കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

സീറ്റൊഴിവ്

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്സിന് എസ്.എസ്.എല്‍.സിയും, 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടു ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും.17 വയസിനും 35 ഇടയ്ക്ക് പ്രായം ഉണ്ടായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷം, മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. ഈ-ഗ്രാന്റ് വഴി പട്ടികജാതി, മറ്റര്‍ഹ വിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും. അവസാന തീയതി ഒക്ടോബര്‍ 30. ഫോണ്‍: 04734296496, 8547126028.

മെഡിക്കല്‍ ഓഫീസര്‍ കൂടിക്കാഴ്ച

നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍ ജില്ലയില്‍ കൗമാരഭൃത്യം സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസറുടെ ഒഴിവിലേക്ക് ഒക്ടോബര്‍ 29 ന് കൂടിക്കാഴ്ച നടത്തുന്നു. ബിരുദാനന്തരബിരുദമുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 10.30 ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2371486.

നഴ്സ് നിയമനം

ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ 2021 – 22 പ്ലാന്‍ ഫണ്ട് മുഖേന നടപ്പാക്കുന്ന സ്നേഹധാര പ്രോജക്ടിലേക്ക് താല്‍ക്കാലിക ദിവസവേതന അടിസ്ഥാനത്തില്‍ നഴ്സ് തസ്തികയില്‍ നിയമനം നടത്തുന്നതിനായി ഒക്ടോബര്‍ 29 ന് 12 മണിക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തുന്നു.

യോഗ്യത – ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്ന് ഓക്സിലറി നഴ്സിംഗ് ആന്റ് മിഡ്വൈഫറി (എ.എന്‍.എം.) കോഴ്സ്/ ജെ.പി.എച്ച്.എന്‍. കോഴ്സ് പാസായിരിക്കണം. കൂടാതെ ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്ന് മൂന്നുമാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റീവ് ആക്സിലറി നഴ്സിംഗ് (ബി.സി.സി.പി.എ.എന്‍.) കോഴ്സ് അല്ലെങ്കില്‍ ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്ന് മൂന്നുമാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സിംഗ് (സി.സി.സി.പി.എ.എന്‍.) കോഴ്സ് പാസായിരിക്കണം. അല്ലെങ്കില്‍ ജനറല്‍ നഴ്സിംഗ് ആന്റ് മിഡ്വൈഫറി കോഴ്സ്/ ബി.എസ്.സി. നേഴ്സിംഗ് കോഴ്സ് പാസായിരിക്കണം. കൂടാതെ ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും ഒന്നര വര്‍ഷത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റീവ് നേഴ്സിംഗ് (ബി.സി.സി.പി.എന്‍.) പാസ്സായിരിക്കണം. താല്‍പര്യമുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ ഒറിജിനലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ലേലം നവംബര്‍ 26 ന്

കോഴിക്കോട് സിറ്റി പോലീസ് മേധാവിയുടെ അധീനതയിലുളളതും ജില്ലാ സായൂധ സേനാവിഭാഗം ഡെപ്യൂട്ടി കമാണ്ടന്റിന്റെ കാര്യാലയത്തില്‍ എം.ടി ഗ്യാരേജില്‍ സൂക്ഷിച്ചിട്ടുളളതും 2020 ഏപ്രില്‍ ഒന്ന് മുതല്‍ 2021 മാര്‍ച്ച് 31 വരെയുളള സമയത്ത് ഡിപ്പാര്‍ട്ട്മെന്റ് വാഹനങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുളളതുമായ ഉപയോഗ ശൂന്യമായ സ്പെയര്‍ പാര്‍ട്സുകള്‍, ടയറുകള്‍, വെയിസ്റ്റ് ഓയില്‍ മുതലായവ നവംബര്‍ 26 ന് രാവിലെ 11 മണിക്ക് കോഴിക്കോട് സിറ്റി ജില്ല പോലീസ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 0495 2722673.

കോവിഡ് നിയമലംഘനം 102 കേസുകൾ രജിസ്റ്റർ ചെയ്തു

ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 102 കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയിൽ രണ്ട് കേസും റൂറലിൽ 10 കേസുകളുമാണെടുത്തത്. മാസ്ക് ധരിക്കാത്തതിന് നഗര പരിധിയിൽ 49 കേസുകളും റൂറലിൽ 41 കേസുകളുമെടുത്തു.

കൊയിലാണ്ടി നഗരസഭയിൽ നഗരശ്രീ ഉത്സവത്തിന് തുടക്കമായി

കൊയിലാണ്ടി നഗരസഭയിൽ നഗരശ്രീ ഉത്സവത്തിന് തുടക്കമായി. പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി പ്രവർത്തനങ്ങൾക്ക് തുടക്കമായത്. ചടങ്ങില്‍ മുന്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരെയും മുതിര്‍ന്ന സി.ഡി.എസ് മെമ്പര്‍മാരെയും ആദരിച്ചു. ഒക്ടോബർ 22 മുതൽ 31 വരെയാണ് ഉത്സവം.

കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടന്ന ചടങ്ങിൽ വൈസ് ചെയര്‍മാന്‍ അഡ്വ.കെ സത്യന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ കെ ഷിജു, കെ.ഇന്ദിര, പ്രജില സി, ഇ.കെ അജിത്ത്, കൗണ്‍സിലര്‍മാരായ വി.പി ഇബ്രാഹിംകുട്ടി, കെ.കെ വൈശാഖ്, എന്‍.യു.എല്‍.എം സിറ്റി പ്രൊജക്ട് ഓഫീസര്‍ രമേശന്‍ കെ.പി, പ്രസാദ് കെ.എം, കൊയിലാണ്ടി നഗരസഭ സെക്രട്ടറി എന്‍ സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് റാലിയും നടന്നു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.