കോഴിക്കോട് കുഞ്ഞുങ്ങളില്‍ കോവിഡിന്റേതിനു സമാനമായ ലക്ഷണങ്ങളുള്ള ആര്‍.എസ്.വി രോഗം; ആരോഗ്യവകുപ്പ് നടപടി തുടങ്ങി


കോഴിക്കോട്: ജില്ലയില്‍ കുട്ടികളില്‍ വൈറസ് രോഗമായ ആര്‍.എസ്.വി (റെസ്പിറേറ്ററി സിന്‍സിഷ്യല്‍ വൈറസ്) സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുട്ടികളില്‍ ചുരുക്കമായി ഈ രോഗം മുമ്പും കാണാറുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.ജയശ്രീ അറിയിച്ചു. ഇപ്പോള്‍ കൂടുതലായി കണ്ടതിനെക്കുറിച്ച് ആരോഗ്യവകുപ്പ് പഠിക്കും.

കോവിഡിന്റേതിനു സമാനമായ ലക്ഷണങ്ങളുള്ള വൈറസ് രോഗമായ ആര്‍.എസ്.വി പകരാവുന്ന രോഗമായതിനാല്‍ ജാഗ്രത പുലര്‍ത്തണമെനനും ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഡോ. വി.ജയശ്രീ പറഞ്ഞു.

സ്വകാര്യ ആശുപത്രിയില്‍ നാലു മാസത്തിനിടെ പരിശോധനനടത്തിയ 55 കുട്ടികളില്‍ 24 പേര്‍ക്കാണ് ആര്‍.എസ്.വി രോഗം സ്ഥിരീകരിച്ചത്. നിലവില്‍ നാലുപേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. രോഗം കൂടുതലായി കാണുന്ന സാഹചര്യത്തില്‍ രോഗികളുടെ ലിസ്റ്റ് പരിശോധിച്ച് പ്രാദേശികമായ കാരണങ്ങളുണ്ടോ എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ് അധികൃതര്‍ വിലയിരുത്തിവരികയാണ്.

18 മാസത്തില്‍ താഴെയുള്ള കുട്ടികളിലാണ് കൂടുതലായി രോഗം പ്രകടമാവുന്നത്. ശ്വാസതടസ്സം, മൂക്കൊലിപ്പ്, പനി, കഫം, വലിവ് എന്നിവയാണ് ലക്ഷണങ്ങള്‍. ചില കുഞ്ഞുങ്ങളില്‍ ന്യുമോണിയയുടേതുപോലുള്ള ലക്ഷണങ്ങളും പ്രകടമാവും.

അതിവേഗം പകരുന്ന രോഗമായതിനാല്‍ ഐസൊലേഷന്‍ വേണ്ടിവരും. രോഗബാധയെത്തുടര്‍ന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സതേടിയ കുഞ്ഞുങ്ങളില്‍ ആറുപേര്‍ക്ക് വെന്റിലേറ്റര്‍ സപ്പോര്‍ട്ട് നല്‍കേണ്ടിവന്നു. ആന്റിജന്‍ ടെസ്റ്റ്, മോളിക്യുലര്‍ ടെസ്റ്റിങ്, വൈറല്‍ കള്‍ച്ചര്‍ തുടങ്ങിയവയിലൂടെയാണ് രോഗനിര്‍ണയം നടത്തുന്നത്. റാപ്പിഡ് ടെസ്റ്റുമുണ്ട്. ഈ രോഗത്തിന് രണ്ട് അംഗീകൃത മരുന്നുകളുണ്ട്.