കോഴിക്കോട് ആശങ്കയുയര്‍ത്തി കൊവിഡ്; റാപിഡ് റസ്പോൺസ് ടീമുകളുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ നടപടികളുമായി ജില്ലാ ഭരണകൂടം
കോഴിക്കോട്: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ റാപിഡ് റസ്പോൺസ് ടീമുകളുടെ പ്രവർത്തനം ശക്തമാക്കാനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം. ഇതു സംബന്ധിച്ച് കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി മാർഗ നിർദേശങ്ങൾ നൽകി. തദ്ദേശസ്ഥാപനങ്ങൾ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) ശക്തിപ്പെടുത്തണം. അങ്കണവാടി വർക്കർ, ഹെൽപർ എന്നിവരെ നിർബന്ധമായും ആർആർടിയിൽ ഉൾപ്പെടുത്തണം.
കോവിഡ് പോസിറ്റീവ് ആയവരുടെ സമ്പർക്കത്തിൽപെട്ടവരെ കണ്ടെത്തൽ, ക്വാറന്റീനിലുള്ളവരുടെ ലക്ഷണങ്ങൾ നിരീക്ഷിക്കൽ, ബോധവൽക്കരണ പരിപാടികൾ എന്നിവ ഇവരുടെ ചുമതലയാണ്. ഇവരെക്കൂടാതെ ആശ വർക്കർ, കുടുംബശ്രീ പ്രവർത്തകർ, വാർഡ് അംഗം, സന്നദ്ധ പ്രവർത്തകർ എന്നിവരും ടീമിൽ ഉണ്ടാകണം. ഓരോ ദിവസവും ലഭ്യമാവുന്ന പോസിറ്റീവ് കേസുകളുടെ വിശദാംശങ്ങൾ അതതു സമയം തന്നെ ഹെൽത്ത് ഇൻസ്പെക്ടർ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് നൽകണം. തദ്ദേശസ്ഥാപന കൺട്രോൾ റൂമുകൾ 1:10 അനുപാതത്തിൽ സമ്പർക്ക പട്ടിക തയാറാക്കി വൈകിട്ട് 6ന് അകം ജാഗ്രത പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.
ടിപിആർ 20 കടന്നു
ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരിടവേളയ്ക്കു ശേഷം 20നു മുകളിലെത്തി. ഇന്നലെ 2335 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 20.12 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 11894 പേരെയാണു പരിശോധിച്ചത്. 2472 പേർ രോഗമുക്തി നേടിയതോടെ ജില്ലയിൽ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളവരുടെ എണ്ണം 25112 ആയി.
40000 ഡോസ് വാക്സീൻ എത്തി
ജില്ലയിൽ ഇന്നലെ 40000 ഡോസ് വാക്സീൻ കൂടിയെത്തി. 25000 ഡോസ് കോവിഷീൽഡും 15000 ഡോസ് കോവാക്സിനുമാണ് എത്തിയത്. ഇന്ന് കുറച്ചു കേന്ദ്രങ്ങളിൽ വാക്സിനേഷൻ ഉണ്ടാകും. നാളെ ആരോഗ്യവകുപ്പിന്റെ എല്ലാ കേന്ദ്രങ്ങളിലും വാക്സീൻ വിതരണം ചെയ്യും. 60 വയസ്സിനു മുകളിലുള്ളവർക്കു മാത്രമാണു വാക്സീൻ നൽകുന്നത്. ജില്ലയിൽ 60 വയസ്സിനു മുകളിലുള്ള 70000 പേർക്കു കൂടി ഇനി ആദ്യ ഡോസ് വാക്സീൻ നൽകാനുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഈ വിഭാഗത്തിൽപെടുന്നവർക്കു വാക്സീൻ ലഭിക്കാനുണ്ടെങ്കിൽ ആശാപ്രവർത്തകരുമായി ബന്ധപ്പെടണം. ഓൺലൈനിൽ വളരെക്കുറച്ചു സ്ലോട്ടുകൾ മാത്രമേ ഉണ്ടാകൂ.