കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം


റാങ്ക് പട്ടിക റദ്ദാക്കി

ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ (ഐ.എം) കേരള ലിമിറ്റഡിലെ ബയോ കെമിസ്റ്റ് തസ്തികയുടെ (കാറ്റഗറി നമ്പര്‍. 643/2014) റാങ്ക് ലിസ്റ്റ് (റാങ്ക് ലിസ്റ്റ് നമ്പര്‍. 515/17/SS IV) 20.06.2020 ജൂണ്‍ 20 പൂര്‍വ്വാഹനം മുതല്‍ റദ്ദാക്കിയതായി പി.എസ്.സി മേഖലാ ഓഫീസര്‍ അറിയിച്ചു.

വിവിധ തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം

സംസ്ഥാന പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വിവിധ തസതികളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനം 02.8.2021 ലെ അസാധാരണ ഗസറ്റിലും 01.8.21 ലെ പി.എസ്.സി ബുള്ളറ്റിനിലും കമ്മിഷന്റെ www.keralapsc.gov.in ലും ലഭിക്കും.

അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലെ കോഴിക്കോട് ട്രൈബല്‍ ഡവലപ്മെന്റ് ഓഫിസിലേക്ക് 5 മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞടുക്കുന്നതിനായി ജില്ലയിലെ സ്ഥിര താമസക്കാരായ പട്ടികവര്‍ഗ യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കുറഞ്ഞത് എസ്.എസ്.എല്‍.സി പാസായവരും 2019 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവരും 35 വയസ് കവിയാത്തവരും ആയിരിക്കണം. ബിരുദധാരികള്‍ക്ക് 5 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കുമെന്ന്് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു.

ഉദ്യോഗാര്‍ത്ഥികളുടെ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയരുത് (കുടുംബനാഥന്റെ/സംരക്ഷകന്റെ വരുമാനം) തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10000 ഹോണറേറിയം നല്‍കും. നിയമനം അപ്രന്റീസ്ഷിപ്പ് ആക്ട് അനുസരിച്ചുള്ള നിയമങ്ങള്‍ക്ക് വിധേയവും താല്‍കാലികവും പരമാവധി ഒരു വര്‍ഷത്തേക്ക് മാത്രവും ആയിരിക്കും. കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്. അപേക്ഷ ഫോറങ്ങള്‍ താമരശ്ശേരി മിനി സിവില്‍ സ്റ്റേഷനിലെ കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ സി ബ്ലോക്ക് നാലാം നിലയിലെ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും.

അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി സെപ്തംബര്‍ 30 ന് വൈകീട്ട് അഞ്ച് വരെ. ഒരു തവണ പരിശീലനം നേടിയവര്‍ വീണ്ടും അപേക്ഷിക്കാന്‍ പാടുള്ളതല്ല. തിരഞ്ഞെടുക്കുന്നവര്‍ പരിശീലനത്തിന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, വരുമാനം സംബന്ധിച്ച് 200 രൂപ മുദ്രപത്രത്തില്‍ അഫിഡവിറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍: 0495 2376364.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍: അപേക്ഷ ക്ഷണിച്ചു

കേരള മദ്രസ അധ്യാപക വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് കരാര്‍ അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വയസ് 18-40. യോഗ്യത – അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പിജിഡിസിഎ/ഡിസിഎയും. പരിചയം – സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ/സിവി സഹിതം ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും യോഗ്യതയും അനുഭവപരിചയവും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളും സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ്സ ടീച്ചേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, രണ്ടാം നില KURDFC ബില്‍ഡിംഗ്, ചക്കോരത്ത്കുളം, വെസ്റ്റ്ഹില്‍. പി ഒ, കോഴിക്കോട് 673005 വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷ സെപ്തംബര്‍ 22 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.

അഴിയൂര്‍ പഞ്ചായത്ത് പുതിയ സോഫ്റ്റ്‌വെയറിലേക്ക് മാറി

അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഐ.എല്‍.ജി.എം.എസ് (Intaegrated Local Governance Management System) ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. 2370 ഓളം സേവനങ്ങളാണ് പഞ്ചായത്തില്‍ നിന്നും ഈ സോഫ്റ്റ്‌വെയറിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാകുന്നത്. 213 സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനായി ലഭിക്കും.

പഞ്ചായത്തില്‍ അടക്കേണ്ട നികുതികളും ഫീസുകളും ഓണ്‍ലൈനായി അടക്കാം. പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം പ്രസിഡണ്ട് ആയിഷ ഉമ്മര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് ശശിധരന്‍ തോട്ടത്തില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ അനീഷ ആനന്ദ സദനം, രമ്യ കരോടി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി പി ജ്യോതിഷ്, ജൂനിയര്‍ സൂപ്രണ്ട് ജിതേഷ് ബാബു എന്നിവര്‍ പങ്കെടുത്തു. സേവനങ്ങള്‍ ലഭിക്കേണ്ട വിലാസം www.erp.lsgkerala.gov.in

ബ്രൈറ്റ് സ്റ്റുഡന്‍സ് സ്‌കോളര്‍ഷിപ്പ്-അപേക്ഷ ക്ഷണിച്ചു

2020-21 വര്‍ഷത്തെ ബ്രൈറ്റ് സ്റ്റുഡന്‍സ് സ്‌കോളര്‍ഷിപ്പിന് വിമുക്ത ഭടന്മാരുടെ മക്കളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങള്‍, സര്‍വകലാശാലകള്‍ നടത്തുന്ന എസ്.എസ്.എല്‍.സി മുതല്‍ പോസ്റ്റ് ഗ്രാജ്യുവേഷന്‍ വരെയും പോളിടെക്നിക്/ഐടിഐ/ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ മുതലായവയ്ക്കും റഗുലര്‍ ആയി പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കുറവും മുന്‍ അധ്യയന വര്‍ഷത്തില്‍ അന്‍പത് ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ലഭിച്ചതും മറ്റു സ്‌കോളര്‍ഷിപ്പുകള്‍ക്ക് ലഭിക്കാത്തവരുമായ വിമുക്തഭടന്മാരുടെ മക്കള്‍ക്കാണ് സൈനികക്ഷേമ വകുപ്പ് മുഖേന ബ്രൈറ്റ് സ്റ്റുഡന്‍സ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. 10,11,12 ക്ലാസുകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2021 നവംബര്‍ 20. മറ്റുള്ള കോഴ്സുകള്‍ക്ക് 2021 ഡിസംബര്‍ 20 വരേയും അപേക്ഷിക്കാം. ഫോണ്‍ -0495 2771881.

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കര്‍ഷക തൊഴിലാളിക്ഷേമ നിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. 2021 മാര്‍ച്ച് മാസത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും ആദ്യ ചാന്‍സില്‍ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. 2020-21 അധ്യയന വര്‍ഷത്തില്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അവസാനവര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിച്ച് പരീക്ഷ ആദ്യ അവസരത്തില്‍ പാസായ വിദ്യാര്‍ഥികള്‍ക്കു മാത്രമേ ധനസഹായത്തിന് അര്‍ഹതയുള്ളൂ. നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ക്ക് സെപ്തംബര്‍ 15 വൈകീട്ട് മൂന്ന് മണി വരെ സമര്‍പ്പിക്കാം. അപേക്ഷിക്കുന്ന അംഗത്തിന് വിദ്യാര്‍ഥിയുടെ പരീക്ഷ തീയതിക്ക് തൊട്ടുമുമ്പുള്ള മാസത്തില്‍ 12 മാസത്തെ അംഗത്വകാലം പൂര്‍ത്തീകരിക്കുകയും ഡിജിറ്റലൈസേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യണം. പരീക്ഷ തീയതിയില്‍ അംഗത്തിന് 24 മാസത്തില്‍ കൂടുതല്‍ അംശാദായ കുടിശ്ശിക ഉണ്ടായിരിക്കാന്‍ പാടില്ല. ഫോറത്തിന്റെ മാതൃകയും മറ്റു വിവരങ്ങളും ജില്ലാ ക്ഷേമനിധി ബോര്‍ഡ് ഓഫീസിലും www.agriworkersfund.org എന്ന വെബ് സൈറ്റിലും ലഭ്യമാണ്.

മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണം. അംഗവും വിദ്യാര്‍ഥിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിന് മറ്റു രേഖകളുടെ അഭാവത്തില്‍ റേഷന്‍ കാര്‍ഡിന്റെ നിശ്ചിത പേജ് ഹാജരാക്കണമെന്ന്് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495-2384006.

നിപ സമ്പർക്കം: രോഗലക്ഷണമുള്ളവർ വിവരം അറിയിക്കണം

നിപ സമ്പര്‍ക്കത്തിലുള്ളവരുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കമുണ്ടാവുകയും പനി, ശ്വാസംമുട്ടല്‍, പനിയോടുകൂടിയുള്ള അപസ്മാരം, പനിയോടുകൂടിയുള്ള ചുമ, ശ്വാസംമുട്ടല്‍, ബോധാവസ്ഥയിലുള വ്യതിയാനം എന്നീ ലക്ഷണങ്ങളിൽ ഏതെങ്കിലും പ്രകടമാവുകയും ചെയ്യുന്നവർ തൊട്ടടുത്ത ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സംശയ നിവാരണത്തിനു കണ്‍ട്രോള്‍ റൂം: 0495 238500, 2382800, മാനസിക പിന്തുണ: 8281904533.