കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലില്‍നിന്ന് ഇനി പൊതുജനങ്ങള്‍ക്കും ഇന്ധനം നിറക്കാം
കോഴിക്കോട്: മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സി. ടെര്‍മിനലില്‍നിന്ന് ഇനി പൊതുജനങ്ങള്‍ക്കും ഇന്ധനം നിറക്കാം. കെ.എസ്ആര്‍.ടി.സിയുടെ ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖല എണ്ണ കമ്പനികളുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ ‘യാത്ര ഫ്യുവല്‍സി’ന്റെ കോഴിക്കോട് പെട്രോള്‍ ഔട്ട്‌ലെറ്റ് ഉദ്ഘാടനം പൊതുമരാമത്തു മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.
പുതിയ കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ക്ക് വിധേയമായി മുന്നോട്ട് പോകുന്ന നിലപാടാണ് കെ.എസ്.ആര്‍.ടി.സിയില്‍ സ്വീകരിച്ചു വരുന്നതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ ആശ്രയ കേന്ദ്രമാവുകയാണ് കെ.എസ്.ആര്‍.ടി.സി ലാഭം ലക്ഷ്യമാക്കിയല്ല ഇവ സര്‍വ്വീസ് നടത്തുന്നത്. യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ യാത്ര നല്‍കലാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് കെ. എസ്.ആര്‍.ടി.സി ഇന്ധന ഔട്ട്ലെറ്റുകള്‍ ആരംഭിക്കുന്നത്. തുടക്കത്തില്‍ രാവിലെ ആറുമുതല്‍ രാത്രി പത്തുവരെയാണ് പ്രവര്‍ത്തന സമയം. പിന്നീട് 24 മണിക്കൂറാക്കും. ഡീസലിന് പുറമെ പെട്രോളും പൊതുജനങ്ങള്‍ക്ക് ഈ ഔട്ട്‌ലെറ്റ് വഴി ലഭ്യമാകും. ഭാവിയില്‍ ഹരിത ഇന്ധനങ്ങളായ എല്‍എന്‍ജി, സിഎന്‍ജി, ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് സെന്റര്‍ തുടങ്ങിയവും ഔട്ട്‌ലെറ്റില്‍ ലഭ്യമാകും.
കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി.ദിവാകരന്‍, കെ.ടി.സെബി, പി.കെ. രാജേന്ദ്ര, വി.മനോജ് കുമാര്‍, കെ.പി. പ്രകാശ് ചന്ദ്ര, ബി.അരുണ്‍ കുമാര്‍, കെ. മുഹമ്മദ് സഫറുള്ള, സി.എ. പ്രമോദ് കുമാര്‍, പ്രവീണ്‍, എ.എസ്. പ്രബീഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.