കോഴിക്കോട് കൊടും ക്രിമിനലിനെ പിടിക്കാനെത്തിയ പൊലീസുകാരെ ഗുണ്ടകള്‍ വളഞ്ഞിട്ട് തല്ലി; ഒരു ഉദ്യോഗസ്ഥന്റെ നില ഗുരുതരം


കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്തിനടുത്ത് എരിമലയില്‍ പിടികിട്ടാപ്പുള്ളിയെ പിടികൂടാന്‍ പോയ പോലീസിനു നേരെ ആക്രമണം. പ്രതിയുടേയും കൂട്ടാളികളുടേയും ആക്രമണത്തില്‍ ആറ് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പിടികൂടിയ പ്രതി ടിങ്കുവിനെ മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനിലെത്തിച്ചു.

വിവിധ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി കേസുകളിലെ പ്രതിയാണ് ടിങ്കു. ഇയാളുടെ പേരില്‍ വാറന്റ് നിലവിലുണ്ട്. ഇതുപ്രകാരം പിടികൂടാന്‍ എത്തിയപ്പോഴാണ് പോലീസുകാരെ പ്രതിയും സംഘവും ചേര്‍ന്ന് ആക്രമിച്ചത്.

ഇയാളെ പിന്നീട് പോലീസ് സ്‌റ്റേഷനിലെത്തിച്ചു. അതിനുശേഷം വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ടിങ്കു സമീപത്തെ ഒരു കാറിന്റെ മുകളില്‍ കയറി ഭീഷണി മുഴക്കി. പോലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ കീഴടക്കുകയായിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.