കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് ഒഴിപ്പിക്കൽ ഉടനില്ല; അറ്റകുറ്റപ്പണിയും വൈകും
കോഴിക്കോട്: ചെന്നൈ ഐഐടി ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയ കോഴിക്കോട്ടെ കെഎസ്ആര്‍ടിസി ടെര്‍മിനലില്‍നിന്ന് തിടുക്കപ്പെട്ട് ബസ് സ്റ്റാന്‍ഡ് ഒഴിപ്പിക്കേണ്ടെന്ന് തീരുമാനം. നഗരത്തില്‍തന്നെ ബസ് നിര്‍ത്തിയിടാന്‍ സൗകര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കും. ഇന്നലെ ഗതാഗത മന്ത്രിയും കെഎസ്ആര്‍ടിസി ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
കെട്ടിടം അലിഫ് ബില്‍ഡേഴ്സിന് കൈമാറിയതിന് പിന്നാലെ ബലക്ഷയം സംബന്ധിച്ച റിപ്പോര്‍ട്ട് വന്നതില്‍ ദുരൂഹതയുണ്ടെന്നായിരുന്നു ആക്ഷേപം. ബസ് സ്റ്റാന്‍ഡ് കൂടി ഒഴിപ്പിച്ച് കെട്ടിടം പൂര്‍ണമായും കമ്പനിക്ക് കൊടുക്കാനുള്ള തന്ത്രമാണെന്നാണ് ഭരണകക്ഷി തൊഴിലാളി യൂണിയന്‍ പോലും ആരോപിച്ചത്. ഇതോടെയാണ് തിടുക്കപ്പെട്ട് ബസ് സ്റ്റാന്‍ഡ് മാറ്റലും കെട്ടിടം ബലപ്പെടുത്തലും വേണ്ടെന്ന് തീരുമാനിച്ചത്.
അറ്റകുറ്റപ്പണി നടക്കുമ്പോള്‍ ബസ് സ്റ്റാന്‍ഡ് എട്ടുകിലോമീറ്റര്‍ അകലെ കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള പാവങ്ങാട്ടേക്ക് മാറ്റണമെന്നായിരുന്നു ആദ്യ നിര്‍ദേശം. എന്നാല്‍ ഇത്രയും ദൂരം ബസുകള്‍ അധികമായി ഓടുന്നത് വന്‍സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. ഈ സാഹചര്യത്തിലാണ് നഗരത്തിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡുകള്‍ ഉള്‍പ്പെടെ ഏതെങ്കിലും സ്ഥലം തല്‍ക്കാലത്തേക്ക് അനുവദിച്ചു കിട്ടാന്‍ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കുന്നത്.
സൗകര്യമായ സ്ഥലം കിട്ടുന്നില്ലെങ്കില്‍ നടക്കാവിലെ റീജണല്‍ വര്‍ക്‌ഷോപ്പ് ഒഴിപ്പിച്ച് അവിടെ ബസിടുന്ന കാര്യവും ആലോചിക്കുന്നുണ്ട്. തൊഴിലാളി യൂണിയനുകളുമായി ആലോചിച്ച് ഉചിതമായ സ്ഥലം കണ്ടെത്തി അറിയിക്കാന്‍ ഡിടിഒയ്ക്ക് എംഡി നിര്‍ദേശം നൽകി. ചെന്നൈ ഐഐടിയുടെ റിപ്പോര്‍ട്ടില്‍ സംശയിക്കേണ്ട കാര്യമില്ലെങ്കിലും തിടുക്കപ്പെട്ട് അറ്റകുറ്റപ്പണി തുടങ്ങേണ്ട സാഹചര്യമില്ലെന്നാണ് പൊതുവെ ഉയര്‍ന്ന അഭിപ്രായം.
അന്നത്തെ കരാറുകാരില്‍ നിന്നോ രൂപകല്‍പന ചെയ്തവരില്‍ നിന്നോ നഷ്ടം ഈടാക്കണമെന്ന നിര്‍ദേശത്തിലും അന്തിമ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ അവരില്‍നിന്നുതന്നെ നഷ്ടം ഈടാക്കണമെന്നും അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ തുടങ്ങണമെന്നുമാണ് കെട്ടിടത്തിന്റെ ചുമതലയുള്ള കെടിഡിഎഫ്‌സിയുടെ നിലപാട്.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.