കോഴിക്കോട് കോവിഡ് രോഗിയുടെ മൃതദേഹം മാറി നൽകി സംസ്കരിച്ചു
കോഴിക്കോട്: കോവിഡ് ബാധിച്ച് മരിച്ച കുന്ദമംഗലം സ്വദേശിയുടെ മൃതദേഹത്തിനുപകരം കക്കോടി സ്വദേശിനിയുടെ മൃതദേഹം മാറിസംസ്കരിച്ചു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽനിന്ന് കഴിഞ്ഞദിവസം കുന്ദമംഗലം സ്വദേശി സുന്ദരന്റെ മൃതദേഹത്തിനുപകരം കക്കോടി സ്വദേശിനി കൗസല്യയുടെ മൃതദേഹമാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ആംബുലൻസ് ഡ്രൈവർ മൃതദേഹവുമായി കുന്ദമംഗലത്തെത്തി. തുടർന്ന് ബന്ധുക്കൾ കളരിക്കണ്ടി ശ്മശാനത്തിൽ സംസ്കാരവും നടത്തി.
അതേസമയം, കുന്ദമംഗലം സ്വദേശി സുന്ദരന്റെ മൃതദേഹം ഇപ്പോഴും മോർച്ചറിയിലുണ്ട്. കക്കോടി സ്വദേശിനിയുടെ മൃതദേഹത്തിനായി വെസ്റ്റ്ഹിൽ ശ്മശാനത്തിൽ കാത്തുനിന്ന സന്നദ്ധപ്രവർത്തകരും ബന്ധുക്കളും മൃതദേഹം എത്താത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഞായറാഴ്ച രാവിലെ 11 മണിയോടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയെന്ന വിവരം ലഭിച്ചത്. എന്നാൽ, വൈകീട്ട് മൂന്നുമണിയായിട്ടും മൃതദേഹം എത്താത്തതിനെത്തുടർന്ന് മെഡിക്കൽ കോളേജിൽ അന്വേഷിക്കുകയായിരുന്നു.
മോർച്ചറിയിൽ പരിശോധിച്ചപ്പോൾ കുന്ദമംഗലം സ്വദേശിയുടെ മൃതദേഹം അവിടെയുള്ളതായി മനസ്സിലായി. ഇതോടെ മൃതദേഹം മാറിസംസ്കരിച്ചതായി വ്യക്തമായി. വൈകീട്ട് പോലീസെത്തി കുന്ദമംഗലം സ്വദേശിയുടെ വീട്ടുകാരുമായി സംസാരിക്കുകയും മെഡിക്കൽ കോളേജ് അധികൃതരുമായി ബന്ധപ്പെടുകയും ചെയ്തു.
കോവിഡ് സ്ഥിരീകരിച്ച് കഴിഞ്ഞദിവസം രാത്രി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കക്കോടി സ്വദേശിനി കൗസല്യ ഞായറാഴ്ച പുലർച്ചെയാണ് മരിച്ചത്. കോവിഡ് ബാധിച്ച കുന്ദമംഗലം സ്വദേശി സുന്ദരനെ ശനിയാഴ്ച വൈകീട്ടോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.