കോഴിക്കോട് കൂട്ടബലാത്സംഗം: ചേവരമ്പലത്തെ ഫ്‌ളാറ്റിന്റെ പ്രവര്‍ത്തനത്തില്‍ ദുരൂഹത; ഒരുമാസത്തിനിടെ മുറിയെടുത്തത് വിദ്യാര്‍ഥികളടക്കം നൂറോളം പേര്‍


കോഴിക്കോട്: കൂട്ടബലാത്സംഗം നടന്ന കോഴിക്കോട് ചേവരമ്പലം രാരുക്കിട്ടി ഫ്‌ളാറ്റ് പൊലീസ് അടച്ചുപൂട്ടി. ഫ്‌ളാറ്റിന്റെ പ്രവര്‍ത്തനത്തില്‍ ദുരൂഹതയുണ്ടെന്ന് കണ്ടാണ് നടപടി.

പ്രതികളുമായി തെളിവെടുപ്പിന് ഫ്‌ളാറ്റിലെത്തിയ പൊലീസ് അവിടുത്തെ രജിസ്റ്റര്‍ പരിശോധിച്ചിരുന്നു. ഒരുമാസത്തിനിടെ നൂറോളം പേര്‍ ഫ്‌ളാറ്റില്‍ മുറിയെടുത്തിട്ടുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. ഇതില്‍ വിദ്യാര്‍ഥികളടക്കമുണ്ടെന്നാണ് വിവരം. ഇതേത്തുടര്‍ന്നാണ് ഫ്‌ളാറ്റ് അടച്ചുപൂട്ടിയത്.

കൊല്ലം സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രധാന പ്രതികളായ നാലുപേരെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. അത്തോളി സ്വദേശികളായ നിജാസ്, ശുഹൈബ്, കെ.എ അജ്‌നാസ്, ഇടത്തില്‍ താഴംനെടുവില്‍ പൊയില്‍ എന്‍.പി വീട്ടില്‍ ഫഹദ് എന്നിവരെയാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി പൊലീസ് അറസ്റ്റു ചെയ്തത്. ടിക് ടോക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയെ പ്രണയം നടിച്ച് അജിനാസ് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

ബുധനാഴ്ച ട്രെയിനില്‍ കോഴിക്കോട്ടെത്തിയ യുവതിയെ അജിനാസും ഫഹദും കൂടി ഫഹദിന്റെ കാറില്‍ ഫ്‌ളാറ്റിലെത്തിക്കുകയും ആദ്യം അജിനാസും പിന്നീട് കൂട്ടുപ്രതികളും ബലാത്സംഗം ചെയ്യുകയായിരുന്നു.

ക്രൂരപീഡനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ച രണ്ടുപേരെ അറസ്റ്റു ചെയ്തിരുന്നു. ഒളിവിലായിരുന്ന മറ്റു രണ്ടുപേരെ ശനിയാഴ്ചയും അറസ്റ്റു ചെയ്തു.