കോഴിക്കോട് ചെറൂപ്പയിൽ കോവിഷീൽഡ് വാക്സിൻ ഉപയോഗശൂന്യമായ സംഭവം; സ്റ്റാഫ് നഴ്സിനെതിരെ നടപടിക്ക് സാധ്യത


കോഴിക്കോട്: കോഴിക്കോട് ചെറൂപ്പയിൽ 830 ഡോസ് കോവിഷീൽഡ് വാക്സിൻ ഉപയോഗശൂന്യമായ സംഭവത്തിൽ സ്റ്റാഫ് നഴ്സിനെതിരെ നടപടിക്ക് സാധ്യത. വാക്സീൻ പാഴാകാൻ കാരണം സ്റ്റാഫ് നഴ്സിന്റെ അശ്രദ്ധയെന്ന് ഡിഎംഒ പറഞ്ഞു.

പ്രതിഷേധം കനത്തതോടെയാണ് ആരോഗ്യവകുപ്പ് നടപടിക്കൊരുങ്ങുന്നത്. കോൾഡ് ബോക്സിൽ സൂക്ഷിച്ചു വച്ചതുമൂലം വാക്സിൻ തണുത്തുറത്ത് കട്ടപിടിച്ചു പോവുകയായിരുന്നു.ചെറൂപ്പ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് 830 ഡോസ് കോവിഷീൽഡ് പാഴായത്. സ്റ്റാഫ് നഴ്സിന് വന്ന വീഴ്ചയാണ് വാക്സിൻ തണുത്തുറഞ്ഞ് പോകാൻ കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

വിശദമായ അന്വേഷണത്തിന് ശേഷം ആരോഗ്യ വകുപ്പ് നടപടിയെടുക്കുമെന്നും ഡിഎംഒ അറിയിച്ചു. വാക്സിൻ സൂക്ഷിക്കുന്നതിൽ ജാഗ്രത പുലർത്താൻ എല്ലാ ആരോഗ്യ കേന്ദ്രങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. രണ്ട് ഡിഗ്രിക്കും എട്ട് ഡിഗ്രിക്കും ഇടയിലാണ് കോവിഷീൽഡ് വാക്സിൻ സൂക്ഷിക്കേണ്ടത്. എട്ടുലക്ഷം രൂപയോളം വില വരുന്ന വാക്സിനാണ് പാഴായത്.