കോഴിക്കോട് കാട്ടുപന്നി അക്രമം രൂക്ഷമാവുന്നു; ഇന്നലെ കട്ടിപ്പാറയിൽ പരുക്കേറ്റത് മൂന്ന് പേര്‍ക്ക്
കട്ടിപ്പാറ: വീണ്ടും കാട്ടുപന്നി ആക്രമണം. കോഴിക്കോട് കട്ടിപ്പാറയിലാണ് ഇന്നലെ മൂന്നു പേരെ കാട്ടുപന്നി ആക്രമിച്ചത്. ആക്രമണത്തിൽ മൂന്നു പേർക്കും പരുക്കേറ്റു. അസ്സൈനാര്‍ ഹാജി, കെ ആമിന, ലത്തീഫ് എന്നിവർക്കാണ് പരുക്ക്.
ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടുപന്നികളാണ് ആളുകളെ അക്രമിച്ചത്. കട്ടിപ്പാറ, കരിഞ്ചോല പ്രദേശങ്ങളിലായിരുന്നു കാട്ടുപന്നികളുടെ പരാക്രമം നടന്നത്. രാവിലെ ഏകദേശം പതിനൊന്നു മണിയോടെ വീടിന്‍റെ വരാന്തയിലിരിക്കുകയായിരുന്ന അസ്സൈനാര്‍ ഹാജിയെ പന്നി കുത്തി വീഴ്ത്തി. അദ്ദേഹത്തിൻറെ ഇരുകൈകള്‍ക്കും ഗുരുതരമായി പരുക്കേറ്റു. വെട്ടി ഒഴിഞ്ഞതോട്ടം ലത്തീഫ്, വേണാടി സ്വദേശി കെ ആമിന എന്നിവരെയും കാട്ടുപന്നി ആക്രമിച്ചു. ഇരുവര്‍ക്കും പരുക്കുകളുണ്ട്.
കാട്ടുപന്നികളുടെ ആക്രമണത്തില്‍ നിന്ന് ഇന്നലെ പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ച് അധികനാളാവുന്നതിനു മുൻപാണ് ഈ അക്രമം. പന്നികൾ കാരണം തങ്ങൾ വലയുകയാണെന്നും ഇവയെ ഭയന്ന് വീടിനു പുറത്തിറങ്ങാന്‍ പോലും സാധിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നു. പന്നികളെ തുരത്താന്‍ വനം വകുപ്പ് ഉടനടി നടപടി എടുക്കണമെന്നാണ് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.