കോഴിക്കോട് ജില്ലയില്‍ വലിയ രീതിയിലുള്ള വാക്‌സിന്‍ ക്ഷാമമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


കോഴിക്കോട്: ജില്ലയില്‍ വലിയ രീതിയിലുള്ള വാക്‌സിന്‍ ക്ഷാമമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എം പീയുഷ്.

കോഴിക്കോട് ജില്ലയില്‍ നിലവില്‍ 107 ഇടങ്ങളില്‍ വാക്‌സിന്‍ നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്. നിലവില്‍ 34000 ഡോസ് വാക്‌സിന്‍ സ്റ്റോക്കുണ്ടെങ്കിലും പ്രതീക്ഷിച്ചതിലുമധികം ആളുകള്‍ എത്തുന്നതാണ് പ്രതിസന്ധിയാകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ആളുകള്‍ കൂട്ടത്തോടെ എത്തിയതിനാല്‍ മെഗാ വാക്‌സിനേഷന്‍ ക്യാംപ് നടക്കേണ്ടിയിരുന്ന കൊയിലാണ്ടി നഗരസഭാ പരിധിയിലെ ക്യാംപ് മാറ്റിവച്ചു. തിരക്കൊഴിവാക്കാന്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഒഴിവാക്കി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപ്പിലാക്കാന്‍ ആലോചിക്കുന്നതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.പീയുഷ് പറഞ്ഞു.

സംസ്ഥാനത്ത് തന്നെ കൂടുതല്‍ പരിശോധനകള്‍ നടത്തുന്ന ജില്ലയാണ് കോഴിക്കോട്. വരും ദിവസങ്ങളിലും കേസുകളുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. വാക്‌സിന്‍ ക്ഷാമം മറികടക്കാനായി മെഗാ ക്യാമ്പുകള്‍ക്ക് ഈ ഘട്ടത്തില്‍ പ്രാധാന്യം നല്‍കേണ്ടതില്ലെന്നാണ് നിലവിലെ ആലോചന.