കോഴിക്കോട് കെ.എസ്.ആര്‍.ടി.സി വാണിജ്യ സമുച്ചയം അപകട ഭീഷണയില്‍; അടിയന്തരമായി ബലപ്പെടുത്തണമെന്ന് മദ്രാസ് ഐഐടി റിപ്പോര്‍ട്ട്


കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി വാണിജ്യ സമുച്ചയം അപകട ഭീഷണയില്‍. കെട്ടിടം അടിയന്തരമായി ബലപ്പെടുത്തണമെന്ന് മദ്രാസ് ഐ ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടം നവീകരിക്കുന്നതിനായി ബസ് സ്റ്റാന്‍ഡ് മാറ്റാനുള്ള ആലോചനിയിലാണ് അധികൃതര്‍. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് കെഎസ്ആര്‍ടിസി വാണിജ്യ സമുച്ചയം അലിഫ് ബില്‍ഡേഴ്‌സിന് നടത്തിപ്പിനായി വിട്ടുനല്‍കിയത്.

ഈ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നും കെട്ടിടം അപകട ഭീഷണി നേരിടുന്നുണ്ടെന്നുമാണ് മദ്രാസ് ഐ ഐടി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ നിര്‍മ്മിച്ചിരിക്കുന്ന രീതിയില്‍ കെട്ടിടം ഉപയോഗിക്കാന്‍ സാധ്യമല്ലെന്നും കെട്ടിടം നവീകരിക്കണമെന്നും ഉദ്ഘാടന സമയത്ത് മന്ത്രി അടക്കമുള്ളവര്‍ പറഞ്ഞിരുന്നു.

പക്ഷെ കെട്ടിടത്തിന് ബലക്ഷയം ഉള്ളതായി ആരും അന്ന് പറഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ഇപ്പോള്‍ സമുച്ചയം അപകട ഭീഷണയിലാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

മാവൂര്‍ റോഡില്‍ കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലത്ത് കെ.ടി.ഡി.എഫ്.സിയാണ്് ടെര്‍മിനല്‍ കോംപ്ലക്‌സ് നിര്‍മ്മിച്ചത്. 3,70,244 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടം 75 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചത്. 2009ല്‍ ആരംഭിച്ച നിര്‍മാണം 2015ലാണ് പൂര്‍ത്തിയായത്. ബൃഹത്തായ കെട്ടിടത്തില്‍ പല മുറികളും വാടകയ്ക്ക് കൊടുക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ വര്‍ഷങ്ങളോളം ഈ മുറികള്‍ കാലിയായി തന്നെ തുടര്‍ന്നു. 2021 ഫെബ്രുവരി 17ലെ മന്ത്രിസഭായോഗം അംഗീകരിച്ച വ്യവസ്ഥകള്‍ പ്രകാരമാണ് 30 വര്‍ഷത്തെ കരാറിന് ആലിഫ് ബില്‍ഡേഴ്‌സിന് കെട്ടിടം നടത്തിപ്പിനായി നല്‍കിയത്.

സമുച്ചയം പൂര്‍ത്തിയായതിനു പിന്നാലെ തന്നെ നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി പരാതികളും ഉയര്‍ന്നു. തുടര്‍ന്ന് ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുളള്ളത്. ബലക്ഷയം പരിഹരിക്കാന്‍ ഏതാണ്ട് 30 കോടിയോളം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.