കോഴിക്കോട് ജില്ലയില്‍ നാളെയും മറ്റന്നാളും കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കും


കോഴിക്കോട്: ജില്ലയില്‍ നാളെയും മറ്റന്നാളും കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കും. എല്ലാ തദ്ദേശസ്ഥാപനങ്ങളും നിലവില്‍ ഉള്ളതിനു പുറമേ 45 വയസ്സിനു മുകളിലുള്ളവര്‍ക്കായി ഒരു വാക്‌സിനേഷന്‍ കേന്ദ്രം കൂടി തയാറാക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം. ഇതോടെ പ്രതിദിനം 150 കേന്ദ്രങ്ങളില്‍ വാക്‌സിന്‍ വിതരണം ചെയ്യാമെന്നാണ് കരുതുന്നത്.

എല്ലാ വിഭാഗങ്ങളിലുമായി നാല്‍പതിനായിരത്തിലേറെ ഡോസുകള്‍ വിതരണം ചെയ്യാനാണു ലക്ഷ്യമിടുന്നത്. നിലവില്‍ 15000 ഡോസ് വാക്‌സീന്‍ ഡോസുകള്‍ സ്റ്റോക്ക് ഉണ്ട്. ഇന്ന് കൂടുതല്‍ വാക്‌സീന്‍ എത്തും. ചുരുക്കം കേന്ദ്രങ്ങളില്‍ മാത്രമേ ഇന്ന് വാക്‌സീന്‍ വിതരണം ചെയ്യൂ. കോവിന്‍ പോര്‍ട്ടല്‍ വഴി ബുക്ക് ചെയ്ത് വാക്‌സിനേഷന് എത്തിച്ചേരണമെന്നാണ് നിര്‍ദേശം.