കോഴിക്കോട് ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെടെ കടകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി


കോഴിക്കോട്: ജില്ലയിൽ തിങ്കളാഴ്ച മുതൽ കടകൾ തുറക്കുമെന്ന് വ്യാപാരികൾ. കണ്ടെയിൻമെന്റ് സോണുകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും സ്ഥാപനങ്ങൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീൻ പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനക്കണക്കി​ന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ കണ്ടെയ്​ൻമെൻറ്​ സോണുകൾ തീരുമാനിച്ചതോടെ ഭൂരിഭാഗം പ്രദേശങ്ങളിലും കടകൾ അടഞ്ഞുകിടക്കുന്ന സാഹചര്യമാണുള്ളത്.

കടകൾ തുറക്കാൻ അനുവദിക്കാത്തതിനാൽ കഴിഞ്ഞ മാസം കോഴിക്കോട് മിഠായിത്തെരുവിൽ വ്യാപാരികൾ പ്രതിഷേധിച്ചിരുന്നു. പിന്നീട് സർക്കാരുമായി നടത്തിയ ചർച്ചയിൽ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ കടകൾ തുറക്കാൻ അനുമതി നൽകുകയായിരുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്നലെ 32,097 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ 4334, എറണാകുളം 3768, കോഴിക്കോട് 3531, പാലക്കാട് 2998, കൊല്ലം 2908, മലപ്പുറം 2664, തിരുവനന്തപുരം 2440, കോട്ടയം 2121, ആലപ്പുഴ 1709, കണ്ണൂര്‍ 1626, പത്തനംതിട്ട 1267, ഇടുക്കി 1164, വയനാട് 1012, കാസര്‍ഗോഡ് 555 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ.