കനത്തമഴയും കടൽക്ഷോഭവും, ചെങ്ങോട്ടുകാവിലും പാറപ്പള്ളിയിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; 52 പേർ ക്യാംപിൽ


കൊയിലാണ്ടി: മഴ കനക്കുകയും കടൽക്ഷോഭം രൂക്ഷമാകുകയും ചെയ്തതോടെ കൊയിലാണ്ടിയിൽ രണ്ടെണ്ണം ഉൾപ്പെടെ കോഴിക്കോട് ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോഴിക്കോട് താലൂക്കിലെ തോപ്പയിലും കൊയിലാണ്ടി താലൂക്കിലെ ചെങ്ങോട്ടുകാവിലും പാറപ്പള്ളിയിലുമാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത്.

തോപ്പയില്‍ കസബ വില്ലേജില്‍ ഏഴ് പേരാണ് അഭയം പ്രാപിച്ചത്. കൊയിലാണ്ടി താലൂക്കിലെ ചെങ്ങോട്ടുകാവിലെ ഏഴുകുടിക്കലിൽ നിന്ന് രണ്ട് കുടുംബങ്ങളിൽ നിന്നായി ആകെ എട്ട് പേരാണ് മാടാക്കര എൽ.പി സ്കൂളിലെ ക്യാമ്പിലേക്ക് താമസം മാറിയത്. വിയ്യൂർ വില്ലേജിൽ പാറപ്പള്ളിയിലാണ് ഏറ്റവും കൂടുതല്‍ ആളുകളെ ക്യാമ്പിലേക്ക് മാറ്റിയത്. ഏഴ് കുടുംബങ്ങളിൽ നിന്നായി 44 പേരാണ് ആകെ ക്യാമ്പുകളില്‍ താമസിക്കുന്നത്. അടുത്തുള്ള മദ്രസയിലാണ് ക്യാമ്പ് ഒരുക്കിയത്. ജില്ലയില്‍ ആകെ 60 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.

മഴക്കെടുതിയും കടലാക്രമണവും രൂക്ഷമായ സ്ഥലങ്ങളില്‍ നിന്നാണ് ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചത്.

പയ്യോളി, കൊയിലാണ്ടി, കാപ്പാട്, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കടലാക്രമണം രൂക്ഷമാണ് . കോവിഡ് വ്യാപന സാധ്യതയും വെല്ലുവിളിയായതിനാല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാണ് ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഇന്നലെ കാപ്പാട് കടല്‍ത്തീരത്ത് ശക്തമായ കടല്‍ക്ഷോഭം ഉണ്ടായിരുന്നു.