കോഴിക്കോട്ട് റൂറല്‍ ജില്ലാപോലീസ് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു


വടകര: കോഴിക്കോട് റൂറല്‍ ജില്ലാപോലീസ് പരിധിയിലെ വടകര,നാദാപുരം,വളയം,കുറ്റ്യാടി,പേരാമ്പ്ര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വോട്ടെണ്ണലിന് മുന്നോടിയായി കളക്ടര്‍ 144 പ്രഖ്യാപിച്ചു. ചൊവാഴ്ച്ച വൈകീട്ട് 6 മുതല്‍ നിരോധനാജ്ഞ നിലവില്‍ വന്നു. വ്യാഴാഴ്ച വൈകീട്ട് 6 വരെ 48 മണിക്കൂറാണ് നിരോധനാജ്ഞ.

വോട്ടെടുപ്പ് ദിവസമുണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്നാണ് നടപടി.അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടി നില്‍ക്കുന്നതും പ്രകടനങ്ങളോ പൊതുയോഗങ്ങളോ നടത്തുന്നതും ക്രമസമധാനത്തിനെതിരെ പ്രവര്‍ത്തിക്കുന്നതും നിരോധിച്ചു. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 500 മീറ്റര്‍ ചുറ്റളവില്‍ സ്ഥാനാര്‍ത്ഥികളും ഏജന്റുമാരും കൂട്ടം കൂടരുത്. ആഹ്ലാദപ്രകടനങ്ങളില്‍ 20 ല്‍ കൂടുതല്‍ ആളുകളുണ്ടാവരുത്.

ജില്ലയിലെ 14 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ശക്തമായ സുരക്ഷാക്രമീകരണം ഒരുക്കിയതായി റൂറല്‍ എസ്.പി ഡോ.എ.ശ്രീനിവാസ് അറിയിച്ചു. ഡിവൈഎസ്പിമാര്‍,24 ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 1200 ഓളം പോലീസുകാരാണ് കാവലിനുളളത്.കൂടാതെ തണ്ടര്‍ബോള്‍ട്ട്,സായുധസേനാ വിഭാഗങ്ങളിലെ 200 ഓളം പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.