരാതികള്‍ 18004258474 നമ്പറില്‍ അറിയിക്കാം.

ലേലം നവംബര്‍ രണ്ടിന്

പൊതുമരാമത്ത് വകുപ്പിന് കീഴിലെ പുതിയങ്ങാടി – ഉളേള്യരി – കുറ്റ്യാടി – ചൊവ്വ റോഡില്‍ യാത്രക്കാര്‍ക്കും, വാഹനങ്ങള്‍ക്കും അപകടഭീഷണിയായതും റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായും മുറിച്ചു മാറ്റേണ്ട 6 മഴ മരങ്ങള്‍ ലേലം ചെയ്യുന്നു. നവംബര്‍ രണ്ടിന് രാവിലെ 11 മണിക്ക് പാവങ്ങാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് സമീപത്താണ് ലേലം. ഫോണ്‍: 0495 2724727.

ഗതാഗതം നിയന്ത്രണം

ജില്ലയില്‍ ദേശീയപാത 766 ല്‍ പുല്ലാഞ്ഞിമേടില്‍ റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിയുടെ ഭാഗമായി ഒക്ടോബര്‍ 26 മുതല്‍ പ്രവൃത്തി തീരുന്നതുവരെ വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പുല്ലാഞ്ഞിമേടില്‍ നിന്നും കന്നൂട്ടിപ്പാറ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ താമരശ്ശേരി ചുങ്കം – കോരങ്ങാട് ചുണ്ടപ്പുറം വഴിയോ പെരുമ്പളളി വഴിയോ തിരിഞ്ഞുപോകണം.

ഫോഡര്‍ വിളകളും കന്നുകാലികളുടെ തീറ്റക്രമവും- പരിശീലനം 27 ന്

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഫോഡര്‍ വിളകളും കന്നുകാലികളുടെ തീറ്റക്രമവും എന്ന വിഷയത്തില്‍ ഒക്ടോബര്‍ 27 ന് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രാവിലെ 10 മുതല്‍ നാല് മണി വരെ പരിശീലനം സംഘടിപ്പിക്കും. പങ്കെടുക്കുന്നവര്‍ കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ കൊണ്ടുവരണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 30 പേര്‍ക്കായിരിക്കും പരിശീലനം. 0491 2815454 നമ്പറിലേക്ക് വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് അസി. ഡയരക്ടര്‍ അറിയിച്ചു.

സ്പോട് അഡ്മിഷന്‍

കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള മാനന്തവാടി ഗവ. കോളേജില്‍ വിവിധ പി.ജി കോഴ്സുകളിലെ ഒഴിവുകളിലേക്ക് സ്പോട് അഡ്മിഷന്‍ നടത്തുന്നു. എം.എസ്.സി ഇലക്ട്രോണിക്സ് – 2, എം.എ ഇംഗ്ലീഷ്- 3, എം.എ ഡെവലപ്മെന്റ് ഇക്കണോമിക്സ് – 5, എം.കോം 3.
ഒക്ടോബര്‍ 26 ന് ഒരു മണിവരെ കോളേജില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. കണ്ണൂര്‍ സര്‍വകലാശാല പി.ജി അപേക്ഷയുടെ പകര്‍പ്പ് സഹിതം അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിവിധ കാരണങ്ങള്‍കൊണ്ട് അലോട്ട്മെന്റില്‍നിന്ന് പുറത്തായവര്‍ക്കും പ്രവേശനം ലഭിച്ചവര്‍ക്കും ലഭിക്കാത്തവര്‍ക്കും പങ്കെടുക്കാം.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.