കോഴിക്കോട് ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകളേക്കാള്‍ കൂടുതല്‍ പേര്‍ ഉന്നത പഠനത്തിന് യോഗ്യര്‍; എ പ്ലസുകാരും ഇത്തവണ ഇഷ്ടവിഷയത്തിൽനിന്ന് പുറത്താകും


കോഴിക്കോട്: ഇഷ്ടപ്പെട്ട സ്കൂളിൽ ഇഷ്ടവിഷയം പഠിക്കാനാവുമെന്ന് ഉറപ്പില്ലാതെ പ്ലസ് വൺ പ്രവേശനത്തിനൊരുങ്ങുകയാണ് എ പ്ലസ് നേടിയവർ. ഹയർസെക്കൻഡറി ഒന്നാം വർഷപ്രവേശനത്തിന്റെ സമയക്രമവും മാനദണ്ഡങ്ങളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എസ്.എസ്.എൽ.സി. പഠിച്ച സ്കൂളിൽ തുടർപഠനം ഉറപ്പാകാത്ത സ്ഥിതിയിലാണ് എ പ്ലസുകാർ.

ഇരുപതുശതമാനം വർധനയോടെ 179 സ്കൂളുകളിലായി 40,202 സീറ്റുകളാണ് ജില്ലയിലുള്ളത്. ഇത്തവണ 44,230 വിദ്യാർഥികളാണ് എസ്.എസ്.എൽ.സി. പരീക്ഷയിൽ തുടർപഠനത്തിന് യോഗ്യത നേടിയത്. എല്ലാവർക്കും പ്ലസ് വൺ പ്രവേശനം ലഭിക്കില്ലെന്ന് വ്യക്തം.

ഇക്കുറി എ പ്ലസുകാരും പുറത്താവുന്നുവെന്നതാണ് പ്രത്യേകത. സാധാരണമായി, എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവർക്ക് ഇഷ്ടവിദ്യാലയത്തിൽ ഇഷ്ടവിഷയത്തിൽ തുടർപഠനത്തിന് പ്രയാസമുണ്ടാവാറില്ല. ഇത്തവണ മുഴുവൻ എ പ്ലസ് നേടിയ 14,363 വിദ്യാർഥികളുണ്ട്. കഴിഞ്ഞവർഷം 5047 വിദ്യാർഥികൾക്കായിരുന്നു ഈ നേട്ടം.

ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയെഴുതിച്ച്, എല്ലാവരെയും വിജയിപ്പിച്ച മേമുണ്ട എച്ച്.എസ്.എസിൽ മുഴുവൻ എ പ്ലസ് നേടിയവർ 401 പേരാണ്. പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 202 പേര്‍ക്ക് മുഴുവന്‍ വിഷയത്തിനും എ പ്ലസ് ലഭിച്ചു. മേപ്പയ്യൂര്‍ സ്‌കുളില്‍ 300 ന് മുകളില്‍ ഫുള്‍ എ പ്ലസു കാരുണ്ട്. അവർക്കുമുഴുവൻ അവിടെ പ്ലസ് വൺ പഠിക്കാനാവില്ല. ഇതിനു സമാനമാണ് മിക്ക സ്കൂളുകളിലെയും സ്ഥിതി.

ആറ് ബാച്ചുകളുള്ള ഹയർസെക്കൻഡറി സ്കൂളുകളിൽ 300 സീറ്റുകളാണുണ്ടാവുക. 20 ശതമാനം സീറ്റ് കൂട്ടിയാലും 360 പേർക്കേ പ്രവേശനം നൽകാനാവൂ. ഇതാണ് മുഴുവൻ എ പ്ലസുകാരെപ്പോലും സമ്മർദത്തിലാക്കുന്നത്.

കേന്ദ്രസിലബസിൽ പഠിച്ചെത്തുന്നവരും സംസ്ഥാന ഹയർസെക്കൻഡറിയിൽ പ്രവേശനം നേടാറുണ്ട്. അതുകൂടിയാകുമ്പോൾ മത്സരം കടുക്കും.

പ്ലസ് വൺ സീറ്റുകൾ 40,202

വി.എച്ച്.എസ്.ഇ. – 2610

ഐ.ടി.ഐ. – 3057

പോളി ടെക്‌നിക് – 485