കോഴിക്കോട് ജില്ലയില്‍ തിങ്കളാഴ്ച വരെ യെല്ലോ അലെര്‍ട്ട്; അറബിക്കടലിലെ ന്യൂനമര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് കനത്ത മഴയ്ക്ക് സാധ്യത


കോഴിക്കോട്: തെക്ക് കിഴക്കന്‍ അറബിക്കടലിലും മധ്യ കിഴക്കന്‍ അറബിക്കടലിലുമുള്ള ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമായി മാറി ഇന്ത്യന്‍ തീരത്ത് നിന്ന് അകന്ന് പോകാനും സാധ്യതയുണ്ട്.

കനത്ത മഴ പെയ്യുമെന്ന് പ്രവചിക്കപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ തിങ്കളാഴ്ച വരെ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകും.

കോഴിക്കോടിന് പുറമെ സംസ്ഥാനത്തെ മറ്റ് ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ചയും പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കും യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിലും സമീപത്തുള്ള സുമാത്ര തീരത്തുമായി ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. നവംബര്‍ ഒമ്പതിന് ഇത് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് കൂടുതല്‍ ശക്തിപ്രാപിച്ച് വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തമിഴ്നാടിന്റെ വടക്കന്‍ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.