കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന്റെ നിര്‍മാണത്തില്‍ ഗുരുതര പിഴവെന്ന് വിജിലന്‍സിന്റെ കണ്ടെത്തല്‍


കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന്റെ നിര്‍മാണത്തില്‍ ഗുരുതരമായ പോരായ്മകളുണ്ടെന്ന് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഒരാഴ്ചയ്ക്കകം തന്നെ ഇതുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാകുമെന്നും വിജിലന്‍സ് അറിയിച്ചു.

കോഴിക്കോട് ബസ് ടെര്‍മിനല്‍ നിര്‍മാണത്തില്‍ പാലാരിവട്ടം പാലം മോഡല്‍ അഴിമതി നടന്നോയെന്ന അന്വേഷണമാണ് നടക്കുന്നത്. അങ്കമാലി ബസ് ടെര്‍മിനല്‍ നിര്‍മിച്ച അതേ കരാറുകാര്‍ തന്നെയാണ് കോഴിക്കോട് ബസ് ടെര്‍മിനലും നിര്‍മിച്ചത്. കെ.ടി.ഡി.എഫ്.സി ഉദ്യോഗസ്ഥരുടെ ഇടപെടലിലൂടെയാണ് ഇയാള്‍ക്ക് തന്നെ കരാര്‍ കിട്ടിയതെന്ന ആക്ഷേപം അന്നേ ഉയര്‍ന്നിരുന്നു. ടെന്‍ഡര്‍ നടപടികള്‍ മുതല്‍ അഴിമതി നടന്നുവെന്ന സംശയത്തിലാണ് വിജിലന്‍സ്.

കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്ന മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോര്‍ട്ടു കൂടി വന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. അതിനിടെ, കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഇവിടെ നിന്നും ബസുകള്‍ മാറ്റാന്‍ ഗതാഗതമന്ത്രി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതുവരെ ബസുകള്‍ മാറ്റിയിട്ടില്ല.

3,70,244 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടം 75 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചത്. 2009ല്‍ ആരംഭിച്ച നിര്‍മാണം 2015ലാണ് പൂര്‍ത്തിയായത്. ബൃഹത്തായ കെട്ടിടത്തില്‍ പല മുറികളും വാടകയ്ക്ക് കൊടുക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ വര്‍ഷങ്ങളോളം ഈ മുറികള്‍ കാലിയായി തന്നെ തുടര്‍ന്നു. 2021 ഫെബ്രുവരി 17ലെ മന്ത്രിസഭായോഗം അംഗീകരിച്ച വ്യവസ്ഥകള്‍ പ്രകാരമാണ് 30 വര്‍ഷത്തെ കരാറിന് ആലിഫ് ബില്‍ഡേഴ്‌സിന് കെട്ടിടം നടത്തിപ്പിനായി നല്‍കിയത്.