കോഴിക്കോട് കളക്ടറുടെ കാറിന്റെ ചില്ല്‌ തകർത്ത യുവാവ് അറസ്റ്റിൽ


കോഴിക്കോട്: കളക്ട‌റേറ്റിലെ പോർച്ചിൽ നിർത്തിയിട്ട കളക്ടർ ഡോ.എസ്.സാംബശിവ റാവുവിന്റെ ഔദ്യോഗിക വാഹനത്തിന്റെ ചില്ലുകൾ തകർത്ത യുവാവ് അറസ്റ്റിൽ. വ്യാഴാഴ്ച രാവിലെ കളക്ടർ കാറിൽ നിന്നിറങ്ങി ഓഫീസിലെത്തിയപ്പോഴായിരുന്നു സംഭവം.

ചില്ലുതകർത്ത പുതിയങ്ങാടി എടക്കാട് സ്വദേശിയായ നാൽപ്പത്തിരണ്ടുകാരനെ നടക്കാവ് പോലീസാണ് അറസ്റ്റുചെയ്തത്. ഇയാൾ നേരത്തേ മാനസിക രോഗത്തിന് ചികിത്സതേടിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്കുശേഷം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

സംഭവത്തിൽ പോലീസ് കേസെടുത്തു. മാവോവാദി അനുകൂല മുദ്രാവാക്യം വിളിച്ച്‌ കളക്ട‌റേറ്റിലെത്തിയ യുവാവ് വോട്ടർപട്ടികയിൽ കൃത്രിമമുണ്ടെന്നു പറഞ്ഞ് കാറിന്റെ മുൻഭാഗത്തെയും വശങ്ങളിലെയും ചില്ലുകൾ തകർക്കുകയായിരുന്നു. എ.ഡി.എമ്മിന്റെ വാഹനം തകർക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും കളക്ടറേറ്റ് ജീവനക്കാരും ചേർന്ന് കീഴ്‌പ്പെടുത്തി.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുൻകരുതൽപട്ടികയിൽ ഉൾപ്പെട്ടയാളാണിയാൾ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എടക്കാട് സ്കൂളിലെ ബൂത്തിൽ വോട്ടിങ് യന്ത്രം എറിഞ്ഞുതകർത്ത കേസിൽ അറസ്റ്റിലായിരുന്നു. പുതിയങ്ങാടിയിലെ സ്വകാര്യ പെട്രോൾ ബങ്കിൽ നിർത്തിയിട്ട ലോറിയുടെയും ബങ്കിന്റെയും ചില്ല് തകർത്ത കേസിലും പിടിയിലായിരുന്നു.